കൊച്ചി: മലിനീകരണത്തിന്റെ തോത് ഭയങ്കരമാണെന്നും നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടിയില്‍ 287 ഓളം കീടനാശിനികളുടെയും, ലോഹങ്ങളുടെയും സാന്നിദ്ധ്യം പഠനങ്ങളിലൂടെ കണ്ടെത്തിയെന്നും സംസ്ഥാന ജൈവവൈവിദ്യ ബോര്‍ഡംഗം ഡോ. വി.എസ്. വിജയന്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു.
അമ്മയുടെ ഉദരത്തില്‍ നിന്നുതന്നെ കുഞ്ഞിന് വിഷാംശം ഏല്ക്കുകയാണ്. അജൈവ കൃഷിരീതികളും, പുത്തന്‍ ഭക്ഷ്യ സംസ്കാരവുമാണ് ഇതിന് കാരണമായത്. ഇതിന് പുറമേ കാന്‍സറിനും, ജനന വൈകല്യത്തിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തി. വിഷരഹിത ഭക്ഷണം ഉല്‍പ്പാദിപ്പിക്കുകയാണ് പരിഹാരം. കേരളമുള്‍പ്പടെയുള്ള 14 സംസ്ഥാനങ്ങളിലായി 1700 മീനുകളില്‍ നടത്തിയ പഠനത്തിലും കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരുന്നു. സംസ്ഥാനത്ത് കീടനാശിനി വില്‍പ്പന സംഘം ശക്തരാണ്.
ഈ വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സമര്‍പ്പിച്ചിരുന്നു. 137 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് മാസങ്ങളോളം വകുപ്പുകളില്‍ കുടുങ്ങി കിടന്നു. പിന്നീട് മന്ത്രിസഭയുടെ അനുമതിക്ക് ശേഷം തിരികെ ലഭിച്ച റിപ്പോര്‍ട്ടിലെ 82 നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും എടുത്തു കളഞ്ഞു. ബാക്കിയുള്ളവയില്‍ അനാവശ്യ മാറ്റങ്ങള്‍ വരുത്തി. ഹരിത വിപ്ലവം സംസ്ഥാനത്തെ കൃഷി രീതികളെ പൂര്‍ണമായും നശിപ്പിച്ചു. ഇത് ജൈവവൈവിധ്യത്തെയും തകര്‍ത്തു.
ഭക്ഷ്യ പദാര്‍ഥങ്ങളില്‍ വിഷാംശം വര്‍ദ്ധിച്ചു. 2014ലെ കണക്ക് പ്രകാരം പാടശേഖരങ്ങളുടെ വിസ്തൃതി 1.94 ലക്ഷം ഹെക്ടറായി ചുരുങ്ങി. ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കിയാല്‍ പ്രദേശത്തെ കൃഷി നശിക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: