മധുര എന്നു കേട്ടാൽ തന്നെ മഹാത്രിപുരസുന്ദരിയായ മധുരമീനാക്ഷിയെയാണ് ഓര്മ വരിക . ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്ന്. എന്നാൽ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ആകാരത്തിനു സമാനമായ മറ്റൊരു നിർമിതി കൂടി മധുരയിൽ ഉണ്ടായിരുന്നു എന്നുള്ള വസ്തുത പലർക്കും അറിയില്ല.
മീനാക്ഷി ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാറിയുള്ള തിരുമലൈ നായക് പാലസ് , തിരുമലൈ നായക് രാജവംശം 1620 ൽ പണി കഴിപ്പിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന മധുര രാജകൊട്ടാരം. 1545 മുതൽ 1740 വരെ ഉള്ള കാലഘട്ടത്തിലാണ് നായക് രാജപരമ്പര ഉണ്ടായിരുന്നത് . തിരുമലൈ നായക് ( 1623 – 1659 ) ഈ രാജവംശത്തിലെ പേര് കേട്ട ഭരണാധികാരി ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ആണ് മധുര പാലസ് നിർമിച്ചത് എന്നു രേഖകളിൽ കാണുന്നു.
എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ നായക് രാജവംശത്തിന്റെ പ്രാതാപം അസ്തമിച്ചതോടു കൂടെ കൊട്ടാരത്തിന്റെ പ്രതാപവും നശിച്ചു. ക്ഷയിച്ചു ക്ഷയിച്ചു ഇന്ന് കൊട്ടാരത്തിന്റെ ഭാഗമായ വളരെ കുറച്ചു ഭാഗങ്ങളെ അവശേഷിക്കുന്നുള്ളൂ. പഴയരാജസഭയുടെ ഭാഗമായ സ്വർഗവിലാസം കൊട്ടാരവും അതിന്റെ അനുബന്ധ കെട്ടിടങ്ങളും മാത്രമാണ് അവശേഷിക്കുന്നത് . ഇവയെല്ലാം തന്നെ ഇന്ന് ആർക്കിയോളജിക്കൽ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. ശരിക്കുമുള്ള കൊട്ടാരം ഇപ്പോഴുള്ളതിന്റെ നാലു മടങ്ങ് വലുതാണ് എന്നു രേഖകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു.
സ്വർഗവിലാസം ഹാളിൽ നമുക്ക് കാണാൻ സാധിക്കും 12 മീറ്ററിലധികം ഉയരത്തിൽ തൂണുകളുടെ മുകളിൽ വളഞ്ഞ മേൽഭാഗത്തോട് കൂടിയ മണ്ഡപങ്ങൾ . 41979 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഹാളിന്റെ നടുമുറ്റത്തിനു ചുറ്റും ഭീമൻ തൂണുകളുടെ നീളൻ വരാന്തകൾ കാണാം . 82 അടി നീളവും 19 അടി വീതിയുമുള്ള ഈ തൂണുകൾ പാലസിന്റെ സവിശേഷതയാണ്.
കാലചക്രത്തിന്റെ ചലനം, യുദ്ധം തുടങ്ങിയവ പലതും ഈ കൊട്ടാരത്തിന്റെ ശോഷിപ്പിനു ആക്കം കൂട്ടി. ബ്രിട്ടീഷ് കാലഘട്ടത്തിൽ പടക്കോപ്പുകളും മറ്റും സൂക്ഷിച്ചു വയ്ക്കുന്ന കേന്ദം ആയിരുന്നു പാലസ്. മാത്രമല്ല തിരുച്ചിറപ്പള്ളി പാലസ് പണിയുവാൻ ഈ പാലസിന്റെ ചില ഭാഗങ്ങൾ പൊളിച്ചു കൊണ്ടു പോയി എന്നും കാണുന്നു.
ബ്രിട്ടീഷ് ലൈബ്രറി കളക്ഷനിൽ ഈ കൊട്ടാരത്തിലെ പറ്റിയുള്ള വിവിധ രേഖകളുണ്ട്. ഒപ്പം ഒരുപാട് രേഖചിത്രങ്ങളും. ആ ചിത്രങ്ങളിൽ നിന്നും അന്നത്തെ കാലത്ത് ഈ കൊട്ടാരത്തിന്റെയും ഒപ്പം രാജവംശത്തിന്റെയും പ്രതാപം നമുക്ക് ഊഹിച്ചെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: