‘”One day will come, when everybody will look at us with admiration and will say that we have given asylum to Dr. Sivaprasad and others like him.” (ഡോ ശിവ പ്രസാദിനും ആദ്ദേഹത്തേപ്പോലുള്ളവര്ക്കും അഭയം നല്‍കിയതിന് എല്ലാവരും നമ്മളെ ആദരവോടെ നോക്കുന്ന കാലം വരും) അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ തിരൂവനന്തപുരത്തെ തന്റെ വസതിയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന, പി ചന്ദ്രശേഖര്‍ജി എന്ന ചന്ദ്രേട്ടനെ കുറിച്ച് മോഡല്‍ സ്കൂളിലെ തമിഴ് അധ്യാപകനും സാഹിത്യ സാംസ്കാരിക രംഗത്തെ വേദികളില്‍ സ്ഥിരം സാന്നിധ്യവും ആയിരുന്ന ജനാര്ദ്ദനന് പിള്ള സാറിന്റെ വാക്കുകളായിരുന്നു ഇത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് പി ചന്ദ്രശേഖര്‍ജി എന്ന ചന്ദ്രേട്ടന് ഡോക്ടര്‍ ശിവപ്രസാദ് എന്ന പേരിലായിരൂന്നു അടിയന്തരാവസ്ഥക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. അടിയന്തരാവസ്ഥക്കു തൊട്ടു മുന്‍പു തിരുവനന്തപുരം ജില്ലാ പ്രചാരക് ആയി വന്ന ചന്ദ്രേട്ടന്റെ ഈ പേരു മാറ്റവുമായി പൊരുത്തപ്പെടാന്‍ അടുത്ത ചിലര്‍ക്കെങ്കിലും പ്രയാസമായിരുന്നു.
സുഹൃത്തുക്കളും സന്ദര്‍ശകരും ഒക്കെയായി ധാരാളം പേര് വന്നു പോയിരൂന്ന ജനാര്ദ്ദനന് പിള്ള സാറിന്റെ വീട്ടില്‍, ഹോമിയൊ ഡോക്ടര്‍ ആയ ബന്ധു എന്ന നിലയില്‍ ഒരംഗത്തെ പോലെ ആകാന്‍ കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ഡോ. ശിവപ്രസാദിനു കഴിഞ്ഞിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പിള്ള സാറിന്റെ മകളെ സംഘത്തിന്റെ മുതിര്‍ന്ന ഒരു പ്രവര്‍ത്തകനുമായി കല്യാണം കഴിപ്പിക്കാന്‍ ചന്ദ്രേട്ടന് സഹായിച്ചു എന്നു പറയുമ്പോള്‍, ആ കുടുംബത്തില്‍ അദ്ദേഹം ഉണ്ടാക്കിയ സ്വാധീനം മനസിലാക്കാവുന്നതേയുള്ളു. എല്ലാവരുമായി വളരെ വേഗം ഇണങ്ങുകയും, ആത്മാര്‍ത്ഥമായ വ്യക്തി ബന്ധം സൂക്ഷിക്കൂകയും ചെയ്യുന്ന ആളായിരുന്നു ചന്ദ്രേട്ടന്. വലിയ വാഗ്മിയും എഴുത്തുകാരനും ഉഗ്ര പ്രതാപിയും ഒക്കെ ആയി അറിയപ്പെടുന്നവരെക്കാള്‍ വ്യക്തിഗത സമ്പര്‍ക്കത്തിലൂടെയുള്ള ചന്ദ്രേട്ടന്റെ സംഘടനാ പാടവം ആയിരക്കണക്കിനു പ്രവര്‍ത്തകരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സംഘപ്രവര്‍ത്തകരുടെ ഈ ഒരു ഗുണം തന്നെയാണ് വളര്‍ച്ചയുടെ അടിസ്ഥാനവും.
പ്രവര്‍ത്തന ക്ഷേത്രം മാറിക്കഴിഞ്ഞിട്ടും, അവസരം കിട്ടുമ്പോഴൊക്കെ പഴയ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും, കുടുംബാംഗങ്ങളുടെ ക്ഷേമ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നതു ചന്ദ്രേട്ടന്റെ രീതി ആയിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കു പോലും ഉപദേശം നേടാനും, ആശ്വാസം ലഭിക്കാനും പല പ്രവര്‍ത്തകരും അവരുടെ കുടുംബാംങ്ങളും ചന്ദ്രേട്ടനെ സമീപിക്കുമായിരുന്നു. ചന്ദ്രേട്ടന്റെ നിര്യാണമറിഞ്ഞു കണ്ണുനീര് വീഴ്ത്തുന്ന അദ്ദേഹത്തിന്റെ ഈ സ്വാധീനത്തില്‍ പെട്ടിട്ടുള്ള നൂറൂ കണക്കിനാളുകളെ എനിക്കറിയാം.
വനവാസി വികാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കോഴിക്കോട്ടെ ഹോസ്റ്റലിനു സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ഗ്രാന്റ് ലഭിക്കാന്‍ വിഷമം നേരിട്ടപ്പോള്‍ ചന്ദ്രേട്ടന് പല പ്രാവശ്യം തിരുവനന്തപുരത്തേക്കു വരേണ്ടി വന്നു. കൂടെ സര്‍ക്കാര്‍ ഓഫീസ്സില്‍ പോയി അന്വേഷിച്ചിരുന്ന എനിക്ക്, ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ചന്ദ്രേട്ടനെ വെറുതെ വട്ടം ചുറ്റിക്കുകയായിരുന്നുവെന്ന് മനസ്സിലായി. അതു സമ്മതിക്കാതെ, വീണ്ടും വീണ്ടും അയാളെ സമീപിച്ചിരുന്ന ചന്ദ്രേട്ടനോട് എനിക്കു സഹതാപം തോന്നിയിട്ടുണ്ട്. ഒടുവില്‍ അയാള്‍ സ്ഥാനത്തു നിന്നു മാറിക്കഴിഞ്ഞിട്ടാണ് കാര്യങ്ങള്‍ ശരിയായത്.
വനനാസികളുടെ ഇടയിലും സ്കൂള്‍ ടീച്ചര്‍മാരുടെയും കോളേജ് അധ്യാപകരുടെയും ഇടയിലും ഉള്‍പ്പടെ ഏതു മേഖലയിലും അതിവേഗം പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുവാനുള്ള ചന്ദ്രേട്ടന്റെ കഴിവു അപാരമായിരുന്നു. വലിയ ആര്‍ഭാടവും, പ്രതാപവുമില്ലാതെ നിശബ്ദമായി വ്യക്തികളെ സ്വാധീനിക്കുകയും, പ്രചോദനമേകുകയും ചെയ്ത ശക്തനായ സംഘാടകന്റെ വിയോഗം വലിയ നഷ്ടമാണ്. ജ്യേഷ്ഠ സഹോദരന്റെ ആത്മാവിനു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: