ചുവരെഴുത്തിലൂടെ തെരഞ്ഞെടുപ്പു പ്രചാരണവും വിജയവും നേടിയിരുന്ന കാലമുണ്ടായിരുന്നു. അന്ന് ഒരു പാര്‍ട്ടി ബുക്കുചെയ്ത ചുവരില്‍ മറ്റൊരു പാര്‍ട്ടി പ്രചാരണമെഴുതിയെന്ന പേരില്‍ തമ്മില്‍ത്തലും കത്തിക്കുത്തും വരെ ഉണ്ടായിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പുകളുടെ ഫലം ചുവരെഴുത്തുകളാവുകയാണ്. വഴിയോരത്തെ ചുവരുകളില്‍ പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും എഴുതിയിരുന്നതിനേക്കാള്‍ കൂടുല്‍ സാമൂഹ്യമാധ്യമങ്ങളുടെ ഭിത്തിയില്‍ വോട്ടര്‍മാര്‍ നയവും നിലപാടും അഭിപ്രായങ്ങളും എഴുതുന്നുണ്ട്. ഓരോ തെരഞ്ഞെടുപ്പും പുതിയ പുതിയ രാഷ്ട്രീയ ചുവരെഴുത്തുകളാവുകയാണ്. വായിക്കേണ്ടത് നേതാക്കളായി മാറുന്നു, ഒരു തരം റിവേഴ്സ് പ്രോസസ്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുതിയ ചുവരെഴുത്താണ്. ചെറിയ ഗോവ മുതല്‍ വലിയ യുപിവരെ നല്കുന്ന സന്ദേശം ആ ചുവരുകളിലുണ്ട്. വായിക്കേണ്ടവര് വായിക്കേണ്ടതുപോലെ വായിച്ചാല്‍ എല്ലാവര്ക്കും ചെയ്യും. പാര്‍ട്ടികള്‍ക്കും, രാജ്യത്തിനും പുതിയ ദിശാബോധം ലഭിക്കും. പക്ഷെ ആരും ശരിയായി വായിക്കില്ല, വിചിന്തനം ചെയ്യില്ല, പ്രചരിപ്പിക്കില്ല, വിശ്വസിക്കില്ല എന്നു മാത്രം. അത് തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും രാഷ്ട്രീയ ലോകത്തുള്ള വലിയ പോരായ്മയാണ്, എക്കാലത്തും.
പാര്‍ലമെന്റും പഞ്ചായത്തും
പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പും രണ്ടു തലത്തിലും തരത്തിലുമാണ്, ഓരോ സംസ്ഥാനത്തിനും ഓരോ രാഷ്ട്രീയമാണ്, രാജ്യമെമ്പാടും ഒന്നിച്ച് നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ തരംഗത്തില്‍ വോട്ടര്‍മാര്‍ മുങ്ങിപ്പോകും, അവര്‍ക്ക് ചിന്തിച്ചുറച്ച് വോട്ടുചെയ്യാന്‍ അവസരമുണ്ടാകില്ല എന്നിങ്ങനെ ഒട്ടേറെ മിഥ്യകള്‍ രാഷ്ട്രീയ രംഗത്തുണ്ട്. ഒരു പക്ഷേ ചലച്ചിത്രമേഖലയ്ക്കൊപ്പമോ അതിലുമേറെയോ മിഥ്യകള്‍ രാഷ്ട്രീയത്തിലാണ്.
തെറ്റിദ്ധാരണകള്‍ നല്ലൊരു പങ്ക് പൊളിച്ചൂ, അഞ്ചു സംസ്ഥാനങ്ങളിലെ ഫലം. എതിരാളികള്‍ മുഴുവനും അമ്പരന്നു നിന്ന വിജയമായിരുന്നു 2014 ലെ പൊതുതെരഞ്ഞെടുപ്പു ഫലം. നരേന്ദ്രമോദി സര്‍ക്കാരിന്റെ കൂറ്റന്‍ ഭുരിപക്ഷം താല്‍ക്കാലിക പ്രതിഭാസമെന്ന് സമാധാനിച്ചവര്‍ക്ക് തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെയും ബീഹാറിലെയും ഫലം ആശ്വാസം നല്കി. ബിജെപിയ്ക്ക് ചരിത്രത്തില്‍ ആദ്യം ഭരണത്തിന് അവസരം കിട്ടിയ മുനിസിപ്പാലിറ്റിയുള്പ്പെട്ട ദല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വി ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ പ്രഭാവം ഒരു കാലത്ത് അത്രമാത്രം ജ്വലിച്ചുനിന്ന ബീഹാറിലെ പരാജയം എന്നിവ എതിരാളികളില്‍ ആഹ്ലാദമുണ്ടാക്കി. ബിജെപിയില്‍ നിരാശയുണ്ടായി. പക്ഷെ പുറത്തുപറഞ്ഞില്ലെങ്കിലും പുതിയ പാഠങ്ങള്‍ പഠിച്ച് പോരായ്മ നികത്തി പുതിയ തരം പോര്‍മുഖങ്ങള്‍ മെനയാനും പാര്‍ട്ടി നേതൃത്വം തയ്യാറായി. തുടര്‍ന്ന് വന്ന തെരഞ്ഞടുപ്പു ഫലങ്ങള്‍ അത് തെളിയിക്കുകയും ചെയ്തു.
സമാധാനിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വ്യത്യസ്തമാണ്, വിഷയവും രീതിയും വോട്ടര്‍മാരും എല്ലാമെല്ലാം വെവ്വേറയാണെന്ന് ന്യായം നിരത്തി. എന്നാല്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ജനവികാരം ഒന്നാണെന്ന് സ്ഥാപിക്കാനായിരുന്നു ബിജെപി നേതൃത്വത്തിന്റെ പരിശ്രമം. അങ്ങനെയാണ് രാജസ്ഥാനിലും യുപിയിലും ഒഡീഷയിലും മഹാരാഷ്ട്രയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായത്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം പൂര്ത്തിയാകുമ്പോഴാണിത്. അതായത് 2014 ലെ ജനാഭിപ്രായം നിലനിര്‍ത്തുന്നു എന്നര്‍ത്ഥം. നിസ്സാരമല്ല ഈ നേട്ടം. തകര്‍ന്നത് ഒരു മിഥ്യയാണ്. പഞ്ചായത്തിലും പാര്‍മെന്റിലും എന്ന ഭേദമല്ല, ജനവികാരം അത്തരം അതിര്ത്തികള്ക്കുമപ്പുറമാണ്.
ജനം കഴുതയല്ല
എന്നാല്‍, ജനം വെറും വോട്ടര്‍ മാത്രമാണ്, അവര്‍ നേതാക്കളുടെ പൊള്ളയായ വാഗ്ദാനങ്ങളിലും പ്രസംഗ പാടവത്തിലും പ്രഖ്യാപനങ്ങളിലും വഞ്ചിതരാകുന്ന ‘പൊട്ടന്മാരാണ്’, കുറച്ചു കൂടി പ്രചാരമുള്ള ഭാഷയില്‍ പറഞ്ഞാല്‍, ‘പൊതുജനം കഴുത’-യാണെന്ന എന്ന ചിലരുടെ മിഥ്യാധാരണ പൊളിഞ്ഞു. അവര്‍ ചിന്തിച്ച്, കാര്യമറിഞ്ഞ് വോട്ട് ചെയ്യുന്നുവെന്നതിന് തെളിവാണ് അഞ്ചു സംസ്ഥാനങ്ങളിലെ ഫലം.
യുപിയില്‍ ബിജെപി കൂറ്റന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ മണിപ്പൂരില്‍ അത്ഭുത വിജയം കൈവരിച്ചപ്പോള്‍ പഞ്ചാബില്‍ മുന്നണി തോറ്റ് തുന്നം പാടിയത് വോട്ടര്‍മാരുടെ മഹത്വം കൂടിയാണ്. ‘മൂന്ന് വര്‍ഷം ഭരിച്ചിട്ടും ഒരു സാമ്പത്തിക അഴിമതി പോലും ഉയരാന്‍ ഇടകൊടുത്തിട്ടില്ലാത്ത മോദി ഭരണം’ എന്ന് അമേരിക്കന്‍ രാഷ്ട്രീയ വിശകലനക്കാര്‍ എഴുതുമ്പോള്‍, ആ സ്ഥിതി വിശേഷത്തെ പഞ്ചാബ് ഭരിച്ച അകാലിദള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യാന്‍ ജനങ്ങള്‍ക്കറിയാം, അവര്‍ക്ക് കഴിയുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തും കഴിവുമാണിത് പ്രകടിപ്പിക്കുന്നത്. വികാരവും, ലഹരിയും, തരംഗവും മാത്രമല്ല വിചാരവും, വിചിന്തനവും വിശ്വാസവും വോട്ടര്‍മാര്‍ക്കുണ്ട്. രാജ്യത്തെമ്പാടും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമാകും ജനവിധിയെന്ന ചിലരുടെ കുരുട്ടുവാദം നമ്മുടെ വോട്ടര്‍മാരുടെ ജനാധിപത്യ ബോധത്തെ ചോദ്യം ചെയ്യലാണെന്നര്ത്ഥം.
പഞ്ചാബ് പറയുന്നത്
ഭരണം ലഭിച്ചാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പു വരെ വോട്ടര്‍മാര്‍ അടിമകളാണെന്ന് ആര് കരുതിയാലും അത് തെറ്റെന്നാണ് തെരഞ്ഞെടുപ്പു ഫലത്തിന്റെ ചുവരെഴുത്ത്. പഞ്ചാബിലെ വിധയതാണ്. മണിപ്പൂരിലെ സന്ദേശമതാണ്. ഉത്തരാഖണ്ഡിലെയും യുപിയിലെയും വിധിയെഴുത്തെന്ന ചുവരെഴുത്ത് അതാണ്. ഭരണം പഴയ രാജകുടുംബങ്ങളുടെ കൈയ്യിലായിരിക്കും പഞ്ചാബില്‍ ഏതു പാര്‍ട്ടി ഭരിച്ചാലും. രാജ്യത്തിന് വേണ്ടി പോരാടുന്നതിന് അവിടുത്തെ ജനത കാണിക്കുന്ന ആത്മാര്‍ത്ഥതയും ശൂരത്വവും വീരത്വവും ദേശസ്നേഹവും ആര്‍ക്കും അനുകരിക്കാനാവില്ല. അധികാരത്തിലേറിയാല്‍ കുടുംബ വാഴ്ചയുടെ ആഡംബരവും സ്വാര്‍ത്ഥതയും അവിടത്തെ ചില നേതാക്കളെപ്പോലെ മറ്റാര്‍ക്കും അനുഷ്ഠിക്കാനുമാവില്ല. അതുകൊണ്ടു തന്നെ തുടര്‍ ഭരണം അവിടെ ഏറെ നാളായി ഉണ്ടാവുന്നില്ല. എന്നാല്‍, ഭീകരവാദത്തിന്റെ പടുമുളകള്‍ ഇപ്പോഴും നിലനില്‍ക്കുന്നെങ്കിലും, മാറി മാറി പരീക്ഷിച്ച നേതാക്കളുടെ തനിനിറം അറിയാമായിട്ടും ദേശീയ ചിന്താധാരകളെ വിട്ടുള്ള കളികള്‍ക്കും പഞ്ചാബ് ജനത തയ്യാറാകുന്നില്ല. നമ്മുടെ ജനാധിപത്യത്തിന്റെ ലക്ഷ്യബോധമുള്ള ശക്തി പ്രകടനം തന്നെയാണത്.
മണിപ്പൂരിലെ ഫലം
മണിപ്പൂരില്‍ ബിജെപി പ്രകടനം ജാലവിദ്യയല്ല. കളിയില്‍ തോല്‍ക്കുമ്പോള്‍ കുട്ടികള്‍ ഗോട്ടികളില്‍ കുറ്റം ആരോപിക്കുന്നതു പോലെ, ചിലരുന്നയിക്കുന്ന വോട്ടിങ് യന്ത്രത്തിലെ കൃത്രിമവുമല്ല. മറിച്ച് സാക്ഷരരായ ജനങ്ങളുടെ ഉറച്ച ചിന്തയുടേയും തിരിച്ചറവിന്റേയും അടയാളമാണത്. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ‘കിഴക്ക് നോക്കി’ എന്ന രാജ്യവികസന നയം ആരംഭിച്ചത്. ‘വികാസ് പുരുഷ്’ എന്ന വിശേഷണത്തിന് തികച്ചും അര്‍ഹനായ വാജ്പേയി ‘വടക്കു കിഴക്കന്‍’ സംസ്ഥാനങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നു. ഒരു മന്ത്രിയെത്തന്നെ അതിന് നിയോഗിച്ചു. മന്ത്രി അരൂണ്‍ ഷൂരിയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി അവതരിപ്പിച്ച് അവ നടപ്പാക്കി. അവഗണിക്കപ്പെട്ട ഒരു പ്രദേശത്തിനും ജനതയ്ക്കും ആസ്മിത (ഐഡന്റിറ്റി) ഉണ്ടാക്കിക്കൊടുത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ എന്നും ഇന്ത്യന്‍ നായകള്‍ എന്നും വിളിച്ചിരുന്നവര്‍ നമ്മുടെ സര്‍ക്കാരെന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ്, പഴയ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയത്. അഞ്ചുവര്‍ഷം കൊണ്ട് വാജ്പേയി സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്, അധികാരത്തിലേറിയ ആദ്യ വര്‍ഷം തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തകര്‍ത്തു. 10 വര്‍ഷം കൊണ്ട് പേരുപോലും ഇല്ലാതാക്കി. വടക്കു-കിഴക്കന്‍ ജനത കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. ബംഗാളിലും ഒഡീഷയിലും പോലും തിരിത്തറിവിന്റെ കാറ്റടിച്ചു. ആസമില്‍ കൊടുങ്കാറ്റായി, ബിജെപി സര്‍ക്കാര്‍ വന്നു. മണിപ്പൂരില്‍ അത് ഫലിച്ചു. ഒറ്റയ്ക്ക് മത്സരിച്ച് ബിജെപിക്ക് കിട്ടിയ 22 സീറ്റ്, സംസ്ഥാനം ഭരിക്കാനുള്ള ജനതയുടെ സമ്മതിതന്നെയാണ്. ആ സംസ്ഥാനം പ്രതീക്ഷിക്കുന്ന വികസനം കൊടുക്കാനുള്ള അവസരം കൂടിയാണ്.
ഉത്തരാഖണ്ഡും യുപിയും
യുപിയും ഉത്തരാഖണ്ഡും ചേര്‍ത്തുതന്നെ ചിന്തിക്കണം. ഭരണപരമായ സൗകര്യത്തിന് രണ്ടാക്കിയെങ്കിലും ഒരേ മനസുള്ള പ്രദേശം. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപിച്ചത് വാജ്പേയി നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. കടുത്ത മത്സരമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലിവിടെ. നേരിയ ശതമാനം വോട്ടിലാണ് ഭരണ നിശ്ചയിക്കപ്പെടുക. വിരലിലെണ്ണാന്‍ മാത്രം ഭൂരിപക്ഷം മാത്രമെ ഭരിക്കുന്നവര്‍ക്ക് ഉണ്ടാകൂ, അതുകൊണ്ട് രാഷ്ട്രീയ അസ്ഥിരതയും പതിവ് എന്നാല്‍ ഇത്തവണ ജനവിധി ഏറെ വ്യക്തമാണ്. ഒരോ വീട്ടിലും നിന്ന് സൈനികവൃത്തിക്ക് ഒരാളെങ്കിലുമുള്ള ഉത്തരാഖണ്ഡിന്റെ രാഷ്ട്രീയം ഇനി അടിയുറച്ചതായി മാറാന്‍ പോകുകയാണ്. കോണ്‍ഗ്രസിന്റെ കുത്സിത രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ള അവസാന മറുപടി.
ഉത്തര്‍പ്രദേശില്‍ നിന്നാണ് മുഖ്യ സന്ദേശം. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും തുണച്ച സംസ്ഥാനം ആ പിന്തുണ തുടരുന്നു. കൂടുതല്‍ ശക്തമായി തുടരുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം. തുടക്കത്തില്‍ പറഞ്ഞത് പോലെ, ഫലം ശരിയായ വിശകലനം ചെയ്യാത്ത വരും, ചെയ്താലും കണ്ടെത്തിയ സത്യം സത്യമായി പറയാത്തവരും പുറത്ത് വിടുന്ന അഭിപ്രായങ്ങളിലെ പാപ്പരത്തം കണ്ട് മൂക്കത്ത് വിരല്‍ വയ്ക്കാനേ കഴിയൂ. മകന് അഖിലേഷും അച്ഛന് മുലായവും തമ്മിലുള്ള അടിയാണ് ബിജെപിക്ക് നേട്ടമായത് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ തമ്മില്‍ തല്ലാന്‍ ബിജെപി എന്തെങ്കിലും ചെയ്തില്ല എന്നോര്മ്മിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ തമ്മില്ത്തല്ലിയിരുന്നുമില്ല. പിന്നെയോ, യുപി പോലെ വലിയൊരു സംസ്ഥാനത്തെ ജനവികാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ബിജെപിക്കായി എന്നതാണ് യാഥാര്‍ത്ഥ്യം. രാമക്ഷേത്രമായാലും കൃഷി ക്ഷേത്രമായാലും അവരവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അംഗീകരിച്ച് കിട്ടുമെന്നുള്ള വിശ്വാസമാണ് വോട്ടര്‍മാര്‍ക്ക് ബിജെപിയിലുണ്ടായത്. രാജ്യമെമ്പാടും ശുചീകരണത്തിലുള്ള ദേശീയ ശുചിത്വമിഷന് സന്ദേശം കൊടുക്കുകയും ചൂലുമായി ഇറങ്ങുകയും കക്കൂസ് നിര്‍മ്മിക്കാന്‍ ആഹ്വാനം ചെയ്യുകയും ശുചിമുറികള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്ത പ്രധാനമന്ത്രി മോദിയുടെ ചിഹ്നമേതെന്ന് ചോദിച്ച് സ്ത്രീ വോട്ടര്‍മാര്‍ ബൂത്തില്‍ ചെന്നത് സാമൂഹ്യ വിപ്ലവം നടക്കുന്നുവെന്നതിന്റെ അടയാളമാണ്, അത് സദ്ഭരണം കൊണ്ട് നട്പ്പായതാണ്. ‘പ്രിയങ്ക ഭാരതി’ യെക്കൊണ്ട് പരസ്യത്തില്‍ പറയിക്കുക മാത്രമായിരുന്നില്ല, പ്രവൃത്തിയില്‍ കാട്ടിക്കൊടുക്കുകയുമായിരുന്നു മോദി സര്‍ക്കാരും പാര്‍ട്ടിയും. ‘ആമി’യായി അഭിനയിക്കാഞ്ഞതിലും ‘പ്രിയങ്ക ഭാരതി’ ആയി ഉത്തരേന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ ജീവിച്ചതിലും വിദ്യാബാലന് എന്ന മലയാളി താരത്തിനും അഭിമാനിക്കാന്‍ കഴിയുന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പു ഫലം. യുപി എന്ന വലിയ സംസ്ഥാനം നല്കുന്ന സന്ദേശമുണ്ട്, അത് കുത്സിത രാഷ്ട്രീയത്തിന്റെ കുപ്രചാരണക്കാര്ക്കും കുനുഷ്ട് പ്രവര്‍ത്തനങ്ങളുടെ തലവന്മാരായ രാഷ്ട്രീയ ശകുനികള്ക്കുമുള്ള താക്കീതാണ്. ഒന്നിച്ചു നിന്ന് ഏക ലക്ഷ്യത്തില്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് എക്കാലത്തും ഏതു സാഹചര്യത്തിലും പിന്തുണ നല്‍കുമെന്ന ഒരു ജനതയുടെ ഉറപ്പാണ്.
ഗോവ പറയുന്നു
ഗോവയെക്കുറിച്ചു പ്രത്യേകം പറയണം. ചെറിയ സംസ്ഥാനത്തിന്റെ വലിയ സന്ദേശം പല തരത്തില്‍ വ്യാഖ്യാനിക്കാം. അധികാരത്തിലായിരിക്കെ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അതിരറ്റു പ്രോത്സാഹിപ്പിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്നുവെന്ന ആക്ഷേപം ഉയര്‍ന്നു. ഗോവാ സുരക്ഷാ മഞ്ച് എന്ന സംഘടന രൂപീകരിച്ച് ബിജെപിയെ എതിര്‍ത്ത സുഭാഷ് വെലിങ്കാര്‍ നിര്‍ണ്ണായക ശക്തിയൊന്നുമായില്ല. നോട്ടയേക്കാള്‍ കുറവ് വോട്ടേ ലഭിച്ചുള്ളു. സുഭാഷ് തെരഞ്ഞെടുപ്പുഫലം വരുംമുമ്പ് സംഘടന പിരിച്ചു വിടുകയും ചെയ്തു. ഗോവാ സുരക്ഷാ മഞ്ചിന് വോട്ടുകിട്ടിയോ എന്നതല്ല പ്രശ്നം. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാതെ പോയതിന് അതു കാരണമായിട്ടുണ്ടോ എ
ന്നതാണ്. ആരോടുമില്ലാ പ്രീണനം, എല്ലാവരോടും തുല്യ നീതി എന്ന നയം തര്‍ക്കമറ്റ രീതിയില്‍ നടപ്പാക്കേണ്ടതുണ്ട് എന്ന സന്ദേശം ഗോവയില്നിന്നുണ്ട്.
—-
വാല്‍ക്കഷണം: മലപ്പുറത്ത് ലോക്സഭാ ഉപ തെരഞ്ഞെടുപ്പു വരുന്നു. സ്ഥാനാര്‍ത്ഥികള്‍ ആരെന്നുള്ളതു പോകട്ടെ. ഈ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ഉയര്‍ന്ന വിഷയങ്ങള്‍ ഇവിടെയും വിഷയമാകട്ടെ. വേണോ മുത്തലാഖ്, വികസനം എങ്ങനെയാകണം. അഴിമതിക്കെതിരേയാകട്ടെ ജനവിധി. ഭരണത്തിലും വ്യക്തിജിവീതത്തിലും സുതാര്യത അനിവാര്യതയാകട്ടെ. ധൈര്യമുണ്ടാവുമോ കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ഈ വിഷയങ്ങള്‍ ഉയര്‍ത്താന്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: