മിസോറാം-മഹാരാഷ്ട്ര മത്സരത്തില്‍ നിന്ന്
പനാജി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ മിസോറാമിനും പഞ്ചാബിനും മികച്ച ജയം.
മിസോറാം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്ട്രയെ തകര്‍ത്തപ്പോള്‍ പഞ്ചാബിന്റെ വിജയം 2-1ന് റെയില്‍വേസിനെതിരെ.
മഹാരാഷ്ട്രക്കെതിരായ കളിയില്‍ 2014ലെ ചാമ്പ്യന്മാരായ മിസോറാമിന്റെ ആധിപത്യമായിരുന്നു. കളിയുടെ എട്ടാം മിനിറ്റില്‍ ലാല്ച്വനവ്മ വാന്ച്വാങിലൂടെ അവര്‍ ലീഡ് നേടി.
എന്നാല്‍ ശക്തമായി തിരിച്ചടിച്ച മഹാരാഷ്ട്ര നാല് മിനിറ്റിനുശേഷം അണ്ടര്‍ 21 താരം രാഹുല്‍ ദാസിലൂടെ സമനില പിടിച്ചു.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലാല്ഫകുലയിലൂടെ വീണ്ടും ലീഡ് നേടി. പിന്നീട് 55-ാം മിനിറ്റില്‍ ലാല്റിന്പ്യുയയും ലക്ഷ്യം കണ്ടതോടെ മിസോറാമിന്റെ ഗോള്‍ വേട്ട പൂര്‍ണ്ണം.
റെയില്‍വേസിനെതിരായ മത്സരത്തില്‍ മന്‍വീര്‍ സിങ് (16-ാം മിനിറ്റ്), രാജ്ബീര്‍ സിങ് (60-ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. റെയില്‍വേയുടെ ആശ്വാസഗോള്‍ 59-ാം മിനിറ്റില്‍ രാജേഷ് സൂസനായകം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: