കോഴിക്കോട്: സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്മാര്ക്കും സ്വയം ബഹുമാനിക്കുന്ന സ്ത്രീകള്‍ക്കുമുള്ള താണ് തന്റെ പുതിയ ചിത്രമായ ”രാമന്റെ ഏദന്‍തോട്ട”മെന്ന് സംവിധായകന് രഞ്ജിത് ശങ്കര്‍ കോഴിക്കോട് പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ പറഞ്ഞു. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ആളാണ് താന്‍. അതുകൊണ്ടുതന്നെ സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നതിനൊപ്പം തന്നെ റിലീസിംഗ് തിയതി കൂടി തീരുമാനിക്കാറുണ്ട്.
ബാഹുബലി സെക്കന്റ് പോലെയുള്ളതിന്റെ റിലീസിന് തൊട്ടുപിന്നാലെയുള്ള ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് ഭയമുണ്ടായിരുന്നില്ല. പ്രേക്ഷകര്‍ രണ്ടു സിനിമകളും കാണാനുണ്ടാകുമെന്നായിരുന്നു തന്റെ പ്രതീക്ഷ. ആ നിലക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. തിയേറ്റര്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല.
സിനിമയുടെ ക്ലൈമാക്സാണ് സംവിധായകനെന്ന നിലക്ക് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത്. അറിഞ്ഞുകൊണ്ടുതന്നെയാണ് ചിത്രം അങ്ങനെ അവസാനിപ്പിച്ചത്. വിവാഹ മോചനങ്ങള്‍ കൂടി വരുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. പലപ്പോഴും തെറ്റിദ്ധാരണകളാണ് വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമാ ജീവിതത്തില്‍ കിട്ടിയ ഏറ്റവും പ്രധാനപ്പെട്ട റോളാണ് ഏദന്‍തോട്ടത്തിലെ മാലിനി എന്ന കഥാപാത്രമെന്ന് നടി അനു സിത്താര അഭിപ്രായപ്പെട്ടു. മാലിനി യായി മാറാന്‍ സിനിമ ചിത്രീകരിച്ച വാഗമണ്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ട്രഷറര്‍ വിപുല്‍നാഥ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: