ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ നഴ്സുമാരുടെ സ്ഥിതി ഇന്ന് എവിടെയാണ്. ഒരു തിരിഞ്ഞു നോട്ടം ആവശ്യമാണ്. വര്‍ഷങ്ങളായി അടിമത്വത്തിന്റെ ഭാരം പേറി മുതലാളി വര്‍ഗ്ഗത്തിന്റെ കീഴില്‍ എറിഞ്ഞു കിട്ടുന്ന അപ്പക്കഷണങ്ങള്‍ക്കു വേണ്ടി ലജ്ജിച്ചു നില്ക്കുന്ന നഴ്സുമാരുടെ ഒരു കൂട്ടമല്ല ഇപ്പോഴുള്ളതെന്നു നിസ്സംശയം പറയാം. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ മുന്നിട്ടിറങ്ങുന്നു.
എന്താണ് കേരളത്തിലെ നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍? വേതനത്തിലെ അപാകതയാണ് ഏറ്റവും വലിയ വെല്ലുവിളി. കാരണം ഇന്ന് കേരളത്തില്‍ ഒരു അവിദഗ്ദ്ധ തൊഴിലാളിക്കു വരെ ദിവസവേതനം 800 മുതല്‍ 1500 രൂപ വരെയാണ്. എന്നാല്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങളുടെ ആരോഗ്യത്തിനും, ജീവന് രക്ഷിക്കുന്നതിനുമായി പാടുപെടുന്ന ഒരു നഴ്സിന്റെ ദിവസ വേതനം 350 രൂപയില്‍ താഴെയാണ്. 350 രൂപയ്ക്ക് എങ്ങനെ ഒരു നഴ്സിന് കുടുംബം പുലര്‍ത്താന്‍ കഴിയും. ഒരിക്കലും കഴിയില്ല. അതേ സമയം നഴ്സിംഗ് പഠിക്കാന്‍ വേണ്ടി ആ കുടുംബം ലോണെടുത്ത ബാങ്കില്‍ നിന്നു വരുന്ന ജപ്തിനോട്ടീസിന് നിലവാരം വളരെ കൂടുതലാണ് താനും. ലോണെടുത്ത തുകയെക്കാളും മൂന്നും നാലും ഇരട്ടിയായി മാറുന്ന ഈ കടത്തിന്റെ ഭാരവും പേറി ആശുപത്രിയുടെ ഇടനാഴികളില്‍ ഇടതടവില്ലാതെ മറ്റൊരുവന്റെ ജീവന് വേണ്ടി ഓടി നടക്കുന്ന നഴ്സ്മാരുടെ ജീവിതം ചര്‍ച്ചയായേ തീരൂ.
സമരങ്ങളിലൂടെ ചില ആവശ്യങ്ങള്‍ നേടിയെടുത്തെങ്കിലും നിയമങ്ങളുടെ അപര്യാപ്തത മുതലെടുത്ത് മാനേജ്മെന്റുകള്‍ നഴ്സ്മാരുടെ രക്തം ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുകയാണ്. ഗവണ്മെന്റ് മേഖലയിലെ നഴ്സ്മാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ശമ്പളത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടെങ്കിലും മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും 100 രോഗികള്‍ക്ക് ഒരു നഴ്സെന്ന ക്രമത്തിനാണ് ഇപ്പോള്‍. പി.എസ്.സി. പരീക്ഷ കഴിഞ്ഞ് ലിസ്റ്റിലുള്ള ഒരുപാട് പേര് പുറത്തുനില്ക്കുന്നുണ്ടെങ്കിലും നിയമനം നടക്കാത്തതിനെ തുടര്‍ന്നു വഴിയാധാരമാകുന്നത് അനേകായിരം കുടുംബങ്ങളും സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊള്ളയെ ഭയന്നു ഗവണ്മെന്റ് ആശുപത്രികളെ ശരണം പ്രാപിക്കുന്ന പാവങ്ങളായ പൊതുജനങ്ങളുമാണ്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വന്നേ മതിയാകൂ.
കേരളത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സ്മാരുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ബലരാമന് കമ്മീഷനെ നിയോഗിക്കുകയും, കമ്മീഷന് എല്ലാ ജില്ലകളിലെ ആശുപത്രികളിലും സിറ്റിംഗ് നടത്തി നഴ്സ്മാരെല്ലാം തന്നെ സ്കില്‍ഡ് വര്‍ക്കേഴ്സ് ആണെന്നും ചുരുങ്ങിയത് 18,500 രൂപ പ്രതിമാസം വേതനം നല്‍കണമെന്നും നഴ്സുമാരെ ലേബര്‍ വിഭാഗത്തില്‍ നിന്നു ആരോഗ്യമേഖലയുടെ കീഴിലേക്ക് മാറ്റണമെന്നും ഉള്‍പ്പെടെ നാല്‍പ്പതോളം ശുപാര്‍ശകള്‍ നല്കുകയുണ്ടായി.എന്നാല്‍ അവയില്‍ ഒന്ന് പോലും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇതു പഠിക്കാനായി ഒരു സബ് കമ്മിറ്റിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്.
ആ കമ്മിറ്റിയുടെ ഒരു സിറ്റിംഗ് പോലും ഇതുവരെയുമുണ്ടായില്ല. തുടര്‍ന്ന് നഴ്സ്മാരുടെ 3 ഷിഫ്റ്റ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വീണ്ടും വീരകുമാര്‍ കമ്മിറ്റിയെ നിയമിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ചവറ്റുകൊട്ടയിലെറിഞ്ഞു. എന്തിനേറെ പറയുന്നു. വര്‍ഷാവര്‍ഷം നടപ്പിലാക്കേണ്ട വേതനവര്‍ദ്ധനവ് പോലും നടപ്പിലാക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മടിക്കുന്നു. മാനേജ്മെന്റുകള്‍ക്ക് രക്ഷാകവചം തീര്‍ക്കുന്നത് ഇവിടത്തെ സര്‍ക്കാരാണ്. ബലരാമന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആണെങ്കിലും അദ്ദേഹത്തിന് നഴ്സ്മാരോട് പുച്ഛമാണ്. ഒരു മീറ്റിംങ് പോലും വിളിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല.
ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന നിലയില്‍ കേരളത്തിലെ നഴ്സിംഗ് റിക്രൂട്ട്മെന്റ് നഴ്സ്മാരുടെ അവസ്ഥയെ ചൂഷണം ചെയ്യുന്നു.കുവൈറ്റിലേക്ക് ജോലിനിയമനം ലഭിച്ച് കടല്‍ കടക്കണമെങ്കില്‍ ഇടനിലക്കാരായ ഏജന്‍സികള്‍ക്ക് 20 ലക്ഷം മുതല്‍ 25 ലക്ഷം വരെ നല്‍കേണ്ട അവസ്ഥ. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന് തയ്യാറായി. ഇത്തരത്തിലുള്ള ഇടനിലക്കാരുടെ ചൂഷണം മൂലം നല്ല നിലയ്ക്ക് റിക്രൂട്ടുമെന്റ് നടത്തിയിരുന്ന ഏജന്‍സികളും പ്രതിക്കൂട്ടിലായി. തത്ഫലമായി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരുന്ന സംസ്ഥാന ഗവമെന്റിനെ ഞെട്ടിച്ച് റിക്രൂട്ടുമെന്റ് രണ്ട് സര്‍ക്കാര്‍ ഏജന്‍സികളിലേക്കായി പരിമിതപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. തീവെട്ടിക്കൊള്ള നടത്തിയിരുന്ന ഏജന്‍സികളെ നിയന്ത്രിച്ചതിനു കേന്ദ്ര സര്‍ക്കാറിന് യുണൈറ്റഡ് നഴ്സ്സ് അസ്സോസിയേഷന് അഭിനന്ദനം അറിയിക്കുകയും റിക്രൂട്ട്മെന്റ് സുഗമമായി നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു ആവശ്യപ്പെടുകയും ചെയ്തു.
ചുരുക്കത്തില്‍ ആതുരസേവനരംഗത്ത് നഴ്സ്മാരുടെ അവസ്ഥ വളരെ പരിതാപകരമാണിപ്പോള്. ഈ അവസ്ഥയില്പോയാല് ഈ വര്‍ഗ്ഗം തന്നെ കേരളത്തില്‍ നിന്നു അപ്രത്യക്ഷമായേക്കും. സ്വന്തം കുടുംബത്തേക്കാളേറെ തങ്ങള്‍ നോക്കുന്ന രോഗികളെ, അവരുടെ ജീവനെ കാക്കുന്ന നഴ്സ്മാര്‍ക്ക് ഈ അവസ്ഥയാണോ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നല്കേണ്ടതെന്നു സര്‍ക്കാര്‍ ചിന്ടിക്കണം. കാരണം അവരും മനുഷ്യജീവനുകളാണ്, അവര്‍ക്കും സ്വപ്നങ്ങളുണ്ട്, അവര്‍ക്കും ആഗ്രഹങ്ങളുണ്ട്, അവര്‍ക്ക് വോട്ടും ഉണ്ട്.
(യു.എന്‍.എ. സംസ്ഥാന വൈസ് പ്രസിഡന്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: