ന്യൂദല്‍ഹി: കേരളത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തില്‍ വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന സംസ്ഥാനമെന്ന നിലയ്ക്ക് സുരക്ഷാ പ്രശ്നങ്ങളില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. ചില ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തേപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തണണം. നിലവില്‍ മികച്ച രീതിയിലുള്ള സഹായ സഹകരണങ്ങളാണ് കേന്ദ്രസുരക്ഷാ ഏജന്‍സികളില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളും സംസ്ഥാന പോലീസും തമ്മിലും മികച്ച സഹകരണമുണ്ട്. എന്നാല്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
മലയാളികള്‍ നിരോധിത ഭീകരസംഘടനകളില്‍ ചേര്‍ന്നെന്ന പുതിയ റിപ്പോര്‍ട്ടുകളെ അത്യന്തം ഗൗരവമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. വിഷയത്തെ നിയമപരമായും നേരിടും. കേന്ദ്രഏജന്‍സികളില്‍ നിന്നും കൂടുതല്‍ സഹായവും പിന്തുണയും ഈ വിഷയത്തില്‍ സംസ്ഥാന സര്ക്കാരിനാവശ്യമുണ്ട്. അന്വേഷണത്തില്‍ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നതായും പിണറായി വിജയന് പറഞ്ഞു.
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നടക്കുന്ന ഇടതു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഗൗരവകരമായാണ് കാണേണ്ടത്. പ്രത്യേക സേനയെ നിയോഗിച്ച് ഭീഷണി നേരിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ധനസഹായവും മറ്റു സഹായങ്ങളും ഇതിനാവശ്യമായിട്ടുണ്ട്. ഭീകരവിരുദ്ധ പരിശീലന കേന്ദ്രമെന്ന മൂന്നുവര്‍ഷമായുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കണം. ഒരു റിസര്‍വ് പോലീസ് ബറ്റാലിയന് കൂടി സംസ്ഥാനത്തിന് ആവശ്യമാണ്. കേന്ദ്രസായുധ സേനയില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനില്‍ ആവശ്യമുണ്ട്. എന്‍എസ്ജി, കേന്ദ്രസായുധ പോലീസ്, കേന്ദ്രരഹസ്യാന്വേഷണ വിഭാഗം എന്നിവയില്‍ നിന്നും കേരളാ പോലീസിന് പരിശീലനം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.
കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആധുനികവല്‍ക്കരണത്തിനും മറ്റുമായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതിവര്‍ഷം രണ്ടു യോഗങ്ങളെങ്കിലും ഇത്തരത്തില്‍ നടക്കണമെന്നും കേരളാ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന് വേണ്ടെന്നു വെച്ച നടപടി പുനപരിശോധിക്കണം, സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: