തിരുവനന്തപുരം: കേരളത്തിലെ സെക്രട്ടേറിയറ്റ് സര്‍വീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉടന്‍ രൂപീകരിക്കണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. നിലവിലുള്ള ഐഎഎസ് ക്വാട്ട നികത്തുവാനാണ് കെഎഎസ് രൂപീകരണം എന്ന നിലപാട് ശരിയല്ല.
കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പരിഗണന കൊടുക്കേണ്ടതെന്നും എന്‍ജിഒ സംഘ് ചൂണ്ടിക്കാട്ടി.കേരളത്തിലെ മുഴുവന്‍ വകുപ്പുകളിലെയും സെക്കന്‍ഡ് ഗസറ്റഡ് തസ്തികയിലെ നിശ്ചിതശതമാനം കെഎഎസില്‍ ഉള്‍പ്പെടുമ്പോള്‍ പ്രൊഫഷണല്‍ യോഗ്യത വേണ്ടിവരുന്ന ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകളെ അതില്‍നിന്ന് ഒഴിവാക്കണം. പല വകുപ്പുകളിലും 35 ഉം 30 ഉം വര്‍ഷങ്ങള്‍ക്കുശേഷം സര്‍വീസിന്റെ അവസാനകാലത്താണ് പലരും സെക്കന്‍ഡ് ഗസറ്റഡ് പോസ്റ്റില്‍ എത്തുന്നത്. അപ്പോഴേക്കും അവര്‍ക്ക് കെഎഎസില്‍ എത്തുന്നതിനോ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനോ ഉള്ള കാലപരിധിയും കഴിഞ്ഞിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് നിലവിലുള്ള ജീവനക്കാരുടെ പ്രമോഷന് സാധ്യതകള്‍ തടസ്സപ്പെടാത്ത രീതിയിലാകണം കെഎഎസ് രൂപീകരിക്കേണ്ടത്.
കേരളത്തില്‍ നിയമിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷനുകളൊക്കെ പൊതുധനം ധൂര്‍ത്തടിക്കുന്ന വെള്ളാനകളാണ്. മുമ്പുണ്ടായിരുന്ന മൂന്ന് ഭരണപരിഷ്കാര കമ്മീഷനുകളുടെയും റിപ്പോര്‍ട്ടുകള്‍ സെക്രട്ടേറിയറ്റിനുള്ളിലെ അലമാരകളില്‍ പൊടിപിടിച്ചിരിപ്പുണ്ട്. പുതുതായി നിയമിച്ച മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടിനും അതേഗതിയായിരിക്കും ഉണ്ടാകുക. നടപ്പിലാക്കാന്‍ നിയമപരമായി യാതൊരു ബാധ്യതയും ഇല്ലാത്ത ഇത്തരം കമ്മീഷനുകളുടെ പരിഗണനയ്ക്ക് കെഎഎസ് രൂപീകരണം സംബന്ധിച്ച തീരുമാനത്തിന് വിടാതെ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.
കെഎഎസിലെ മുഴുവന്‍ ജീവനക്കാരുടെയും പെന്‍ഷന്‍പ്രായം 60 വയസ്സായി നിശ്ചയിക്കണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളാണ് എന്‍ജിഒ സംഘ് മുമ്പും സമര്‍പ്പിച്ചിട്ടുള്ളത്. സെക്രട്ടറിതല ചര്‍ച്ചയില്‍ എന്‍ജിഒ സംഘിനെ പ്രതിനിധീകരിച്ച് സംസ്ഥാനപ്രസിഡന്റ് പി. സുനില്‍കുമാര്‍, സെക്രട്ടറി എസ്.കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: