തിരുവനന്തപുരം: സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പഴി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. നോട്ട് നിരോധനം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുവെന്ന ആരോപണത്തോടെയാണ് അദ്ദേഹം തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രതിസന്ധി മറികടക്കാന്‍ ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കുന്നത്. നോട്ട് നിരോധനം മൂലം സംസ്ഥാനത്ത് നിക്ഷേപങ്ങളിൽ വൻതോതിൽ കുറവുണ്ടായെന്നും അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം. ജനങ്ങൾ അതെല്ലാം അനുഭവിക്കേണ്ട ദുരവസ്ഥയാണെന്ന് ധനമന്ത്രി പറയുന്നു.
റവന്യൂ ചെലവിന്റെ വർധനയ്ക്കു തടയിടാനാകാത്ത സ്ഥിതി, റവന്യൂ കമ്മിയിൽ കുറവു വരുത്താനാവില്ലെന്നതാണ് യാഥാർഥ്യം. ബാങ്കുകളിൽ പണമുണ്ട് എന്നാൽ വായ്പയെടുക്കാൻ ആളില്ല എന്ന സ്ഥിതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.. ബാങ്ക് വായ്പയിൽ 4.7 ശതമാനം മാത്രമേ വർധനവുണ്ടായുള്ളൂ എന്നതിൽ നിന്നുതന്നെ ഇത് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു.
റവന്യൂ ചെലവ് കുറയ്ക്കാൻ കഴിയില്ലെന്നും അങ്ങനെയെങ്കിൽ റവന്യൂ കമ്മി കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കിഫ്ബിയുടെ രൂപീകരണം സംസ്ഥാനത്ത് പദ്ധതികൾക്ക് പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. കിഫ്ബിക്ക് 11,000 കോടിയുടെ പദ്ധതി അടങ്കലിന് അനുമതി ലഭിച്ചു. ആറുമാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. മൊത്തം 25,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ശുചിത്വ മിഷന് 127 കോടി രൂപ അനുവദിച്ചു. തോട്ടിപ്പണി മുക്ത കേരളം എന്ന ലക്ഷ്യത്തിന് പത്തുകോടി മണ്ണ്, ജല സംരക്ഷണത്തിന് 150 കോടി, ആധുനിക അറവുശാലകൾക്ക് 100 കോടി എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം മറികടക്കാന്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രി നടത്തിയില്ല. റേഷന്‍ സബ്സിഡിക്ക് വേണ്ടി 900 കോടി രൂപ വകയിരുത്തുമെന്ന് പറഞ്ഞ മന്ത്രി റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിന് 117 കോടി രൂപ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു.
നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തുമെന്നും സപ്ലൈകോയ്ക്ക് 200 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 150 കോടിയും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: