നിങ്ങള്‍ക്ക് എന്നെ സ്മരിക്കണമെങ്കില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുക. അല്ലാതെ സ്മാരകം നിര്‍മ്മിച്ചോ പ്രതിമകള്‍ ഉയര്‍ത്തിയോ പുരസ്ക്കാരങ്ങള്‍ നല്‍കിയോ ആവരുത് എന്നെ ഓര്‍മ്മിക്കേണ്ടത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ അന്തിമ ആഗ്രഹങ്ങള്‍ അനില്‍ മാധവ് ദവെ എഴുതി സഹപ്രവര്‍ത്തകര്‍ക്ക് നല്കി. ഒരു സമ്പൂര്‍ണ്ണ പ്രകൃതി സ്നേഹിയുടെ അവസാന ആഗ്രഹങ്ങള്‍!
വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കും. എന്നാല്‍ അതുപോലും എന്റെ പേരിലാവരുത്, ദവെയുടെ വില്‍പ്പത്രത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമുള്ള രീതിയില്‍ സംസ്ക്കാര ചടങ്ങുകള്‍ നടത്താനാണ് സംഘ-ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടക്കമുള്ള പ്രമുഖര്‍ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കും.
നര്‍മ്മദാ നദിയുടെ പുനരുജ്ജീവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അനില്‍ ദവെ, അന്തിമ വിശ്രമവും നര്‍മ്മദാ തീരത്തു തന്നെ വേണമെന്ന് ആഗ്രഹിച്ചു. സാധിക്കുമെങ്കില്‍ നദീ മഹോത്സവം നടക്കുന്ന ബാദ്രാഭാനില് തന്നെ സംസ്ക്കാര ചടങ്ങുകള്‍ നടത്തണം. വൈദിക രീതിയിലോ മറ്റു ഏതെങ്കിലും രീതിയിലോ കര്‍മ്മങ്ങള്‍ നടത്താമെന്നും അതൊട്ടും ആഡംബര പൂര്വ്വമാകരുതെന്നും സ്വജീവിതം സംഘപ്രചാരകായി ഉഴിഞ്ഞുവെച്ച അദ്ദേഹം നിഷ്ക്കര്‍ഷിച്ചു.
സംഘപ്രചാരകായി നിരവധി വര്‍ഷങ്ങള്‍. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. നര്‍മ്മദാ നദിയുടെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗം. നദീ മഹോത്സവങ്ങളിലൂടെ നദീതടങ്ങളിലെ ജനതയില്‍ നദീസംരക്ഷണത്തിന്റെ ഊര്‍ജ്ജം നിറച്ചു. ഒഴുക്കു നിലച്ച ഭാരതപ്പുഴ കാണുന്നത് അദ്ദേഹത്തിന് എന്നും വേദനയായിരുന്നു. ഭാരതപ്പുഴയൂടെ തീരങ്ങളിലൂടെ, നദീതടത്തിലെ സാംസ്ക്കാരിക വൈവിധ്യത്തിലൂടെ നിരന്തരം യാത്രകള്‍ നടത്തി. ഗംഗയേയും യമുനയെയും നര്‍മ്മദയെയും നിളയെയും സ്നേഹിച്ചുകൊണ്ടാണ് ദവെ യാത്രയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: