ഇനി രാജ്യത്തൊരു രാഷ്ട്രീയ അടിയന്തരാവസ്ഥ ഉണ്ടാവില്ല. ഇനി രാഷ്ട്രീയ വിമോചന സമരവും നടപ്പാകില്ല. ഒരു സംസ്ഥാനത്തെയും രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ പിരിച്ചു വിടുകയില്ല. കാരണം കാലം മാറിപ്പോയി, ഭരണത്തിലും രാഷ്ട്രീയത്തിലും ജനപങ്കാളിത്തം അത്രത്തോളമായി. പക്ഷേ അടിയന്തരാവസ്ഥ, പിരിച്ചു വിടല്‍, വിമോചന സമരം തുടങ്ങിയവ അനുഗ്രഹമായി ആസ്വദിച്ചവര്‍ പലരും ഇപ്പോഴും അതിന്റെ ലഹരിയിലാണ്. അവര്‍ ഗൂഢാലോചന തത്ത്വശാസ്ത്രത്തിലാണിപ്പോഴും രാഷ്ട്രീയ ജീവിതം കെട്ടിപ്പൊക്കുന്നത്. തലസ്ഥാനത്തും കണ്ണൂരിലെ മൊറാഴയിലും അടുത്തടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിശദീകരണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
ജനാധിപത്യമെന്നായിരുന്നു വിശേഷണമെങ്കിലും ആദ്യ കാലത്തെ ഭരണത്തില്‍ അത് പേരില്‍ മാത്രമായിരുന്നല്ലൊ. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് ഒരിക്കല്‍ പറഞ്ഞു, കോണ്‍ഗ്രസ്സ് നേതാക്കളുടെ ധൈര്യത്തെക്കുറിച്ച്. ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരിക്കെ സഞ്ജയ് ഗാന്ധിയുമായുള്ള സംവാദത്തിനിടെ പറഞ്ഞുവത്രെ; ”….അതിനെന്താ പ്രശ്നം, നമുക്കൊരു സംസ്ഥാനം പിരിച്ചു വിട്ട്, അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പാടാക്കി, അവിടത്തെ ഗവര്‍ണറായി ‘ടി’ യാനെ നിയോഗിക്കണമെന്ന്.” അതായിരുന്നു അന്ന് ജനാധിപത്യം. ഇന്ന് അങ്ങനെയല്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഭരണം, ജനവികാരം അറിഞ്ഞ്. അങ്ങനെയല്ലെങ്കില്‍ അവര്‍ പ്രതികരിക്കും. ആര്‍ക്കും തടയാനാവില്ല. മാധ്യമലോകം പോലും അത്രമാത്രം ജനകീയമായി.
ഇതൊക്കെ അറിയാമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന് വിമോചന സമരമെന്നും ഗൂഢാലോചനയെന്നുമൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അബദ്ധങ്ങളിലേക്ക് വീഴുകയാണ്. വീഴ്ചകള്‍ പറ്റുകയാണ്. ഏറ്റവും ഒടുവില്‍ പറയുന്നത് നാലുവര്‍ഷം കൂടി വേണമെന്നും അതിനകം അഴിമതി പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും മറ്റുമാണ്. ഉദ്യോഗസ്ഥന്മാരെ വഴിക്കു കൊണ്ടു വരാന്‍ സമയം പിടിക്കുമത്രെ. കഴിഞ്ഞ സര്‍ക്കാര്‍ എല്ലാം തകര്‍ത്തെറിഞ്ഞാണു പോയതത്രെ. ‘അണ്ടിയോടടുത്തപ്പോഴാണ് മാങ്ങയുടെ പുളിയറിയുന്നത്’ എന്നപോലെയായി. എല്ലാം ഉടന്‍ ശരിയാക്കാന്‍ ഇറങ്ങിത്തരിച്ച്, ഒരു വര്‍ഷം കൊണ്ട് ഒന്ന് മനസ്സിലായി, എളുപ്പമല്ല കാര്യങ്ങള്‍.
ഭരണത്തലവന്മാര് ക്രിയാത്മകമായി വേണം ചിന്തിക്കാന്‍, അതാവണം പ്രചരിപ്പിക്കാന്‍. സര്‍ക്കാര്‍ നടപടികള്‍ വിമര്ശിക്കപ്പെടുന്നെങ്കില് അതത് ഭരണ വിഭാഗം അതിന് ഔദ്യോഗികമായി മറുപടി നല്കട്ടെ. രാഷ്ട്രീയ മറുപടികള്‍ക്ക് എന്തിന് മുഖ്യമന്ത്രി മിനക്കെടണം. പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചാല്‍ മാത്രം മുഖ്യമന്ത്രി പ്രതികരിക്കട്ടെ. അതും നിയമ സഭയിലാകട്ടെ. അല്ലാത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ മറുപടി നല്കട്ടെ. അല്ലെങ്കില്‍ സംഭവിക്കുന്നത് ഇതാണ്, ഭരണവും രാഷ്ട്രീയവും പരിചയമില്ലാത്ത കുട്ടി കൂഴച്ചക്ക പൊളിച്ചതു പോലെയാകും. ഒന്നും ചെയ്യാനാവാതെ ഒടുവില്‍ തോല്‍വി സമ്മതിക്കേണ്ടി വരും.
മുഖ്യമന്ത്രിക്കസേരയിലാണിരിക്കുന്നതെന്ന ചിന്തയിലേക്ക് പിണറായി വിജയന് മടങ്ങാത്തിടത്തോളം ഇതൊന്നും സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് കീഴടങ്ങലല്ല. പാര്‍ട്ടി കൈവിട്ടു പോകുകയുമില്ല. ഇനി മുഖ്യമന്ത്രി പദത്തില്‍ നിന്നിറങ്ങി പാര്‍ട്ടി നേതൃത്വത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹമുണ്ടെങ്കില്‍ ഈ ശൈലി മാറ്റരുത്. തുടരണം.
‘സഖാവ് മുഖ്യമന്ത്രി’യുടെ മനസ്ഥിതി പ്രകടിപ്പിക്കുന്ന രണ്ടു കാര്യങ്ങള്‍ മാത്രം പറയട്ടെ. ”വളഞ്ഞിട്ട് ആക്രമിക്കല്‍,” പിണറായി ആവര്‍ത്തിക്കുന്ന പ്രയോഗമാണ്. ” ഒറ്റപ്പെടുത്തിക്കളയല്” മറ്റൊന്ന്, ”ഗൂഢാലോചന” മറ്റൊന്ന്. മൂന്നും ഒരാളുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നവ. തലയില്‍ ചുവന്ന കെട്ടു കെട്ടി, ചുണ്ടത്ത് ചുരുട്ടും പുകച്ച, ഇടതു കൈയില്‍ തലകീഴായ് കുത്തിപ്പിടിച്ച തോക്കും അരയില്‍ ബുള്ളറ്റ് മാലയും ധരിച്ച് നില്ക്കുന്ന ചെഗുവേരയുടെ രൂപം മുഖ്യമന്ത്രിക്കു ചേരില്ല തന്നെ.
എതിരാളികളെ മാനസികമായും ശാരീരികമായും ഇല്ലായ്മ ചെയ്യാന്‍ നേതാക്കള്‍ നിയന്ത്രണം നല്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതാവായാണ്, മുഖ്യമന്ത്രിയായല്ല, തലസ്ഥാനത്ത് പിണറായി മാധ്യമങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കിയത്. ”നിങ്ങള്‍ പറയുന്നതു പേലെ ഇനി (ഷാജഹാനോട്) വിരോധം തീര്‍ക്കാനാണ് അറസ്റ്റ് എന്നുതന്നെ കരുതുക. അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് കാലമെത്രയായി…” സാംസ്ക്കാരിക കേരളത്തെ ഞെട്ടിച്ചില്ല ഈ ചോദ്യം. കാരണം ചോദിച്ചത് പിണറായി വിജയനായിപ്പോയി. ഹിറ്റ്ലറോ സ്റ്റാലിനോ പോലും ഇങ്ങനെ സ്വന്തം ഭരണ വൈകല്യത്തെ ന്യായീകരിച്ചിട്ടുണ്ടാവില്ല
മൊറാഴയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് പിണറായി നടത്തിയ പ്രസംഗം ക്ലാസ്സിക്കാണ്. സ്വന്തം പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും പോലും വിശ്വാസമില്ലെന്ന പ്രവചനമാണത്. അവിടെ സ്ഥാപിച്ച അഴീക്കോടന്‍ രാഘവന്റെ പ്രതിമ കണ്ട് ഭാര്യ മീനാക്ഷി ടീച്ചര്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. തലസ്ഥാനത്ത് വച്ച്, കണ്ണൂര്‍ക്കാരിയായ, സഖാക്കളുടെ കുടുംബാംഗമായ മഹിജയെന്ന അമ്മ പൊഴിച്ച കണ്ണീരിനും മീനാക്ഷി ടീച്ചറിന്റെ കണ്ണീരിനും ഒരേ ഉപ്പായിരിക്കണം. രണ്ടും ആനന്ദക്കണ്ണീരല്ല. ഉറപ്പാണ്, ആയിരക്കണക്കിന് പേര് കണ്ണീര് പൊഴിക്കുന്നുണ്ടാവണം, സര്‍ക്കാരിനെ ഓര്‍ത്ത്, പാര്‍ട്ടിയെ ഓര്‍ത്ത്.
—–
വാല്‍ക്കഷ്ണം: കോണ്‍ഗ്രസ്സ് നേതാക്കള്‍ കേരളത്തിലും ബിജെപിയിലേക്കു വരാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്ത. തടയരുത്. ഫെഡറലിസത്തെ ചെറുക്കരുത്. പക്ഷേ കോണ്‍ഗ്രസ്സിന്റെ അവസാന അടവാണോ എന്നു കരുതാന്‍ വേണം, ട്രോജന്‍ യുദ്ധ മുറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: