ബത്തേരി : കാട്ടുകിഴങ്ങുകളുടെയും മറ്റ് ഔഷധ ചെടികളുടേയുമെല്ലാം സമൃദ്ധി വയനാടന്‍ കാടുകള്‍ക്ക് അന്യമാകുന്നുവെന്ന് വനവാസികള്‍. ഒരുകാലത്ത് വയനാടന്‍ കാടുകളില്‍ സമൃദ്ധമായിരുന്ന കാട്ടുകിഴങ്ങുകളും ഔഷധച്ചെടികളും ചീനി, നെല്ലിക്ക, കുറുന്തോട്ടി, കല്‍പ്പാശം തുടങ്ങിയ വനവിഭവങ്ങളും ഇന്ന് പേരിന് മാത്രമേ കിട്ടുന്നുള്ളു.ഇവ വിറ്റാണ് അവര്‍ ജീവിച്ചത്. കാലാവസ്ഥാ വ്യതിയാനവും സര്‍ക്കാര്‍ സമീപനവും വനവാസികള്‍ക്ക് ഇരുട്ടടിയായി.
കര്‍ക്കടകത്തില്‍ മറ്റുളളവര്‍ ഔഷധക്കഞ്ഞി കഴിക്കുമ്പോള്‍ വനവാസികള്‍ പല വിധം കിഴങ്ങുകളെയാണ് ആശ്രയിച്ചിരുന്നത്. റേഷനരിയെക്കാള് ഇവരുടെ ആരോഗ്യരക്ഷയില്‍ വനവിഭവങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. വനവിഭവങ്ങള്‍ കുറയുന്നത് വനജീവികളും മനുഷ്യരും തമ്മിലുളള സംഘര്‍ഷത്തിനും കാരണമാകുന്നു.
കാട്ടുമാങ്ങ അച്ചാറും കാട്ടുമാങ്ങപുളിയും ഉണക്കിയ നെല്ലിക്കയും മുളംകൂമ്പും മുളയരിയും വനവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു. വയനാട്ടിലെ മുളംകാടുകള്‍ പൂത്തുനശിച്ചതോടെ ഇതും അവര്‍ക്ക് അന്യമായി. പ്രസവ ശുശ്രൂഷക്ക് ഉപയോഗിക്കുന്ന പ്രധാന ഔഷധം കൂടിയായിരുന്നു മുളംകൂമ്പുകളുടെ പ്രത്യേക കൂട്ട്. ഇതെല്ലാം ഇന്ന് ഇളംതലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ട ഗതികേടിലാണ് പഴമക്കാരായ വനവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: