മാനന്തവാടി: റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനക്ക് മേപ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് ജാമ്യം അനുവദിക്കാന്‍ കാരണം.
മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയ്ക്ക് പെരുമ്പാവൂരില്‍ ഒളിത്താവളം ഒരുക്കിയിരുന്നത് രൂപേഷിന്റെ ഭാര്യ ഷൈനയായിരുന്നു. 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ല സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, രൂപേഷ് പ്രതിയായ രണ്ട് കേസുകളില്‍ പൊലീസ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2013ല്‍ തരിയോട് കരിങ്കണ്ണി കോളനിയില്‍ ആശയ പ്രചാരണം നടത്തിയതിന് പടിഞ്ഞാറത്തറ പോലീസും 2014ല്‍ തിരുനെല്ലി അഗ്രഹാരം റിസോട്ട് തല്ലിത്തകര്‍ത്തതിന് തിരുനെല്ലി പോലീസും രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്നത് രൂപേഷാണ്.
വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ 12 കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: