ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ല. എന്നാല്‍ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും ഉറച്ചു വിശ്വസിക്കുന്നു. രാഷ്ട്രീയത്തില്‍ ശരിയും തെറ്റും ആപേക്ഷികമാണ്. ജനാധിപത്യത്തില്‍ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. ജനങ്ങള്‍ എന്തു തീരുമാനിക്കുന്നുവോ അത് അംഗീകരിക്കലാണ് ഒരു ജനാധിപത്യ വിശ്വാസിയുടെ പ്രാഥമിക ചുമതലയും ബാദ്ധ്യതയും.
ഭൂരിപക്ഷം കിട്ടി പ്രധാനമന്ത്രിയായ ആളെയും മുഖ്യമന്ത്രിയേയും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളേയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. അതെസമയം അവരെ വിമര്‍ശിക്കാനും നയങ്ങളിലോ തീരുമാനങ്ങളിലോ വിയോജിപ്പ് പ്രകടിപ്പിക്കാനും ഒരു വോട്ടര്‍ എന്ന നിലയില്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ഇഷ്ടപ്പെടാത്തത് മറ്റുള്ളവരും ഇഷ്ടപ്പെടരുതെന്ന് ശഠിക്കാന്‍ ഒരു സ്വേച്ഛാധിപതിക്കേ കഴിയൂ.
കേരളത്തില്‍ നല്ല ഭൂരിപക്ഷം നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. മികച്ച ഒരു ടീമുമായി മന്ത്രിസഭയും ഉണ്ടാക്കി.
ഡിജിപിയെ മാറ്റി. എജിയെ മാറ്റി. കോര്‍പ്പറേഷനുകളും കമ്മീഷനുകളും അഴിച്ച് പണിതു. കളക്ടര്‍മാരെ മാറ്റി. എസ്പിമാരെ മാറ്റി. സാഹിത്യ അക്കാദമിയും ചലചിത്ര അക്കാദമിയും കെഎസ്എഫ്ഡിസിയും പി.എസ്.സി അംഗങ്ങളും സാക്ഷരതാ മിഷനും മറ്റ് കാക്കത്തൊള്ളായിരം ചെയര്മാന്മാരും അംഗങ്ങളും പുതിയ സര്‍ക്കാര്‍ മാറുമ്പോള്‍ മാറും.
അത് ഒരു സര്‍ക്കാരിന്റെ അവകാശമാണ്. അതു ജനങ്ങള്‍ കൊടുത്ത മാന്‍ഡേറ്റാണ്. ഭരിക്കുന്ന മുന്നണിയുടെ അവകാശമാണ്.
ആരെയാണ് ഇങ്ങനെ നിയമിക്കുന്നത് ?
സര്‍ക്കാരിന് വിശ്വാസമുള്ളവരെ എല്‍ഡിഎഫ് അനുഭാവികളേ കമ്മ്യൂണിസ്റ്റ് സഹയാത്രികരെ
പാര്ശ്വവര്ത്തികളേ പാര്‍ട്ടി പ്രവര്‍ത്തകരെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ ?
എതിര്‍പ്പില്‍ അര്‍ഥമുണ്ടോ ?
സര്‍ക്കാര്‍ നിയമിച്ചവര്‍ എല്ലാം സര്‍വ്വഥാ യോഗ്യരാണെന്ന് വേണമെങ്കില്‍ ഒഴുക്കത്തില്‍ പറയാം. ചിലര്‍ സാമുദായികമോ രാഷ്ട്രീയമോ ആയ പരിഗണന വെച്ചു നിയമിക്കപ്പെടുന്നു. ഇതെല്ലാം ഭൂരിപക്ഷം കിട്ടി ഭരണത്തില്‍ കയറിയ സര്‍ക്കാരിന്റെ വിവേചന അധികാരമാണ്.
ഇത് ചുവപ്പ് വല്‍ക്കരണമാണെന്ന് പറഞ്ഞ് ആരെങ്കിലും ലേഖനം എഴുതുന്നുണ്ടോ ?
അപ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടി അധികാരത്തില്‍ കയറിയ കേന്ദ്ര സര്‍ക്കാരിനു ഇതേ അവകാശമില്ലെ ?
അവര്‍ക്ക് നിയമിക്കാന്‍ അവര്ക്കിഷ്ടമോ വിശ്വാസമോ ഉള്ള ആളുകളേ നിയമിക്കുവാന്‍ എന്താണ് പ്രശ്നം ?
അത് മാത്രം കാവിവല്ക്കരണമാവുന്ന ലോജിക് എനിക്ക് മനസ്സിലാവുന്നില്ല .
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സാക്ഷാല്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ നിയമിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ നിയമിച്ചത് ഗജേന്ദ്ര ചൗഹാനെയാണ്.
അത് ഒരു സര്‍ക്കാരിന്റെ അവകാശം അല്ലെ ?
അദ്ദേഹം കാവിയുമായി വന്നെന്ന് പറയുന്നതില്‍ ലോജികുണ്ടോ ?
ഐഐറ്റി ചെയര്മാന് ; ഐഐഎം ചെയര്മാന് ഇവിടെയൊക്കെ സര്‍ക്കാരിന് വേണമെങ്കില്‍ അവര്‍ക്ക് വിശ്വാസമുള്ളവരെ നിയമിക്കാം. അത് ഒരു സര്‍ക്കാരിന്റെ അവകാശം അല്ലെ ?
ഏത് സ്ഥാപനത്തിന്റെ മേധാവിയെ ആണ് അതാത് സ്ഥാപനത്തിലെ വിദ്യാര്‍ഥികളോ ജീവനക്കാരോ നിയമിക്കുന്നത് ? എതെങ്കിലും സംസ്ഥാനമങ്ങനെ തീരുമാനിക്കുന്നുണ്ടോ ?
അതാണ് ഇരട്ടത്താപ്പെന്ന് പറയുന്നത്. നമുക്കു ഇഷ്ടമില്ലാത്തൊരു സര്‍ക്കാര്‍ അവരുടെ അധികാരം ഉപയോഗിച്ചാരെ നിയമിച്ചാലും എതിര്‍ക്കുക. അതാണ് രാഷ്ട്രീയം.
സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സേനാ മേധാവികളേ മാറ്റിയില്ല എന്നതാണ് ഞാന്‍ കാണുന്ന ആശ്വാസം. വേണമെങ്കില്‍ മാറ്റാന്‍ കഴിയുമെന്ന് മറക്കരുത്. ഒരു സര്‍ക്കാരിന്റെ അവകാശമാണത്.
ഞാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കോളേജുകളില്‍ പഠിച്ചെങ്കിലും അവിടെ പ്രിന്‍സിപ്പലിനെയോ ഡയറക്ടറിനേയോ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ പറയുന്നതു പോലെ നിയമിക്കണം എന്നൊരു സമരം കാണാന്‍ ഭാഗ്യമുണ്ടായില്ല .
ജനാധിപത്യത്തില്‍ ജനങ്ങളേക്കാള്‍ വലിയ യജമാനനില്ല. ഒരു സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതും അവിടെ നിന്നു പുറത്താക്കുന്നതും അതേ ജനങ്ങളാണ്.
അത് മനസ്സിലാക്കി ഒരോ സര്‍ക്കാരിനെയും വിവേകപൂര്‍വ്വം തെരഞ്ഞെടുക്കുക. ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ അവരെ അംഗീകരിക്കുക. വിയോജിപ്പുകളും എതിര്‍പ്പുകളും അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക. അതുവരെ ഭരിക്കാന്‍ അനുവദിക്കുക. അതാണ് ജനാധിപത്യം.
എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും നമ്മുടെ രാജ്യത്തു ജനാധിപത്യമുണ്ട് എന്നതില്‍ അഭിമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: