മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ ആഴ്ചകളായി പടര്‍ന്നുപിടിച്ചിരിക്കുന്ന ഡെങ്കിപ്പനിക്ക് ശമനമില്ല. കഴിഞ്ഞ ദിവസവും നിരവധിപേര്‍ ഡെങ്കിപ്പനിക്ക് വിവിധ ആശുപത്രികളില്‍ ചികിത്സതേടി. നഗരസഭാ പരിധിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നഗരസഭ കാണിക്കുന്ന കടുത്ത അനാസ്ഥയാണ് കൊതുകുകള്‍ പെരുകുന്നതിനും പനി അനിയന്ത്രിതമായി പടരുന്നും കാരണമായിരിക്കുന്നത്. ഒരുഘട്ടത്തില്‍ നിയന്ത്രണ വിധേയമായ ഡങ്കിപ്പനി വീണ്ടും പടര്‍ന്നുപിടിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത് മട്ടന്നൂര്‍ നഗരത്തിലെ വ്യാപാര സമുച്ചയങ്ങള്ക്കിടയിലും പൊതു സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ യഥാസമയം നീക്കംചെയ്യാത്തതാണ്.
അതേസമയം നഗരത്തില്‍ വീണ്ടും ഡങ്കിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. തലശ്ശേരി റോഡില്‍ നിര്‍മ്മാണം തുടങ്ങി ഇപ്പോള്‍ പ്രവൃത്തികളൊന്നും നടക്കാത്ത കെട്ടിടത്തിന്റെ ഉടമയ്ക്കും ആയുര്‍ ഹെറിറ്റേജ് ഉടമയ്ക്കും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നോട്ടീസ് നല്കി. നെല്ലൂന്നിയില്‍ ഒരു വീടിന് നോട്ടീസ് പതിച്ചു നല്‍കിയിട്ടുണ്ട്. ത്യപ്തികരമല്ലാത്ത പക്ഷം അടുത്ത ഘട്ടം മുതല്‍ നഗരസഭയുടെ നിയമനടപടി ആയിരിക്കുമെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. പോലീസ് ക്വാര്‍ട്ടേഴ്സിനു പിറകില്‍ ഇല്ല്യാസ് ഹാജി, ഇസ്മായില്‍ എന്നിവരുടെ ഉടമസ്ഥതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന രണ്ട് വ്യാപാര സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാന്‍ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെ വിവിധ വ്യാപാര സമുച്ചയങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയപ്പോഴും ഡങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളെ കണ്ടെത്തി. പോലീസ് ക്വാര്‍ട്ടേഴ്സിന് പിറകിലുള്ള വ്യാപാര സമുച്ചയങ്ങളുടെ ഗ്രൗണ്ട് ഫ്ലോറിലെ 12 ടാങ്കുകളില്‍ മലിനജലവും കൊതുകു ലാര്‍വ്വകളും കണ്ടെത്തിയിരുന്നു. നിരവധി അന്വ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ മലമ്പനി കൊതുകുകളേയും കണ്ടെത്തിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഈഡിസ് കൊതുക് വളരാനുള്ള സാഹചര്യമുള്ളതായും ആരോഗ്യ വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഈഡിസ് കൊതുകുകള്‍ പെരുകുവാന്‍ സാഹചര്യം സൃഷ്ടിക്കപ്പെട്ട 25 ഓളം വീടുകള്‍ക്കും സ്ഥാപനക്കള്ക്കുമായി ആരോഗ്യ വകുപ്പ് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടരെ ബോധവല്‍ക്കരണവും ശുചീകരണവും തുടരുന്ന വേളയിലും പല മേഖലയിലും കൊതുകുകള്‍ പെരുകുവാന്‍ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്നത് ആരോഗ്യ വകുപ്പിനെ അലോസരപ്പെടുത്തുകയാണ്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും മട്ടന്നൂരില്‍ പതിവാകുകയാണ്. കോളാരി വില്ലേജ് ഓഫീസിന് സമീപം പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പോലീസ് കേസ്സെടുത്തിരുന്നു. വാഴാന്തോടും തലശ്ശേരി റോഡിലെ ഒരു ജ്വല്ലറിക്കു സമീപവും കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കത്തിച്ചപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് അണപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച മട്ടന്നൂരില്‍ രണ്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. തലശ്ശേരി റോഡിലുള്ളവര്ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ ഡങ്കി റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇപ്പോള്‍ നഗരത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ക്കാണ് സ്ഥിരീകരണം.ഡങ്കി ബാധിച്ച മേഖലകളില്‍ വീണ്ടും ഈഡിസ് കൊതുകുകള്‍ വളരുന്നതോടെ രക്ത സ്രാവത്തോടു കൂടിയ ഡങ്കി ഹെമിറേജിന് സാഹചര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: