പാലക്കാട്: നഗരത്തിലെ അനധികൃത കയ്യേറ്റംഒഴിപ്പിക്കല് നടപടി ആരംഭിച്ചു. കടകള്‍ക്ക് അനുവദിച്ചതിലധികം സ്ഥലം മുന്നിലും പിന്നിലും കയ്യേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. റവന്യൂ,എഞ്ചിനിയറിംഗ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരടങ്ങിയ സ്ക്വാഡാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.
യാത്രക്കാര്‍ക്ക് നടക്കുവാന്‍പോലും പറ്റാത്തവിധത്തില്‍ നടപ്പാത മാത്രമല്ല റോഡ് വരെ കയ്യേറിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ രണ്ടാഴ്ച്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഒഴിയാത്ത കടകള്‍ക്കെതിരെയാണ് ഇന്നലെ നടപടി ആരംഭിച്ചത്.
ഒലവക്കോട്, സ്റ്റേഡിയം ബസ് സ്റ്റാന്റ്, റോബിന്‍സണ്‍ റോഡ് എന്നിവിടങ്ങളിലാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ഒലവക്കോട് രണ്ട് കെട്ടിടങ്ങളാണ് പ്രധാനമായും പൊളിച്ചു നീക്കിയത്. മിക്കതും പുറമ്പോക്കുഭൂമിയിലേക്ക് തള്ളി നീക്കി കെട്ടിയവയാണ് ഒഴിപ്പിച്ചത്.
നഗരസഭ നേരത്തെ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് പലരും സ്വമേധയാ ഉള്ളിലേക്ക് മാറ്റി കെട്ടിയിരുന്നു. സ്റ്റേഡിയം സ്റ്റാന്റിനു സമീപം പലകടകളും നടപ്പാതകളാണ് കയ്യേറിയിരുന്നത്. ഇവയെല്ലാം ഒഴിപ്പിച്ചു. ചിലയിടങ്ങളില്‍ തര്‍ക്കങ്ങളുണ്ടായെങ്കിലും പോലീസ് ഇടപെടലിനെ തുടര്‍ന്ന് രംഗം ശാന്തമായി. മുന്‍കാലങ്ങളിലെ എതിര്‍പ്പ് ഇത്തവണ ഉണ്ടായില്ലെന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വ്യാഴാഴ്ചകളിലും നടപടി തുടരുവാനാണ് തീരുമാനമെന്ന് സെക്രട്ടറി വി.എ.സുള്‍ഫിക്കര്‍ പറഞ്ഞു.
എഇമാരായ സ്മിത, ബീന,ശിവദാസ്, സ്വാമിദാസ്, ആര്ഐമാരായ നൗഷാദ്,സീതാലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലങ്ങല്‍ ഒഴിപ്പിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കയ്യേറ്റം മാറ്റിയത്.
നഗരസഭയുടെ സ്ഥലങ്ങള്‍ കൈയേറി താത്കാലികവും അല്ലാത്തതുമായ കെട്ടിടങ്ങള്‍ പലയിടത്തും ഉയരുന്നുണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭരണസമിതി ഇതിനെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. പലയിടത്തും വര്‍ഷങ്ങളായി വിവിധ തരം കച്ചവടങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും മുന്‍ ഭരണസമിതികള്‍ മൗനം പാലിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും ഒത്താശയോടെയാണ് ഇവയെല്ലാം നടന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: