കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതിയിലെ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍. കേന്ദ്രസര്‍ക്കാരിന്റെ മാതൃക കോടതി പദ്ധതിപ്രകാരമാണ് കാസര്‍കോടിന് കിയോസ്കുകള്‍ അനുവദിച്ചതും പ്രവര്‍ത്തനം ആരംഭിച്ചതും. ജില്ലാ കോടതി സമൂച്ചയത്തില്‍ ആരംഭിച്ച രണ്ടു കിയോസ്കുകളിലൂടെയാണ് കേസുകള്‍ സംബന്ധിച്ച എന്തുവിവരവും പൊതുജനങ്ങള്‍ക്ക് ഇനി സ്വയം കണ്ടെത്താനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. ടച്ച് സ്ക്രീന്‍ സംവിധാനത്തോടെയുള്ള കിയോസ്കില്‍ ഒന്നു വിരല്‍ അമര്‍ത്തിയാല്‍ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭിക്കും.
കക്ഷികള്‍ക്ക് തങ്ങളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാന്‍ ബഞ്ച് ഡെസ്കില്‍ ബഞ്ച് ക്ലാര്ക്കിന്െ്റയോ അഭിഭാഷകരുടെയോ സഹായമില്ലാതെ സ്വയം കണ്ടെത്തുവാനാകും. ഈ കിയോസ്കുകളിലൂടെ കാസര്‍കോട് ജില്ലാ കോടതി സമൂച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോടതികളിലെയും വിവരങ്ങള്‍ ലഭിക്കും.
കക്ഷികളുടെ കേസിന്റെ നിലവിലെ അവസ്ഥ, ഏതു കോടതിയിലാണ് തങ്ങളുടെ കേസുകള്‍ നടക്കുന്നത്, എത്രാമത്തെ കേസാണ് എന്നിങ്ങനെ കേസ് സംബന്ധിച്ച എന്തുകാര്യവും കിയോസ്കിലൂടെ ലഭ്യമാകും. കേസ് നമ്പര്‍, എഫ്ഐആര്‍ നമ്പര്‍, കക്ഷിയുടെ പേര്, കേസ് ഫയലിംഗ് നമ്പര്‍, സിഎന്‍ആര്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ടച്ച് സ്ക്രീനിലൂടെ നല്കിയാല് സിവില്‍ -ക്രിമിനല്‍ കേസ് സംബന്ധമായ എന്തുവിവരവും ഞൊടിയിടയില്‍ അറിയുവാന്‍ കഴിയും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ സമയങ്ങളില്‍ കിയോസ്കുകള്‍ പ്രവര്‍ത്തിക്കും.
കിയോസ്കുകള്‍ക്ക് പുറമേ ജില്ലാ കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസ് ഡിസ്പ്ളേ സ്ക്രീന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ക്രീനിലൂടെ കക്ഷികള്‍ക്ക് തങ്ങളുടെ കേസ് എപ്പോള്‍ വിളിക്കുമെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ അറിയുവാന്‍ കഴിയും. ജില്ലാ കോടതി സമൂച്ചയത്തില്‍ ജുഡിഷ്യല്‍ സര്‍വീസ് സെന്‍്ററും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
കിയോസ്കുകളുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി എസ് മനോഹര്‍ കിണി നിര്‍വഹിച്ചു. അഡി.ജില്ലാ ജഡ്ജി-1 സാനു എസ് പണിക്കര്‍, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ജി അനില്‍, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.നിസാം, ബാര്‍ അസോസിയേഷന് പ്രസിഡന്‍്റ് എ.എന്‍ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: