കൊച്ചി: വേനല്‍ക്കാലത്ത് കുടിവെള്ളമെത്തിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പണം ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ തുക ഒരു കാരണവശാലും ചെലവാക്കരുതെന്നാണ് നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കാനായി അനുമതി ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാറിന്റെ ഈ നീക്കം.
2017 മാര്‍ച്ച് 31വരെ കുടിവെള്ളമെത്തിക്കാനായി ഗ്രാമപഞ്ചായത്തുകള്‍ അഞ്ചുലക്ഷം രൂപയും നഗരസഭകള്‍ 10 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ 15 ലക്ഷം രൂപയും ചെലവാക്കാനായിരുന്നു സര്‍ക്കാര്‍ അനുമതി. പിന്നീട് 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം എന്നീ ക്രമത്തിലും തുക ചെലവഴിക്കാന്‍ അനുമതി നല്കി. മെയ് 31 വരെയുള്ള കുടിവെള്ള വിതരണത്തിനായിരുന്നു ഇത്. എന്നാല്‍, മെയ് ആദ്യവാരം തന്നെ പല പഞ്ചായത്തുകളും കുടിവെള്ളത്തിനായി മുഴുവന്‍ തുകയും ചെലവഴിച്ചു.
സര്‍ക്കാര്‍ നിര്‍ദേശിച്ച സമയത്തിന് മുമ്പേ തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ച് തീര്‍ത്തത് 158.5 കോടി രൂപയാണ്. ഇതാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചത്. വരള്‍ച്ച രൂക്ഷമാണെന്ന തദ്ദേശസ്ഥാപനങ്ങളുടെ വാദം പരിഗണിച്ച് സര്‍ക്കാര്‍ വീണ്ടും നാമമാത്രമായ തുക ചെലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 5 ലക്ഷം, നഗരസഭകള്‍ക്ക് 7.5 ലക്ഷം, കോര്‍പറേഷനുകള്‍ക്ക് 10 ലക്ഷം എന്നീ ക്രമത്തില്‍ തുക ചെലവഴിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. ഈ ഉത്തരവിലാണ് നിര്‍ദേശിച്ചതില്‍ കൂടുതല്‍ തുക കുടിവെള്ള വിതരണത്തിനായി ഒരുകാരണവശാലും ചെലവാക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളും 87 നഗരസഭകളും ആറ് കോര്‍പറേഷനുകളും കൂടി ആദ്യ രണ്ടുഘട്ടത്തിലായി 154.65 കോടി രൂപയാണ് ചെലവഴിച്ചത്. അവസാനഘട്ടത്തില്‍ ലഭിച്ച അനുമതി ലഭിച്ച തുക കൂടി കണക്കിലെടുത്താല്‍ കുടിവെള്ള വിതരണച്ചെലവ് 212 കോടി രൂപയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: