ഫലൂജ: ഇറാഖിൽ സൈന്യത്തിനെതിരെ ഐസിസ് ശക്തമായി തിരിച്ചടിക്കുന്നു. മനുഷ്യരെ കവചങ്ങളായി മുന്നിൽ നിർത്തിക്കൊണ്ടാണ് ഭീകരർ ഇറാഖ് സൈനികർക്കും മറ്റ് പ്രതിരോധ സേനകൾക്കെതിരെ രൂക്ഷമായി ആക്രമണം നടത്തുന്നത്.
നേരത്തെ ഇറാഖിൽ ഐസിസിനെ പരാജയപ്പെടുത്തി സൈന്യം രണ്ട് തന്ത്ര പ്രധാന നഗരങ്ങൾ പിടിച്ചെടുത്തിരുന്നു. ഐസിസ് കൈയ്യടക്കി വച്ചിരുന്ന പടിഞ്ഞാറാൻ ബാഗ്ദാദിനു സമീപമുള്ള ഫലൂജ, അൽകർമ്മ നഗരങ്ങളാണ് സൈന്യം വീണ്ടെടുത്തത്.
ഇപ്പോൾ ഫലൂജ തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് ഐസിസ്. ഇതിനായി മനുഷ്യരെ കുരുതി കൊടുക്കുകയാണ്. രൂക്ഷമായ ആക്രമണങ്ങളിൽ ഇന്നലെ മാത്രം അന്‍പതിലേറെപ്പേർ മരിച്ചതായാണ് വിവരം. 75 ഭീകരരെ ഇതുവരെ വകവരുത്തിയതായി സൈനികവക്താവ് അവകാശപ്പെട്ടു. എന്നാൽ ഫലൂജയുടെ നഗരപ്രാന്തമായ നൈമിയ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് കനത്ത തിരിച്ചടിയിൽ ഇരുപതോളം സൈനികരും മുപ്പതിലേറെ സാധാരണക്കാരും മരിച്ചതായാണ് വിവരം.
അൽകർമ്മ നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം ഇപ്പോൾ സൈന്യത്തിന്റെയും ഫെഡറൽ പോലീസിന്റെയും കൈകളിലാണ്. നേരത്തെ ഫലൂജയിൽ ഭീകരവാദികൾ ചാവേർ ആക്രമണങ്ങളിലൂടെ നിരവധി സൈനികരെ വധിച്ചിരുന്നു. ഇതേത്തുടർന്ന് യുഎസും ഇറാഖും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികളെ നഗരത്തിൽ നിന്ന് തുരത്തിയത്.
എന്നാൽ ഇറാഖിന്റെ മറ്റൊരു പ്രധാന നഗരമായ മൊസൂൾ ഇപ്പോഴും ഐസിസ് ഭീകരരുടെ പിടിയിലാണ്. ഐസിസ് ഭീകരരുടെ കൊടും ക്രൂരതകൾ കൊണ്ട് നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനു പുറമെ ഇറാഖിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് അഭയാർത്ഥികളായി സമീപ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: