കുട്ടമത്ത് ശ്രീധരന് മാസ്റ്ററുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും സവിശേഷതയായി എനിക്ക് കാണാന്‍ കഴിഞ്ഞത് അവയിലെല്ലാം ഉള്‍ച്ചേര്‍ന്നുനില്‍ക്കുന്ന ആത്മപരതയാണ്. നാടന്‍കലകളെയും പ്രാദേശിക ചരിത്രത്തെയും കുറിച്ച് അദ്ദേഹം എഴുതിയ പഠനങ്ങളെല്ലാം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ രേഖപ്പെടുത്തിയവയായിരുന്നു. അതുകൊണ്ടു തന്നെ ആഴത്തിലുള്ള പഠനലേഖനങ്ങളായാല് പോലും അവ അനുവാചകന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പതിയുന്നു.
ഫോക്ലോര്, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടമത്ത് ശ്രീധരന് നടത്തിയ ഗവേഷണങ്ങള്‍ ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വേണം പറയാന്‍. ഉത്തരകേരളത്തിന്റെ ചരിത്രത്തിലും തെയ്യം തുടങ്ങിയ അനുഷ്ഠാനങ്ങളെ സംബന്ധിച്ചും അദ്ദേഹം മുന്നോട്ടുവച്ച നിരീക്ഷണങ്ങള്‍ ഒരിക്കലും മറ്റ് ഗവേഷകരുടെ നിരീക്ഷണങ്ങളെയും വാദമുഖങ്ങളെയും പിന്പറ്റിയുള്ളവയായിരുന്നില്ല. പെരുങ്കളിയാട്ട സ്മരണികകള്‍ക്കും മറ്റും വേണ്ടി അദ്ദേഹം എഴുതിയ ചെറിയ കുറിപ്പുകളിലും ലേഖനങ്ങളിലും അനുഷ്ഠാനങ്ങളെയും പുരാവൃത്തങ്ങളെയും പ്രാദേശിക ചരിത്രത്തെയും കുറിച്ചുള്ള സ്വന്തമായ കണ്ടെത്തലുകള്‍ കാണാന്‍ കഴിയും. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിനുള്ളില് വടക്കെ മലബാറില്‍ അരങ്ങേറിയിട്ടുള്ള പെരുങ്കളിയാട്ടങ്ങളുടെ സ്മരണികകളില്‍ കുട്ടമത്ത് ശ്രീധരന്റെ ലേഖനങ്ങളില്ലാത്തവ വിരളമായിരിക്കും. ഈ ലേഖനങ്ങളില്‍ വളരെ കുറച്ചു മാത്രമാണ് പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. ആ പുസ്തകങ്ങളും അക്കാദമിക ലോകം കാര്യമായി ശ്രദ്ധിച്ചിട്ടില്ലെന്നു വേണം കരുതാന്‍.
തപസ്യയുടെയും ആര്‍എസ്എസ്സിന്റെയും സഹയാത്രികനായതിനാലായിരിക്കാം വൈജ്ഞാനിക രംഗത്തെ പ്രഖ്യാതരായവരൊന്നും കുട്ടമത്ത് മാസ്റ്ററുടെ സംഭാവനകളെ വേണ്ടത്ര ഗൗനിച്ചില്ല. എഴുതണമെന്ന് ഉള്വിളിയുണ്ടാകുമ്പോള് മാത്രവും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എഴുതിയവയും മാത്രമാണ് തന്റെ ലേഖനങ്ങളെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ എഴുതിയവയെല്ലാം അറിവിന്റെ അക്ഷയഖനികളായിരുന്നു, ഒപ്പം മുന്‍പറഞ്ഞ ആത്മസ്പര്‍ശത്തിന്റെ ഫലമായുള്ള സര്‍ഗാത്മക രചനകളും.
ശ്രീധരന് മാസ്റ്ററുടെ രചനകളിലെ ആത്മപരതയെ കുറിച്ച് പറഞ്ഞല്ലോ. ഇത് തികച്ചും സ്വാഭാവികമായി ഉണ്ടാവുന്നതാണ്. കാരണം അദ്ദേഹത്തിന്റെ ബാല്യം കാടിന്റെ ഭീകരതയും സൗന്ദര്യവും നാട്ടുദൈവങ്ങളുടെ സാമീപ്യവുമെല്ലാം ഇടകലര്‍ന്നതായിരുന്നു. മാനും നരിയും കരിനാടന്പാമ്പും നായാട്ടുകഥകളും കൊണ്ട് പേടിച്ചുപോവുന്ന ഒരു ആരണ്യകാണ്ഡം തന്റെ ബാല്യത്തിനുണ്ട് എന്ന് ഒരു പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ ശ്രീധരന് മാസ്റ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭയമെന്തെന്നറിയാതെ കുടുംബത്തെ രക്ഷിച്ചുപോന്നത് പൊട്ടന് തെയ്യമാണെന്ന് തങ്ങള്‍ വിശ്വസിച്ചെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ബാല്യം മുതല്‍ ആരോഗ്യമനുവദിച്ച കാലം വരെ തെയ്യസ്ഥാനങ്ങളിലെത്തി ഉറക്കമിളച്ചതിലൂടെ നേടിയ അറിവുകളോട് അക്കാദമിക പണ്ഡിതന്മാരുടെ അറിവുകള്‍ക്ക് തുല്യമല്ലല്ലോ. കോലക്കാരുമായി നിരന്തരം ഇടപെട്ടും തോറ്റം കേട്ടും അനുഷ്ഠാനങ്ങള്‍ നിരീക്ഷിച്ചും ഫോക്ലോര് പഠനത്തിന്റെ വേറിട്ട വഴിയിലൂടെ ആദ്യമായി സഞ്ചരിച്ച ചിറക്കല്‍ ടി. ബാലകൃഷ്ണന് നായരുടെ രചനകള്‍ക്കും കുട്ടമത്തിന്റെ രചനകള്‍ക്കും ചില സമാനതകള്‍ ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. തെയ്യമാവട്ടെ, പൂരക്കളിയാവട്ടെ, മറ്റേത് അനുഷ്ഠാനമാവട്ടെ, അതിനെ കുറിച്ച് സരസമായി എഴുതുമ്പോള്‍ ഇടയ്ക്ക് ചരിത്രത്തിന്റെ ഇരുളടഞ്ഞ ഗുഹാന്തര്ഭാഗങ്ങളിലേക്ക് വെളിച്ചം വീശുന്ന ചില വരികള്‍ നിരത്താറുണ്ട് ചിറക്കല്‍ ടി. ഈ ശീലം മറ്റൊരിടത്ത് കാണാന്‍ കഴിഞ്ഞത് കുട്ടമത്ത് ശ്രീധരന്റെ ലേഖനങ്ങളിലാണ്. കേരള ഭാഷാഗാനങ്ങള്‍ എന്ന പേരില്‍ ചിറക്കല്‍ ടി.ബാലകൃഷ്ണന് നായര്‍ സമാഹരിച്ച നാടന്‍പാട്ടുകളുടെ സമാഹാരത്തില്‍ കൊടുത്ത അടിക്കുറിപ്പുകള്‍ മാത്രം എടുത്താല്‍ ഉത്തരകേരളത്തിന്റെ ചരിത്രത്തെയും സാമൂഹ്യബന്ധങ്ങളെയും സംബന്ധിച്ച നിരവധി ഗവേഷണങ്ങളിലേക്ക് പടര്‍ത്താവുന്ന തീപ്പൊരികളാണ്. ഇതേ രീതിയിലാണ് കുട്ടമത്ത് തന്റെ ലേഖനങ്ങള്‍ക്കിടയില്‍ ചരിത്രാന്വേഷണത്തിലേക്കുള്ള ചില ചൂണ്ടുപലകകള്‍ സ്ഥാപിക്കുന്നത്.
കൊടക്കാട് കണ്ണപ്പെരുവണ്ണാന് എന്ന പ്രതിഭാധനനായ കോലക്കാരന്റെ ജീവിതം ചിലമ്പിട്ട ഓര്‍മ്മകള്‍ എന്ന പേരില്‍ ആത്മകഥാരൂപത്തില്‍ കുട്ടമത്ത് ശ്രീധരന് മാസ്റ്റര്‍ അവതരിപ്പിച്ചത് സാംസ്കാരിക കേരളം കൗതുകത്തോടെയാണ് സ്വീകരിച്ചത്. കൂടുവിട്ടുകൂടുമാറുന്ന തരത്തിലുള്ള ഇത്തരമൊരു രചനാരീതി മലയാളത്തില്‍ അത്യപൂര്‍വ്വമാണ്. കണ്ണപ്പെരുവണ്ണാനെ അറിയുന്നതിനൊപ്പം അദ്ദേഹം കൊണ്ടുനടന്ന അനുഷ്ഠാനത്തെയും ഒരു കാലഘട്ടത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തെയും കോറിയിട്ട കൃതിയായിരുന്നു ചിലമ്പിട്ട ഓര്‍മ്മകള്‍. പിന്നീട് അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ച കൃതികള്‍ കാലത്തില്‍ പതിഞ്ഞ കാല്പാടുകള്, പള്ളിശ്രീപീഠം, പെരുങ്കളിയാട്ടം, കുന്നിയൂര് കവികുലം എന്നിവയാണ്. ആനുകാലികങ്ങളിലും സ്മരണികകളിലുമായി വെളിച്ചംകണ്ട നിരവധി ലേഖനങ്ങള്‍ സമാഹരിക്കപ്പെടേണ്ടതായുണ്ട്. കേരളത്തിന് പ്രാചീന വിജ്ഞാനത്തിന്റെയും കവിതയുടെയും കലകളുടെയും ഭണ്ഡാകാരങ്ങള്‍ മലര്‍ക്കെ തുറന്നുകൊടുത്ത കുട്ടമത്ത് കുന്നിയൂര് എന്ന തറവാടിന്റെ മഹിതപാരമ്പര്യത്തിന്റെ കണ്ണിയായി മഹാകവി കുട്ടമത്തിന്റെ ദൗഹിത്രനായി ജനിച്ച ശ്രീധരന് മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു ആ തറവാടിന്റെ കാവ്യപാരമ്പര്യത്തെ കുറിച്ചുള്ള സമഗ്രപഠനം. എന്നാല്‍ ആ പഠനത്തിന് നേരത്തെ തുടക്കം കുറിച്ചെങ്കിലും എഴുതിത്തുടങ്ങിയപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അദ്ദേഹത്തെ വേട്ടയാടിത്തുടങ്ങിയിരുന്നു. എങ്കിലും ആ പഠനം അദ്ദേഹം പൂര്‍ത്തിയാക്കി. കുന്നിയൂര് കവികുലം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ ആ കൃതി ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയ അവസാനകാലത്താണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.
അദ്ധ്യാപകനെന്ന നിലയിലും സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അത്യുത്തരകേരളത്തില്‍ സജീവസാന്നിധ്യമായിരുന്നു കുട്ടമത്ത് ശ്രീധരന് മാസ്റ്റര്‍. നാലഞ്ച് പുസ്തകങ്ങളല്ലാതെ കൂടുതലൊന്നും എഴുതിയില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകളിലെ മൗലികതയെ തിരിച്ചറിഞ്ഞ കുറച്ചുപേരെങ്കിലും കേരളത്തിലുണ്ട്. ചരിത്ര ഗവേഷണവും നാടന്‍കലാ പോഷണവും ലക്ഷ്യമിട്ട് സ്ഥാപിച്ച മാന്വല്‍ കമ്മിറ്റിയുടെയും കൊടക്കാട് കലാനികേതന്റെയും തുടക്കക്കാരിലൊരാളായിരുന്നു കുട്ടമത്ത് ശ്രീധരന്. ആദ്യകാലത്ത് ഈ കൂട്ടായ്മകളില്‍ കൂടെയുണ്ടായിരുന്നവരില്‍ ചിലരെങ്കിലും ഗവേഷണ മേഖലയില്‍ ഉയരങ്ങളിലെത്തിയെങ്കിലും അവര്‍ പിന്‍പറ്റിയ പ്രത്യയശാസ്ത്രങ്ങളോട് വിമുഖനായതിനാല്‍ ശ്രീധരന് മാസ്റ്റര്‍ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെടുകയായിരുന്നു. എങ്കിലും തന്റെ ആദര്‍ശങ്ങളിലുറച്ചു നിന്ന് താന്‍ പഠിച്ചറിഞ്ഞവ മറ്റുള്ളവരുമായി പങ്കുവച്ചും അദ്ദേഹം ജീവിച്ചു. ആ ജീവിതത്തിന് അര്‍ഹമായ അംഗീകാരം അദ്ദേഹത്തെ സ്നേഹിക്കുന്നവരില്‍ നിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ടി.ഉബൈദ് സ്മാരക അവാര്‍ഡും സര്‍വ്വമംഗള ട്രസ്റ്റിന്റെ ടി.ലക്ഷ്മണന് സ്മാരക അവാര്‍ഡുമൊക്കെ അതിനുദാഹരണമാണ്. കേരള ഫോക്ലോര് അക്കാദമിയുടെ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈമാസം 30ന് വേര്‍പാടിന്റെ ഒരു വര്‍ഷം തികയുമ്പോള്‍ കുട്ടമത്ത് ശ്രീധരന് എന്ന കര്‍മ്മയോഗിയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ നമസ്കരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: