അവിശ്വസനീയമെന്ന് തോന്നും ഇപ്പറയുന്നത്. സംഭവിച്ചിട്ടില്ലാത്തതെന്ന് വിശ്വസിച്ചും സംഭവിക്കാതിരിക്കട്ടെ എന്ന് ആശംസിച്ചുമാണ് ഇതെഴുന്നത്. പിന്നെ എന്തിന് എഴുതുന്നുവെന്ന് ചോദിക്കാം. കാരണമുണ്ട്, അത്രയേറെ വിശ്വസിക്കാവുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ വിവരമാണ്. അന്വേഷണത്തിലിരിക്കുന്നുവെന്നതിനാല് വിവരങ്ങള്‍ പൂര്‍ണ്ണമായും വെളിപ്പെടുത്താതെ അതുപറയാം.
കാസര്‍കോട് ജില്ലയിലാണ്. വീട്ടമ്മ ഗര്‍ഭിണിയായി. ഭര്‍ത്താവ് വിദേശത്ത്. അമ്മയും മകനുമാണ് വീട്ടില്‍. സ്ത്രീ ഭര്‍ത്താവിനെ അറിയിച്ചു. നിരപരാധിത്വം പറഞ്ഞു. എങ്ങനെ സംഭവിച്ചുവെന്ന് അവര്‍ക്കറിയില്ല. മെഡിക്കല്‍ സയന്‍സില്‍ അങ്ങനെയും സാദ്ധ്യതകളുണ്ടെന്ന് മനസിലാക്കി കൂടുതല്‍ പരിശോധനകള്‍ നടത്തി. കുഴപ്പം കണ്ടെത്തി ഭര്‍ത്താവ് സ്ത്രീയെ വീട്ടിലേക്ക് മടക്കി. വിവാഹ മോചനവക്കിലെത്തി. അപ്പോഴാണ് കേസിന്റെ വഴിത്തിരിവ്. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍, അമ്മയുടെ അവസ്ഥയ്ക്ക് ഉത്തരവാദി മകന്!
ആഡംബര ജീവിതത്തില്‍ മകന് ലഹരിക്ക് അടിമയായത് അറിഞ്ഞിട്ടും അറിയാതെ മുന്നോട്ടു പോയി. മകന് അമ്മയ്ക്ക് രാത്രികളില്‍ മയക്കുമരുന്നു നല്‍കിയിരുന്നു. കൂടുതല്‍ വിശദീകരിക്കാന്‍ മനസ് സമ്മതിക്കുന്നില്ല. ദുരന്തത്തിലെ വില്ലന്‍ ആരാണ്? പന്ത്രണ്ടാം വയസുകാരന് അച്ഛനാകുന്ന വാര്‍ത്തകളും അപ്പൂപ്പന്മാര് പേരക്കുട്ടികളെ ലൈംഗിക ദുര്‍വിനിയോഗം ചെയ്യുന്നതുമെല്ലാം ഞെട്ടിപ്പിക്കാതെ വായിച്ചു പോകുന്ന പ്രതിദിന വാര്‍ത്തകളായി മാറുന്നു. അപ്പോഴാണ് സംസ്ഥാനത്തെ മന്ത്രി ലൈംഗികാപവദത്തില് പെട്ട് പുറത്തുപോകുന്നത്. അതായത് നമ്മുടെ വീടുകളം നാടും ഏറെ സാംസ്കാരികമായി പിന്നോട്ടടിക്കപ്പെടുന്നു. മൂല്യബോധം, ധാര്‍മ്മികത, സദാചാരം, സാമൂഹ്യ മര്യാദ, നാട്ടുനടപ്പ് തുടങ്ങിയവയെക്കുറിച്ച് അനുനിമിഷം ഉത്കണ്ഠപ്പെടേണ്ട കാലം വന്നുപെട്ടിരിക്കുന്നു.
ഈഡിപ്പസ് രാജാവിന്റെ കഥയുണ്ട് ഗ്രീക്ക് പുരാണത്തില്‍. അച്ഛനെ വധിച്ച് അമ്മയെ ഭാര്യയാക്കിയ രാജാവിന്റെ കഥ. ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ:
ഥീബ്സ് രാജവായിരുന്ന ലൈയ്സിന്റെയും ജൊകാസ്റ്റ റാണിയുടെയും ഏറെ നാള് മക്കളുണ്ടായില്ല. ഡെല്‍ഫിയിലെ അപ്പോളൊ ദേവനെ സമീപിച്ചു. ജൊകാസ്റ്റക്കു മകനുണ്ടാകും, പക്ഷേ, അവന് അച്ഛനെ വധിച്ച് അമ്മയെ ഭാര്യയാക്കുമെന്ന് പ്രവചിച്ചു. പിന്നീട്, പിറന്ന കുട്ടിയെ കിഥറോണ് മലയില്‍ കൊണ്ടുപോയി കൊല്ലാന്‍ ഭൃത്യനെ ഏല്‍പ്പിച്ചു. ഭൃത്യന് കുഞ്ഞിനെ കോറിന്ത് രാജ്യത്തെ ഇടയനു കൈമാറി.കുഞ്ഞിനെ അയാള്‍ കോറിന്ഡ് രാജാവായ പോളിബസിന് നല്കി. പോളിബസിന്റെയും മിറോപ് റാണിയുടെയും മകന് ഈഡിപ്പസായി വളര്‍ന്നു.
വര്‍ഷങ്ങള്‍കഴിഞ്ഞ്, താന്‍ പോളിബസിന്റെ വളര്‍ത്തു പുത്രനല്ലെന്നറിഞ്ഞ് ഡെല്‍ഫിയിലെ പ്രവാചകനോട് കൂടുതല്‍ അന്വേഷിച്ചു. പ്രവാചകന് അച്ഛനമ്മമാരെക്കുറിച്ച് കൂടുതല്‍ പറയാതെ, ”നീ നിന്റെ പിതാവിനെ വധിക്കും; നിന്റെ മാതാവിനെ പരിണയിക്കും…” എന്നു പറഞ്ഞു. പ്രവചനം ഫലിക്കാതിരിക്കാന്‍ ഈഡിപ്പസ് ഡെല്‍ഫിയില്‍ നിന്ന് കോറന്ഡിലേക്കു മടങ്ങാതെ ഥീബ്സിലേക്കു പോയി.
യാത്രാ മധ്യേ ലൈയ്സ് രാജാവുമായി വഴി ഒഴിയുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഏറ്റുമുട്ടലില്‍ ലൈയ്സ് രാജാവ് കൊല്ലപ്പെട്ടു. പ്രവചനം പോലെ, ഈഡിപ്പസ് അച്ഛനെ വധിച്ചു. അച്ഛനാണെന്നറിഞ്ഞില്ല.
ഥീബ്സ് ജനത ഈഡിപ്പസിനെ രാജാവാക്കി. വിധവയായ ജൊകാസ്റ്റ റാണിയെ, അമ്മയാണെന്നറിയാതെ ഈഡിപ്പസ് വിവാഹം കഴിച്ചു. അവര്‍ക്കു നാലു മക്കള്‍ പിറന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് രാജ്യം വലിയ ദുരിതം നേരിട്ടു.
വിത്തുകള്‍ മുളക്കുന്നില്ല, മുളയ്ക്കുന്നവ വിളവെത്തും മുമ്പേ കരിയുന്നു.
കുട്ടികള്‍ ജനിക്കുന്നില്ല, അഥവാ ജനിച്ചാല്‍ ചാപിള്ളകള്‍…നാടാകെ വരള്‍ച്ച, പട്ടിണിയും കെടുതികള്‍..
ഈഡിപ്പസ് പ്രവാചകരുടെ സഹായം തേടി. പഴയ രാജാവായിരുന്ന ലൈയ്സിന്റെ ഘാതകനെ കണ്ടെത്തി ശിക്ഷിക്കുകയാണ് പരിഹാരമെന്ന് അറിഞ്ഞു. ഘാതകനെ കണ്ടെത്താന്‍ ഡെല്‍ഫിയിലെ അന്ധനായ പ്രവാചകന് തെരേഷ്യാസിനെ ഈഡിപ്പസ് കണ്ടു. ഘാതകനെ കണ്ടെത്താനുള്ള ശ്രമം ഈഡിപ്പസ്സിനു നല്ലതല്ലെന്ന് തെരേഷ്യാസ് താക്കീതുചെയ്തു. കോറിന്ഡില് നിന്ന് പോളിബസ് രാജാവിന്റെ ചരമ വാര്‍ത്ത അറിഞ്ഞ ഈഡിപ്പസ്, അച്ഛന്റെ മരണം തന്റെ കൈകൊണ്ടായില്ലല്ലോ എന്നാശ്വസിച്ചു. പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നുമുള്ള പ്രവചന രഹസ്യം ഭാര്യ ജൊകാസ്റ്റയോട് പങ്കുവെച്ചു. കിടപ്പറയിലേക്കു പോയി ജെക്കാസ്റ്റ ആത്മഹത്യ ചെയ്തു. ഇത്രയുമൊക്കെ കഴിഞ്ഞപ്പോള്‍, കുഞ്ഞായിരുന്ന ഈഡിപ്പസ്സിനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട ഭൃത്യനും കുഞ്ഞിനെ ഏറ്റെടുത്ത് പോളിബസ് രാജവിനു സമ്മാനിച്ച ഇടയനും എല്ലാവും ചേര്‍ന്ന് ഈഡിപ്പസിനെ നിജസ്ഥിതികള്‍ അറിയിച്ചു. അമ്മയെ, ഭാര്യയെ തേടിച്ചെന്നപ്പോള്‍ ജൊകാസ്റ്റയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വന്തം വിധിയോര്‍ത്ത് ഈഡിപ്പസ് രാജാവ് സ്വയം കണ്ണു കുത്തിപ്പൊട്ടിച്ച് എക്കാലത്തേക്കും അന്ധനായി.
ഈഡിപ്പസ് കഥയെ അവലംബിച്ച് പ്രസിദ്ധ മനശ്ശാസ്ത്ര ചിന്തകന്‍ സിഗ്മണ്ട് ഫ്രോയിഡ് രൂപപ്പെടുത്തിയ മനശ്ശാസ്ത്ര തത്ത്വമുണ്ട്, ഈഡിപ്പസ് കോംപ്ലക്സ്. ഓരോ ആണിന് അച്ഛനെ കൊന്ന് അമ്മയെ വേള്‍ക്കാനുള്ള ചോദന ഉണ്ടെന്നും മറ്റുമാണ് വിശകനം. അതിനെ ചോദ്യം ചെയ്തും തെറ്റെന്ന് സ്ഥാപിച്ചും മറുവാദങ്ങളുമുണ്ട്. അതെന്തുമാകട്ടെ, ഈഡിപ്പസ് ദുരന്താവസ്ഥയിലേക്കുള്ള അതിവേഗ കുതിപ്പിലാണോ നമ്മള് എന്ന് ആശ്ചര്യപ്പെട്ടു പോകും ആനുകാലിക സംഭവങ്ങള്‍.
ശരിയായ പൈതൃകം തിരിച്ചറിയാതെ ഉഴലുകയാണ് പല ജീവിതങ്ങളും. പുതിയ തലമുറയോടുള്ള കടപ്പാടു മറന്ന് വിധിയെ കൊല്ലാന്‍ ശ്രമിക്കുകയാണ് പലരും. സത്യം കണ്ടെത്തുന്നതിനു പകരം ഓടിയൊളിക്കുകയാണ് യുവത്വം. തര്‍ക്കങ്ങളല്ലാതെ ഒത്തുതീര്‍പ്പിനു വഴങ്ങുന്നില്ല അവര്‍. ധര്‍മ്മം അറിയാതെ കര്‍മ്മം ഏറ്റെടുക്കുകയാണ് പലപ്പോഴും. നേരിട്ടറിയുന്നതിനു പകരം പരാശ്രയത്വം കൂട്ടുകയാണ്. ഒടുവില്‍ ചെയ്തതെല്ലാം പിഴവും പിശകുമാണെന്നറിയുമ്പോള് സ്വയം ഹത്യയെന്ന കണ്ണുകുത്തിപ്പൊട്ടിക്കലാണ്. ഈഡിപ്പസുകള്‍ പല തലമുറകള്‍ക്കു മുമ്പേ സക്രിയരായിരിക്കുന്നു. അന്ധരെങ്കിലും അഗാധ ജ്ഞാനമുള്ള തെരേഷ്യാസിനെപ്പോലുള്ളവരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു. ഇന്നത്തെ കാലിക ദുരന്താവസ്ഥയ്ക്ക് കാരണം യഥാര്‍ത്ഥത്തില്‍ പുത്തന്തലമുറയല്ലെന്ന് പിന്നോട്ട് ഏറെ ദൂരം നോക്കിയാല്‍ കാണാം.
ധര്‍മ്മത്തിനും അര്‍ത്ഥത്തിനും കാമത്തിനും മോക്ഷത്തിനും ശരിയായ വ്യാഖ്യാനം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയപ്പോള്‍ മുതല്‍ തുടങ്ങി കുഴപ്പങ്ങള്‍. ഇവിടെയാണ് വ്യക്തിചാരിത്ര്യത്തിന്റെ പ്രസക്തി. അതു വളര്‍ത്തേണ്ടതിന്റെ പ്രസക്തി. സംഘടനകളുടെ പ്രസക്തി.
ചാരിത്ര്യം എന്നത് ചാസ്റ്റിറ്റി എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളമല്ല.
സദാചാരം പറയുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും പ്രേരിപ്പിക്കുന്നവരേയും സദാചാര ഗുണ്ടകള്‍ എന്നു വിളിക്കുന്ന കാലത്ത് ഈ വാക്കിനും അര്‍ത്ഥത്തിനും പ്രസക്തിയില്ലെന്നു പറയുന്നവരുമുണ്ടാകാം. പക്ഷേ, വ്യക്തി ചാരിത്ര്യം പ്രധാനമാണ്. അതു മന്ത്രിക്കും തന്ത്രിക്കും ഉള്‍പ്പെടെ ആര്‍ക്കും അനിവാര്യമാണ്. അത് സ്ത്രീകളോടുള്ള ഇടപെടലില്‍ മാത്രമല്ല, ഓരോരോ പ്രവൃത്തിയിലും ബാധകമാണ്. ഇതിനൊക്കെ ചേര്‍ത്തു വിളിച്ചിരുന്ന പേരായിരുന്നു സദാചാരം. മതങ്ങളും സംസ്കാരവും സംഘടനകളും അവരുടെ മുദ്രയായി ഈ ഗുണം വ്യക്തിക്ക് നിഷ്കര്‍ഷിച്ചിരുന്നു. അനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. നിഷ്കര്‍ഷിച്ചിരുന്നു. നിബന്ധനകള്‍ പോലും വെച്ചിരുന്നു.
പക്ഷേ, ഇരട്ട വ്യക്തിത്വം വേണോ. ഏത് കുറ്റാക്കുറ്റിരുട്ടിലും, മറ്റാരും കാണുന്നില്ലെന്നും അറിയുന്നില്ലെന്നുമിരിക്കിലും മാന്യത വെടിയാതിരിക്കുമ്പോഴേ വ്യക്തിചാരിത്ര്യം വിലയുറ്റതാകൂ. നാലു ചുവരുകള്‍ക്കുള്ളിലും കനത്ത ഇരുട്ടിലും ആണെങ്കില്‍പോലും ധാര്‍മ്മികതയും സാമൂഹ്യ മര്യാദകളും വിട്ട് ഒന്നും ചെയ്യില്ലെന്ന് തീരുമാനിക്കുന്നവര്‍ക്കേ അതൊക്കെ അവകാശപ്പെടാനാവൂ. ഇത്തരം കാര്യങ്ങളിലൊക്കെ കാര്‍ക്കശ്യം കാണിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തോന്നു ത്യാഗ സുരഭില ജീവിത ഗാഥ.
ജീവിതത്തില്‍ 10 ശതമാനം പോലും ഇതൊന്നും സാധിക്കാത്തവരാകും ഏറെ. ഒമാര്‍ ഖയ്യാമിനെ ആരാധിച്ച് ഇന്നില്‍, ഇപ്പോള്‍ മാത്രം ജീവിക്കുക, ബാക്കിയെല്ലാം മറക്കുക എന്ന തത്ത്വശാസ്ത്രം പ്രസംഗിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമുണ്ടാകും. എന്നാല്‍, ഈ രംഗത്ത് കടുത്ത നിഷ്ഠയിലൂടെ 90 ശതമാനം സാധിച്ചിട്ടും, അവസാന പത്തില്‍ പതറിപ്പോയവരുമുണ്ടാകാം. പക്ഷേ പരമാവധി വ്യക്തി ചാരിത്ര്യം പാലിക്കാന്‍ കഴിയുക വലിയ കാര്യംതന്നെയാണ്. നല്ല ചരിത്രം രചിച്ചവരൊക്കെ ചാരിത്ര്യ ശുദ്ധി ഉള്ളവരായിരുന്നു.
* * * *
വാല്‍ക്കഷ്ണം: ഭഗവദ് ഗീത രണ്ടാം അദ്ധ്യായം 58 ാം ശ്ലോകത്തില്‍ ഭഗവാന് അര്‍ജ്ജുനനോട് പറയുന്നു
”യദാ സംഹരതേ ചായം
കൂര്‍മ്മോംഗാനീവ സര്വശഃ
ഇന്ദ്രിയാണീന്ദ്രിയാര്ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
(ആമ അവയവങ്ങള്‍ ഉള്‍വലിക്കുന്നതുപോലെ വിഷയങ്ങളില്‍നിന്ന് ആര് ഇന്ദിയങ്ങളെ പിന്വലിക്കുന്നുവോ, അവര്‍ സ്ഥിത പ്രജ്ഞന്മാരാകുന്നു.) എളുപ്പമല്ല, ഗീത അനുഷ്ഠിക്കാന്‍. എളുപ്പമാണ് ഈഡിപ്പസ്സാകാന്‍. ലളിതമായി പറഞ്ഞാല്‍, അമിതമായാല്‍ അമൃതും വിഷം. അനുപയോഗം ആപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: