കണ്ണൂര്‍: ജില്ലയില്‍ കാപ്പിറ്റല്മാളിലെ വിവിധ ഷോപ്പുകളില്‍ ജില്ലാതല പരിശോധനാ സംഘം ഇന്നലെ നടത്തിയ റെയ്ഡില്‍ 30കി.ഗ്രാം നോണ്‍-വൂവണ്‍ ക്യാരി ബാഗുകളും പിടിച്ചെടുത്തു. ഏപ്രില്‍ 2 മുതല്‍ ജില്ലയില്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് ക്യാരിബാഗ്- ഡിസ്പോസിബിള്‍ ഉല്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ടാണ് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ശുചിത്വമിഷന് അസിസ്റ്റന്റ്കോ-ഓര്‍ഡിനേറ്റര്‍മാരായ സുരേഷ്കസ്തൂരി, ഇ.പ്രശാന്ത്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത്അസി.സെക്രട്ടറി എം.പ്രദീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തമ്പാന് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി. ബുധനാഴ്ച ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതിയതെരു മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെ പരിസരത്തെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20കി.ഗ്രാം നോണ്‍-വൂവണ്‍ ക്യാരി ബാഗുകളും പിടിച്ചെടുത്തിരുന്നു.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സാഹചര്യത്തില്‍ തുണി സഞ്ചി എന്ന തെറ്റിദ്ധാരണ പരത്തിയാണ് മാര്‍ക്കറ്റുകളില്‍ നോണ്‍-വൂവണ്‍ ക്യാരി ബാഗുകള്‍ വില്‍ക്കുന്നത്. റീ-സൈക്കിള്‍ ചെയ്യാന്‍ പറ്റാത്തതും, പ്ലാസ്റ്റിക് ക്യാരിബാഗിനേക്കാളും അപകടകരമായതുമാണ് നോണ്‍-വൂവണ്‍ ക്യാരി ബാഗുകള്‍. പൊതുജനങ്ങളും വ്യാപാരിസമൂഹവും ഇത്തരം അപകട സാധ്യതയുള്ള വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കളക്ടറും അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: