ന്യൂദല്‍ഹി: ശശികലയെ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ശശികലയ്ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ ഒരു സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ശശികല സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കേസില്‍ വിധി വരുകയാണെങ്കില്‍ അവര്‍ക്ക് രാജിവയ്ക്കേണ്ടി വരും. അതിനാല്‍ സുപ്രീംകോടതി അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് തീരുമാനം എടുക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
ഇത്തരം വിഷയങ്ങളില്‍ ഗവര്‍ണറാണ് തീരുമാനം എടുക്കേണ്ടത്. അങ്ങനെയൊരു തീരുമാനം വരട്ടെ. അതിന് ശേഷമാകാം ഇടപെടലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ചയ്ക്കകം വിധി വരുമെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: