തുർക്കിയിലെ പട്ടാളവിപ്ലവം ജനകീയ മുന്നേറ്റത്തിൽ പിടിച്ച് നിൽക്കാനാകാതെ തകർന്ന് തരിപ്പണമായി.ജനാഭിലാഷത്തിനും ജനാധിപത്യത്തിനും മീതേയല്ല ഒരു സൈനികശക്തിയും എന്ന് ഒരിക്കൽ കൂടി ആധുനിക ലോകത്തിനു ബോധ്യപ്പെട്ട നിമിഷം. ഇത് കണ്ടപ്പോൾ, ഇരുപത്തഞ്ച് വർഷം മുൻപ് നടന്ന മറ്റൊരു ജനകീയമുന്നേറ്റത്തിൽ തകർന്ന് പോയ ഔർവയ് ഏകാധിപത്യ ഭരണകൂടത്തെ ഓർമ്മ വരുന്നു.സാക്ഷാൽ സോവിയറ്റ് യൂണിയൻ.
1917 ലെ ബോൾഷെവിക് വിപ്ലവത്തിനു ശേഷം 70 വർഷം സോവിയറ്റ് യൂണിയന്റെ ചെങ്കോൽ പിടിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയും ആ വലിയ രാജ്യവും ലോകത്തിനു നൽകിയ പ്രതീക്ഷകൾ തകർന്നടിഞ്ഞത്,1980 കളുടെ ഒടുവിൽ അധികാരമേറ്റ മിഖായേൽ ഗോർബച്ചേവിന്റെ വരവോടയാണ്. അതുവരെ തുടർന്നു വന്ന ഏകാധിപത്യ രീതികളിൽ നിന്നും ഗോർബച്ചേവ് വഴിമാറി സഞ്ചരിച്ചപ്പോൾ ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക എന്ന റഷ്യൻ പദങ്ങൾ കൊച്ച് കേരളത്തിലെ പോലും നിത്യജീവിതത്തിന്റെ ഭാഗമായി. തുറന്ന സമീപനം, പൊളിച്ചെഴുത്ത് എന്നാണ് ഈ പദങ്ങളുടെ അർത്ഥം.
ഗ്ലാസ്സ്നോസ്റ്റ് തുറന്നിട്ട ജാലകങ്ങളിലൂടെ ആധുനികലോകത്തിന്റെ കാറ്റും വെളിച്ചവും കടന്നപ്പോൾ എഴുപത് കൊല്ലം പരിപാവനമായി കാത്തുരക്ഷിച്ച ഇരുമ്പുമറ തകർന്നു വീണു. ബഹിരാകാശം, പ്രതിരോധം, സ്പോർട്ട്സ് എന്നീ നേരിട്ട് കാണുന്ന രംഗങ്ങളിൽ മാത്രം വളർച്ച നേടുകയും ഭക്ഷണം, സാമൂഹ്യസുരക്ഷ തുടങ്ങിയവയിൽ തകർന്നടിഞ്ഞതുമായ വികല നയങ്ങളുടെ ശവപ്പറമ്പായി മാറിയ സോവിയറ്റ് യൂണിയന്റെ നേർച്ചിത്രം കണ്ട ലോകം അന്തം വിട്ട് നിന്നു.
കമ്മ്യൂണിസത്തിന്റെ സാമ്പ്രാദയിക രീതികളെ കശക്കിയെറിഞ്ഞ ഗോർബച്ചേവിനോട് ക്ഷമിക്കാൻ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് മൗലികവാദികൾക്ക് കഴിയുമായിരുന്നില്ല. യാനയെവിന്റെ നേതൃത്വത്തിൽ ഒരു സംഘം ഗോർബച്ചേവിനെ അധികാരഭ്രഷ്ടനാക്കി സോവിയറ്റ് സിംഹാസനത്തിൽ അമർന്നപ്പോൾ ഏറ്റവുമധികം സന്തോഷിച്ച ഒരു വിഭാഗം കേരളത്തിലെ കമ്മ്യൂണിസ്റ്റികളായിരുന്നു. ഗോർബിൽക്കുവേണ്ടി പൊഴിക്കാൻ എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണീരുപോലുമില്ല എന്നാണു അന്ന് ഗോവിന്ദപ്പിള്ള പറഞ്ഞത്.
പക്ഷേ അവരുടെ സന്തോഷത്തിനു ഏതാനും ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളു. സോവിയറ്റ് രാഷ്ട്രീയത്തിൽ ഗോർബച്ചേവിന്റെ പ്രധാന എതിരാളിയായിരുന്ന ബോറിസ് യെൽസിൻ തന്നെ അദ്ദേഹത്തിന്റെ രക്ഷക്കെത്തി. യെൽസിന്റെ ആഹ്വാനത്തിൽ ലക്ഷക്കണക്കിനു ജനങ്ങൾ മോസ്കോയിലെ തെരുവുകളിൽ പ്രതിഷേധത്തിന്റെ തിരമാലകൾ തന്നെ തീർത്തു. സോവിയറ്റ് പാർലമെന്റിൽ തടവിലായ ഗോർബച്ചേവിനെ അവർ മോചിപ്പിച്ചു. ഏഴുപതിറ്റാണ്ടിനിപ്പുറം കൈവന്ന സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കൈവിടാൻ ഒരുക്കമല്ല എന്ന സോവിയറ്റ് ജനതയുടെ ദൃഡനിശ്ചയത്തിനു മുൻപിൽ കീഴടങ്ങുകയേ യനയേവിനു നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ആ മുന്നേറ്റത്തിൽ രാജ്യം മുഴുവൻ നിറഞ്ഞ് നിന്നിരുന്ന ലെനിൻ, സ്റ്റാലിൻ പ്രതിമകൾ നിലം പൊത്തി. പൊതുജനങ്ങൾ അതിലേക്ക് കാർക്കിച്ച് തുപ്പി. കമ്മ്യൂണിസ്റ്റ് അപ്രമാദിത്വത്തിന്റെ വിളംബരവുമായി ക്രെം ലിൻ സ്ക്വയറിൽ എഴുപത് കൊല്ലം പാറിക്കളിച്ചിരുന്ന ചെങ്കൊടി എന്നന്നേക്കുമായി പടിയിറങ്ങി. ലെനിന്റെ സ്മരണക്ക് വേണ്ടി പേരുമാറ്റിയ ലെനിൻ ഗ്രാഡ് നഗരം സെന്റ് പീറ്റേഴ്സ് ബെർഗ്ഗ് എന്ന പഴയ നാമത്തിലേക്ക് കൂടുമാറി.
ജനകീയ മുന്നേറ്റങ്ങളെ തടയിട്ട് നിർത്താൻ ശ്രമിക്കുന്നത് പഴമുറം കൊണ്ട് സൂര്യനെ മറക്കാൻ ശ്രമിക്കുന്നത് പോലയാണെന്ന് ആദ്യമായി നേരിട്ട് ബോധ്യപ്പെട്ടത് ബോധ്യപ്പെട്ടത് അന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: