തിയ്യാടി രാമന് നമ്പ്യാര്‍ ഉദയാസ്തമന കൂത്ത് അവതരിപ്പിക്കുന്നു
വടകര ചേന്ദമംഗലത്തുനിന്ന് 1985ല്‍ ‘ഉദയാസ്തമനകൂത്ത്’ നിവര്ത്തിച്ചുതരുവാന് തിയ്യാടി നമ്പ്യാര്ക്കുവന്ന ക്ഷണം കേട്ട് നമ്പ്യാര്‍ തരിച്ചിരുന്നുപോയി. അയ്യപ്പന്തിയ്യാട്ടിന്റെ എല്ലാഭാഗവും വിസ്തരിച്ച് അവതരിപ്പിക്കേണ്ട ഒന്നാണ് ‘ഉദയാസ്തമനക്കൂത്ത്’. 20 വര്‍ഷം മുമ്പാണ് അവസാനമായി അതരങ്ങേറിയത്. അന്നത്തെ മഹാരഥന്മാരെല്ലാം അനശ്വരന്മാരായിത്തീര്ന്നു. എല്ലാ നമ്പ്യാര്‍മാരും പരസ്പരം ആലോചിച്ചു. ഇതെല്ലാം കഥയായിക്കഴിഞ്ഞു.
ഇനി ഉദയാസ്തമനത്തെപറ്റി ചിന്തിക്കാനില്ലാതായിക്കഴിഞ്ഞു എന്ന നിഗമനത്തിലെത്തി. അപ്പോഴാണ് ആശ്വാസത്തിന്റെ കിഴക്കിനി വരാന്തയില്‍ ഉദയരാശിതെളിഞ്ഞത്. പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്ന മുണ്ടായ ശങ്കരന് നമ്പ്യാര്‍ ഉദയാസ്തമനം പൂര്‍ണ്ണമായി തനിക്കറിയാമെന്നും കാലങ്ങള്‍ക്കുമുമ്പ് ചെയ്ത് ശീലിച്ചതാണെന്നും വെളിപ്പെടുത്തുന്നത്. അങ്ങനെ ചേന്ദമംഗലത്ത് ഭക്ത്യാദരപൂര്‍വം അയ്യപ്പന് തിയ്യാട്ട് നടന്നു.
അവിടെനിന്നുമാണ് ഇതേപ്പറ്റി അല്‍പ്പം അറിയുന്ന ചിലര്‍ ചേര്‍ന്ന് ഉദയാസ്തമനത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശ്രമംതുടങ്ങിയത്. അതോടെ അന്യം നില്‍ക്കേണ്ട അയ്യപ്പന്‍തിയ്യാട്ട് പൂര്‍ണ്ണമായും അറിയുന്നവരുടെ എണ്ണം കൂടി. ഇക്കാലം ഇതിന്റെ സുവര്‍ണ്ണകാലഘട്ടം എന്നാണ് തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന മുളംങ്കുന്നത്തുകാവ് തിയ്യാടി രാമന് നമ്പ്യാരുടെ അഭിപ്രായം. ഭാരതത്തിലെമ്പാടും അയ്യപ്പന് തിയ്യാട്ട് അവതരിപ്പിച്ചു വരുന്ന വരില്‍ ഒരാളാണ് രാമന് നമ്പ്യാര്‍. തൗര്യത്രിക കലകള്‍ ഉള്‍ക്കൊള്ളുന്ന തിയ്യാട്ടില്‍ ഒരാള്‍തന്നെയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. കളമെഴുത്ത്, പാട്ട്, നൃത്തം, വാദ്യം പന്തീരായിരം, കനലാട്ടം എന്നിവ ഉള്‍ക്കൊണ്ട് രണ്ടു ദിവസംകൊണ്ട് തീര്‍ക്കുന്ന ‘ഉദയാസ്തമനക്കൂത്ത്’ അവതരിപ്പിക്കാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിത്തീര്‍ന്നു.
അയ്യപ്പനെ വിവിധരീതിയില്‍ ആചാരഭേദങ്ങളാല് ഭജിച്ചുവരുന്ന നാടാണ് മലയാളക്കര. വിവിധ സമുദായങ്ങള്‍ ഈ ഹരിഹരശക്തിയെ ആചാരപൂര്‍വം ആരാധിക്കുന്നു. തിയ്യാടി നമ്പ്യാരെന്ന വിഭാഗം ചാലക്കുടി പുഴയ്ക്ക് വടക്കാണ് താമസിച്ചുവരുന്നത്. അതെല്ലാം അയ്യപ്പക്ഷേത്രസേങ്കതങ്ങളിലുമാണ്. തെക്കന്‍ നാടുകളില്‍ തിയ്യാട്ടുണ്ണികള്‍ എന്ന വിഭാഗം ഭദ്രകാളി തിയ്യാട്ടു നടത്തി വരുന്നുണ്ട്.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ തിയ്യാട്ടിനെ സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം തിയ്യാടി രാമന് തയ്യാറാക്കി. ഇതേപ്പറ്റി ഡോക്യുമെന്റെറികളും വന്നിട്ടുണ്ട്. ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഈ ഈശ്വരീയ കല പുറംവേദികളിലും വന്നുതുടങ്ങിയതോടെ ജനകീയമായി. ക്ഷേത്രകലകള്‍ക്ക് ഇത്തരം വേദികള്‍ തുണയായിത്തീര്‍ന്നു.
മുണ്ടായ, മുളങ്കുന്നത്തുകാവ്, മലമക്കാവ് ചെറുപ്പളശ്ശേരി, തായങ്കാവ്, പെരുമ്പിലാവ്, പുളിങ്കാവ്, പുത്തന്‍ചിറ എന്നീ ഗ്രാമങ്ങളിലാണ് തിയ്യാടി ഗൃഹങ്ങളുള്ളത്. അയ്യപ്പക്ഷേത്രനടവഴികളിലാണ് ഈ കുടുബങ്ങളുടെ വാസം. നൂറ്റമ്പതോളം കുടുംബാംഗങ്ങളാണ് ആകെയുള്ളത്. പലരും ഉദ്യോഗാര്‍ത്ഥം വിവിധനാടുകളില്‍ താമസിക്കുന്നതിനാല്‍ ഈ കലയുമായി പലര്‍ക്കും ബന്ധംതന്നെ ഇല്ലാതായിക്കഴിഞ്ഞു. പുതിയ തലമുറക്കാര്‍ ഇതുമനസിലാക്കുവാന് ശ്രമം നടക്കുന്നുണ്ട്.
കഥകളിയുടെ ഏഴു പോറ്റമ്മമാരില് ഒന്ന് തിയ്യാട്ടാണ് എന്നാണ് കള്ളിമംഗലഭാഷ്യം. സ്തോഭരഹിതക്കൂത്താണ് തിയ്യാട്ടിലേത്. ഭക്തിനിറയുന്ന അവതരണം തിയ്യാട്ടില്‍ കാണുന്നപോലെ മറ്റൊന്നിലും കാണില്ല. ചെമ്പട, അടന്ത, ചെമ്പ, ഏകതാളം, അരച്ചെമ്പട, പഞ്ചാരി എന്നിവ ഇരട്ടിപ്പിടിച്ച് തകൃത വൃത്തിയായി കൊട്ടുന്നതും അതുപോലെ നൃത്തം ചവിട്ടുന്നതും തിയ്യാട്ടില്‍ കാണാന്‍ കഴിയും. താളത്തില്‍ അടിയുറച്ച അവഗാഹമുള്ളതിന്നാല് ഇതെല്ലാം ഭംഗിയാക്കുവാന്‍ ഇവര്‍ക്കു സാധിക്കും. തായമ്പകയിലെ ഒരുകാലത്തെ പ്രശസ്തനായിരുന്നു മലമക്കാവ് തിയ്യാടിയിലെ നമ്പ്യാര്‍. അദ്ദേഹത്തിനും ശേഷമായിരുന്നു മലമക്കാവ് കേശവപ്പൊതുവാള്‍ വന്നത്.
ചാലക്കുടി പുഴയ്ക്ക് വടക്കാണ് തിയ്യാട്ടു നിലനില്‍ക്കുന്നതെങ്കിലും കോഴിക്കോടിന് വടക്കാണ് ഇതിന് ധാരാളം വേദികള്‍. വൃശ്ചികം മുതല്‍ മഴകൂട്ടിപ്പിടിക്കുന്ന ഇടവമാസം വരെ തിയ്യാട്ട് കാണും. മഴക്കാലത്ത് അഭ്യാസക്കാലമാണ്. ചെണ്ട സാധകം, നൃത്തസാധകം എന്നിവ ഇക്കാലത്താണ്. പഴയകാലത്ത് ഇവരൊന്നും പരസ്പരം മറ്റ് നമ്പ്യാന്മാരുടെ തിയ്യാട്ട് കാണുകപോലും ഇല്ലായിരുന്നു. അനുകരണം ശീലമാക്കാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ പുലവാലായ്മ വന്നാല്‍ പരസ്പരം സഹകരിച്ചും മറ്റും നടത്തിവരാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: