‘വ്യക്തിഗതമായ ആകര്‍ഷണശക്തി വളരെയധികമുള്ള ഒരാചാര്യനായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവന്… അദ്വൈതദര്‍ശനം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സമുദ്രകല്പ്പമായ ഒന്നാണ്. വാഗ്ഭടാനന്ദനെപ്പോലെ അതുള്ക്കൊണ്ടവര് വളരെ അപൂര്‍വം.’ വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍ക്ക് എഴുതിയ ആശംസകളില്‍ കൈനിക്കര കുമാരപിള്ള രചിച്ചതാണീ വാചകങ്ങള്‍.
വി.കെ. ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന വാഗ്ഭടാനന്ദന്റെ (1887-1939)ജീവിതത്തെ മാറ്റിമറിച്ച ഒരപൂര്‍വ സംഭവം 1910 ഡിസംബറില്‍ ഉണ്ടായി. ആലത്തൂര്‍ ബ്രഹ്മാനന്ദ ശിവയോഗിയുടെ ഒരു പ്രസംഗം അദ്ദേഹം കേള്‍ക്കുവാനിടയായി. വിഗ്രഹാരാധനയ്ക്കും വിവിധങ്ങളായ അന്ധവിശ്വാസങ്ങള്‍ക്കും എതിരായി ശക്തമായ വാദമുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ബ്രഹ്മാനന്ദ ശിവയോഗിയെ ഗുരുവായി മനസാ അംഗീകരിക്കാന്‍ അദ്ദേഹത്തിന് യാതൊരു പ്രയാസവും ഉണ്ടായില്ല. പിന്നീടുള്ള പ്രസംഗങ്ങളും രചനകളും എല്ലാം ഈ മാര്‍ഗ്ഗത്തിലൂടെ പുരോഗമിച്ചു. ബ്രഹ്മാനന്ദ ശിവയോഗിപോലും ആ വാഗ്ധോരണിയില്‍ വ്യാമോഹിതനായി. അദ്ദേഹമാണ് വി.കെ. ഗുരുക്കള്‍ക്ക് വാഗ്ഭടാനന്ദന് എന്ന നാമം സമ്മാനിച്ചത്.
‘സരസ്വതീ സദ്ഭടനായി വാക്കിനാല്‍
സദസ്സിലാനന്ദമതീവ നല്കയാല്
സുവാഗ്ഭടാനന്ദ വിശേഷ സംജ്ഞീയ
സുഖമ കൈകൊള്‍ക ജയിക്ക മംഗളം’
ഇങ്ങനെ ഒരു പദ്യത്തിലൂടെയാണ് ശിവയോഗി ശിഷ്യന് ആ ബിരുദദാനം നിര്‍വഹിച്ചത്.
എന്നാല്‍ ഗുരുവും ശിഷ്യനും അകലാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. അദ്വൈതികളായിരുന്നാലും സമന്വയത്തിന്റെ പാതയിലൂടെയായിരുന്നില്ല അവരുടെ സഞ്ചാരം. അനുരഞ്ജനം അവര്‍ക്ക് അസാധ്യമായിരുന്നു. ബ്രഹ്മാനന്ദ ശിവയോഗിയുടെ ‘ആനന്ദമത’ത്തില്‍നിന്നും വ്യത്യസ്തമായിരുന്നു വാഗ്ഭടാനന്ദന്റെ ‘ആത്മവിദ്യാ സംഘം’. ആത്മവിദ്യാസംഘം രൂപീകരിച്ചതിന്റെ ശതാബ്ദിവര്‍ഷമാണ് 2017. ഈ സംഘം രൂപീകരിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1914 മെയ് 15 ന് വാഗ്ഭടാനന്ദന് ആലുവ അദ്വൈതാശ്രമത്തില്‍വച്ച് ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണം:
വാഗ്ഭടാനന്ദന്: സ്വാമി അദ്വൈതിയാണല്ലോ, അതുകൊണ്ടാണ് അങ്ങയെ സന്ദര്‍ശിക്കണമെന്ന് കുറച്ചുകാലമായി ആഗ്രഹിക്കുന്നത്. അതിനുള്ള ഭാഗ്യം ഇപ്പോഴാണുണ്ടായത്.
ശ്രീനാരായണന്: അതെ, നാം അദ്വൈതി തന്നെ. ഗുരുക്കളും അദ്വൈതിയല്ലെ? അപ്പോള്‍ നാം ഒന്നാണ്.
വാഗ്ഭടാനന്ദന്: അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ. അദ്വൈതവും അതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും?
സ്വാമികളുടെ മുഖത്ത് ഒരു സാകൂതമന്ദസ്മിതം വിരിഞ്ഞു. തെല്ലുനേരം കഴിഞ്ഞു പറഞ്ഞു: ജനങ്ങള്‍ സൈ്വരം തരണ്ടേ? അവര്‍ക്ക് ക്ഷേത്രം വേണം. പിന്നെ കുറേ ശുചിത്വമെങ്കിലും ഉണ്ടാകുമല്ലോ എന്നു നാമും വിചാരിച്ചു.
വാഗ്ഭടന്: അങ്ങ് ഒരാചാര്യനാണ്. അങ്ങയുടെ സിദ്ധാന്തത്തിന് ജനങ്ങളെ വഴക്കി എടുക്കേണ്ടതല്ലേ?
നാരായണഗുരു: നാം ആദ്യകാലത്ത് അവരെ വിളിച്ചു. വിളികേട്ട് ആരും വന്നില്ല.
വാഗ്ഭടാനന്ദന്: അദ്വൈതത്ത്വവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മിലൊരു ബന്ധമില്ലാത്തതുകൊണ്ട്, ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിപൂര്‍വം എതിര്‍ക്കുന്നവരാണ്.
നാരായണഗുരു: നല്ലതാണല്ലോ. നാമും നിങ്ങളുടെ പക്ഷത്താണ്.
വാഗ്ഭടാനന്ദന്റെ ചിന്തകളിലെ സ്ഫടികസ്ഫുടത (സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ളയുടേതാണ് ഈ വിശേഷണം) വ്യക്തമാക്കുന്നതാണ് ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച് അദ്ദേഹം ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണം (1914 മെയ് 15).
സംഭാഷണം രേഖപ്പെടുത്തിയത് ശിവയോഗി വിലാസം മാനേജര്‍ ആയതിനാലും അതു പ്രസിദ്ധപ്പെടുത്തിയത് വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണത്തിലായതിനാലും ശ്രീനാരായണ ഗുരുവിന്റെ മറുപടിയില്‍ ചില്ലറ ഭേദഗതി വല്ലതും വരുത്തിയിട്ടുണ്ടാകുവാന് സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: