പുരട്ചിതലൈവിയുടെ ശവകുടീരത്തില്‍ വലംകൈയുയര്ത്തിയടിച്ച് ‘തിരുമ്പിവറേന്’ എന്ന് മൂന്ന് വട്ടം ആണയിട്ട് ചിന്നമ്മ പരപ്പന അഗ്രഹാര ജയിലിലേക്ക് പോയതിനുപിന്നാലെ എടപ്പാടി പളനിസാമി നേതാവിന്റെ കുപ്പായമണിഞ്ഞിരിക്കുന്നു. ജയലളിത ജയില്‍ കയറിയപ്പോള്‍ പകരമെത്തിയ പനീര്‍ ശെല്വത്തെപ്പോലെയാണ് ചിന്നമ്മയുടെ പകരക്കാരനായി അവരോധിക്കപ്പെടുന്ന പളനിസാമി ഗൗണ്ടര്‍ എന്നാണ് വിലയിരുത്തലുകള്‍.
മന്നാര്‍ഗുഡി മരുമകളുടെ വിധേയനും മനഃസാക്ഷിസൂക്ഷിപ്പുകാരനുമാണ് പോലും എടപ്പാടിക്കാരുടെ എംഎല്‍എ. ബന്ധുക്കളെയും കൂട്ടക്കാരെയും വിളിച്ചുവരുത്തി പാര്‍ട്ടിയുടെ താക്കോലും കണക്കുപുസ്തകവും ഏല്‍പ്പിച്ചിട്ടാണ് ശശികല ജയില്‍വാസത്തിന് പോയത്. അതുക്ക് പിന്നാലെ പളനിസാമി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണാന്‍ പോയി. ചിന്നമ്മയില്ലെങ്കില് വിധേയന് മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കണമെന്നായി ആവശ്യം. കൂവത്തൂരില്‍ അടച്ചിടപ്പെട്ട എംഎല്‍എമാരുടെ രഹസ്യയോഗം നല്കിയ പിന്തുണയുമായാണ് പളനിസാമി ഗവര്‍ണറെ കണ്ടത്. പിന്നാലെ തമിഴകരാഷ്ട്രീയത്തിലും ഒരു തിരിഞ്ഞുകൊത്തലിന് ഇടമുണ്ടെന്ന് തീര്‍ത്തും അപ്രതീക്ഷിതമായി കാട്ടിത്തന്ന ഒ. പനീര്‍ശെല്‍വവും എത്തി.
എന്തായാലും ഗവര്‍ണര്‍ പളനിസാമിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്കി. തമിഴകം ആര് വാഴുമെന്നറിയാന്‍ ഇനി അടുക്കളപ്പോരാട്ടത്തിന്റെ പതിനഞ്ച് ദിനരാത്രങ്ങള്‍. നിയമസഭയില്‍ പളനിസാമി തോറ്റാല്‍ പിന്നെ പനീര്യുഗം. ശെല്‍വത്തിന് കൂട്ടായി സ്റ്റാലിനും കൂട്ടരും. രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ മൂര്‍ധന്യത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ആഹ്വാനവും പാര്‍ട്ടികളുടെ അണിയറയില്‍ മുഴങ്ങുന്നുണ്ട്.
പതിനഞ്ച് നാള് മുതല്വനാവാന് അവസരം സിദ്ധിച്ച പളനിസാമി ശശികലയ്ക്കും മുന്നേ പാര്‍ട്ടിയില്‍ കേമനായ ആളാണ്. പേരുകേട്ട ഗൗണ്ടര്‍ കുടുംബക്കാരന്. ഏഴൈതോഴന്‍ എംജിആറിന്റെ വിശ്വസ്തന്. അണ്ണന് അന്തരിച്ചപ്പോള്‍ ഇദയക്കനിക്കൊപ്പം നിഴലായി. ജയലളിതയുടെ വാഴ്ചക്കാലത്ത് നാല്‍വര്‍ അണി എന്ന് പേരുകേട്ട ഉപജാപകസംഘത്തിലെ മുമ്പന്‍. പാര്‍ട്ടിയുടെ അടുക്കളയില്‍ എന്നും പനീര്‍ശെല്‍വത്തിന് പിന്നില്‍ സ്ഥാനം.
ഉമ്മറത്ത് അമ്മയും ചാരത്ത് തോഴിയും ‘രണം പൊടിക്കുമ്പോള്‍ അടുക്കളയില്‍ പനീറും ഗൗണ്ടറും അടങ്ങുന്ന നാല്‍വര്‍ അണി ജാതി സമവാക്യങ്ങള്‍ തെറ്റാതെ പാര്‍ട്ടി അടവുകള്‍ പാകം ചെയ്തെടുത്തു. പകയുടെ ചൂടും ചൂരുംകൊണ്ട് തമിഴകത്ത് തീ പടര്‍ത്തിയതില്‍ കരുത്തനായ പളനി ഗൗണ്ടര്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. വയോവൃദ്ധനായ കരുണാനിധിയെ വീട്ടിനുള്ളില്‍ നിന്ന് പിടിച്ചിറക്കി പോലീസ് വാനില്‍ കയറ്റുമ്പോഴും കാഞ്ചി ശങ്കരാചാര്യര്‍ സ്വാമി ജയേന്ദ്രസരസ്വതിയെ പൂജാമുറിയില്‍ നിന്ന് മര്യാദ കാട്ടാതെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും ജയയ്ക്കുപിന്നില് അട്ടഹാസവുമായി പളനിസാമിയുടെ നിഴല്‍ നിന്നു.
എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് കണ്ണീരോടെ ഇറങ്ങേണ്ടി വന്ന ജയയെ പാര്‍ട്ടിയുടെ തട്ടകത്തിലേക്ക് ആനയിക്കുന്നതിനുപിന്നിലും എടപ്പാടി സാമി തന്നെയായിരുന്നു. പാര്‍ട്ടിയിലും പുറത്തും ജയലളിതയുടെ ദൂതനായിരുന്നു സാമി. പനീര്‍ശെല്‍വത്തിന് താഴെ ആര്. വിശ്വനാഥനും വാത്തിലിംഗത്തിനും മേലെ ജയയുടെ മന്ത്രിസഭയില്‍ പളനിസാമി തുടര്‍ച്ചയായി ഇടം പിടിച്ചതും അങ്ങനെയാണ്. ജയലളിതയ്ക്ക് തമിഴകത്ത് ഭരണത്തുടര്‍ച്ച നല്‍കിയത് സാമിയുടെ സമുദായവോട്ടിന്റെ കരുത്താണെന്നും വിലയിരുത്തപ്പെടുന്നു. പളനിസാമി നിയന്ത്രിക്കുന്ന പടിഞ്ഞാറന്‍ തമിഴകം ഗൗണ്ടര്‍ വോട്ടിന്റെ പിന്‍ബലത്തിലാണ് എഐഎഡിഎംകെ തൂത്തുവാരിയത്. എടപ്പാടി ഉള്‍പ്പെടുന്ന സേലം ജില്ലയിലെ ആകെയുള്ള പതിനൊന്ന് സീറ്റില്‍ പത്തും അമ്മയ്ക്കൊപ്പം നിന്നതും പളനിസാമിയുടെ പ്രൗഡിയിലാണ്. എന്നിട്ടും മന്ത്രിസഭയിലും പാര്‍ട്ടിയിലും പനീര്‍ശെല്‍വത്തിന് താഴെ നില്‍ക്കാനായിരുന്നു വിധേയന്റെ വിധി.
ജയയുടെ മരണം സ്ഥിരീകരിക്കപ്പെട്ടതിനുശേഷം തമിഴകത്തിന്റെ മുഖ്യമന്ത്രിയായി ശശികല വരണമെന്ന് പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ടാണ് എടപ്പാടി പളനിസാമി മന്ത്രിസഭയിലെ മുമ്പനായ പനീര്‍ശെല്‍വത്തിനെതിരെ കലാപത്തിന്റെ കൊടിപൊക്കിയത്. പാര്‍ട്ടിയോഗങ്ങളിലും പുറത്തും പരസ്യമായി പളനിസാമി ഈ നിലപാട് ആവര്‍ത്തിച്ചതോടെ പനീര്‍ പണി മതിയാക്കുകയായിരുന്നു. തന്റെ രാജി സമ്മര്‍ദ്ദം ചെലുത്തി എഴുതിവാങ്ങിയതാണെന്ന ശെല്‍വത്തിന്റെ പരാതിയുടെ ആണിക്കല്ല് പളനിസാമിയുടെ ശശികലാസ്തുതിയാണ്. മുഖ്യമന്ത്രിയായ തന്നെ പരസ്യമായി അപമാനിക്കുകയാണ് പാര്‍ട്ടിയിലെ ചില പ്രധാനികള്‍ ചെയ്തതെന്ന് ആ രാത്രി പനീര്‍ശെല്‍വം വിളിച്ചുപറഞ്ഞതും സാമിയെ ചൂണ്ടിയാണ്.
1974 മുതലുണ്ട് അറുപത്തിമൂന്നുകാരനായ പളനിസാമി പാര്‍ട്ടിയില്‍. തൊഴേണ്ടവരെ തൊഴുതും തൊഴിക്കേണ്ടവരെ തൊഴിച്ചും എടപ്പാടി തേവര് പാര്‍ട്ടിയിലും പാര്‍ലമെന്റിലും പിടിച്ചുകയറിയത് മിന്നല്‍വേഗത്തിലായിരുന്നു. നാല് തവണ എടപ്പാടിയില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയ പളനിസാമി ഒരിക്കല്‍ ലോക്സഭയിലുമെത്തി. 1998ല്‍ തിരുച്ചെങ്കോട്ട് നിന്നായിരുന്നു ആ വിജയം.
ജയലളിതയുടെ മരണത്തോടെ അനാഥമായ പാര്‍ട്ടിയില്‍ അരചനാവാനുള്ള ഊഴം തനിക്കെന്ന് കരുതിക്കൂട്ടിയിരുന്നതുപോലെയാണ് പളനിസാമിയുടെ നീക്കങ്ങള്‍. എംജിആര്‍ മരണമടഞ്ഞപ്പോള്‍ ജയയ്ക്കൊപ്പം നിന്ന് ജാനകി രാമചന്ദ്രനെതിരെ പോരാടിയ അതേ വീറോടെയാണ് സാമി ശശികലയെ വാഴിക്കാന്‍ അരയും തലയും മുറുക്കിയത്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആ രാത്രിയില്‍ ഉയര്‍ന്ന ഏക അപസ്വരം സാമിയുടേതായിരുന്നു എന്ന് കേള്‍ക്കുന്നു. എന്നും തനിക്കുമുന്നില്‍ കയറിനില്‍ക്കുന്ന ശെല്‍വത്തിന്റെ രാജയോഗത്തോട് പളനിസാമിക്കുള്ള ഈര്‍ഷ്യ അത്ര രഹസ്യമായിരുന്നില്ല താനും. ആര്‍ത്തി അടിസ്ഥാനസ്വാഭാവമാക്കിയ ചിന്നമ്മയെ അമ്മയായി വാഴിക്കാനുള്ള സാമിയുടെ കുബുദ്ധി കൂവത്തൂര്‍ റിസോര്‍ട്ടിലെ തടവുപാളയത്തില്‍ വരെ കാര്യങ്ങള്‍ എത്തിച്ചു. അനധികൃത സ്വത്തിടപാടിലെ സുപ്രീംകോടതി വിധി ശശികലയെയും ആഗോള മതേതര മുതലുകള്‍ ഉണ്ടുറങ്ങിക്കഴിയുന്ന പരപ്പന ജയിലിലേക്ക് എത്തിച്ചതോടെ പളനിസാമി വിരിച്ച വലയിലായിരിക്കുന്നു കാര്യങ്ങള്‍.
ഇനി പതിനഞ്ച് നാളുകള്‍. ശശികല ക്യാമ്പിന് ഇപ്പോള്‍ എടപ്പാടി ക്യാമ്പെന്നാണ് പേര്. മറുപുറത്ത് ഭസ്മക്കുറിയിട്ട് പതിവുപോലെ ഒപിഎസ്. തമിഴകരാഷ്ട്രീയത്തിന് ഒട്ടും പരിചിതമല്ലാത്തതാണ് വിധേയന്മാരുടെ പോര്. തലൈവര്‍ക്ക് മുന്നില്‍ ഇരിക്കാന്‍ കൂടി മടിച്ച് വാക്കൈപൊത്തി നിന്നിരുന്ന തൊമ്മിമാര്‍ അരയ്ക്ക് കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ച് തലയില്‍ കെട്ടിയിരിക്കുന്നു. കൂവത്തൂര്കോട്ട പിടിക്കാനുള്ള തന്ത്രങ്ങള്‍ ഇരുപാളയങ്ങളിലും മെനഞ്ഞുതുടങ്ങിയിരിക്കുന്നു. അധികാരത്തിലേക്കുള്ള വഴിയിലെ പോരാട്ടത്തിനിടയില്‍ നാട് ഉറക്കെ ചോദിച്ച ചോദ്യങ്ങള്‍ ബാക്കിയാണ്. എടപ്പാടിയും ശശികലയും ചിന്നമ്മയും ഇത്രകാലം കുമ്പിട്ടുവണങ്ങിയ വേദനിലയത്തിലെ അമ്മ ഇല്ലാതായതിന്റെ പിന്നാമ്പുറ കഥകള്‍ ആര് പുറത്തുകൊണ്ടുവരുമെന്നതാണ് ആ ചോദ്യം. അതിന്റെ ഉത്തരത്തിലുണ്ട് വിധേയത്വത്തിന്റെ തനിനിറം എന്ന് കരുതുന്നവരാണ് ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: