ന്യൂദല്‍ഹി: ഉല്‍പ്പന്ന സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് വൈകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനായിരുന്നു ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അസാധ്യമാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സപ്തംബര്‍ മുതല്‍ ജിഎസ്ടി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗുജറാത്ത് ധനമന്ത്രി നിതിന്‍ഭായ് പട്ടേല്‍ പ്രതികരിച്ചു. ജിഎസ്ടി ബില്ല് ചര്‍ച്ചയുടെ രണ്ടാം ദിവസമായ ഇന്ന് ബജറ്റ് പൂര്‍വ ചര്‍ച്ചകള്‍ നടക്കും.
ഭൂരിഭാഗം വ്യവസ്ഥകളിലും സംസ്ഥാനങ്ങളും കേന്ദ്രവും അഭിപ്രായ സമന്വയത്തിലെത്തിയെങ്കിലും ചില വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഇരട്ട നിയന്ത്രണം, ഒന്നരക്കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി വരുമാനം എന്നിവയില്‍ തീരുമാനമായില്ല. ഇതില്‍ ഇന്ന് ചര്‍ച്ച നടക്കും.
ഒന്നരക്കോടി രൂപ വരെ വരുമാനമുള്ളവരില്‍ നിന്ന് സംസ്ഥാനം സ്വന്തം നിലക്ക് നികുതി പിരിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വായ്പകള്‍ എടുക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം നാലു ശതമാനക്കണമെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നിലവില്‍ സംസ്ഥാന വരുമാനത്തിന്റെ മൂന്നു ശതമാനമാണ് വായ്പയായി ലഭിക്കുന്നത്. ബജറ്റ് സമ്മേളനത്തില്‍ ജിഎസ്ടി ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: