പാലക്കാട് : കാരുണ്യ ചികിത്സാപദ്ധതിയില്‍ ജില്ലയ്ക്ക് ലഭിക്കാനുള്ള കുടിശ്ശിക നാലുകോടി കവിഞ്ഞു. ഇത്രയും തുക കുടിശ്ശികയുണ്ടെങ്കിലും ജില്ലാ ആശുപത്രിയില്‍ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള ചികിത്സയും ശസ്ത്രക്രിയയും തടസമില്ലാതെ നടക്കുന്നുണ്ടെന്നു പറയുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഒന്‍പതുകോടിയായിരുന്നു ജില്ലയിലെ കുടിശ്ശിക. തുടര്‍ന്ന് കാരുണ്യ ചികിത്സാപദ്ധതി നടത്തിപ്പിനെ ബാധിക്കുമെന്ന സ്ഥിതിയായതോടെ അധികൃതര്‍ ഇടപെട്ട് ആറ് കോടിയോളം രൂപ അനുവദിച്ചു
നിലവില്‍ നാല് കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നുമാണ് ജില്ലാ ആശുപത്രി അധികൃതര്‍. കഴിഞ്ഞ ഡിസംബറില്‍ കുടിശ്ശികയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസിയിലെയും മെഡികെയറിലെയും മരുന്നുവിതരണം നിര്‍ത്തിവെച്ചിരുന്നു. ജില്ലാ ആശുപത്രി അധികൃതരും ജില്ലാ പഞ്ചായത്ത് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അധികം വൈകാതെതന്നെ കുടിശ്ശിക തീര്‍ക്കാമെന്ന ഉറപ്പിന്മേല് മരുന്നുവിതരണം പുനരാരംഭിക്കുകയായിരുന്നു.
ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്കരിച്ച കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കാരുണ്യ ചികിത്സാപദ്ധതി വഴി നല്‍കുന്നത്. ലോട്ടറി വില്‍ക്കുന്നുണ്ടെങ്കിലും കാത്ത് ലാബിലേക്കുള്ള കുടിശ്ശിക ദിനംപ്രതി കൂടുകയാണ്. കുടിശ്ശിക തുക ഇനിയും കൂടുകയാണെങ്കില്‍ കാത്ത് ലാബ് പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും.
99 ശതമാനവും കാരുണ്യ ആര്‍എസ്ബിവൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് കാത്ത് ലാബില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുന്നത്. 2014 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം 4300 -ഓളം ശസ്ത്രക്രിയകള്‍ കാത്ത് ലാബുവഴി ലഭ്യമാക്കി കഴിഞ്ഞു.
കാരുണ്യ ആര്‍എസ്ബിവൈ ചികിത്സാപദ്ധതി വഴിയുള്ള കുടിശ്ശിക ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം കമ്പനികളും ഉപകരണവിതരണം നിര്‍ത്തിവെച്ച അവസ്ഥയിലാണ്.
എങ്കിലും ടെന്‍ഡര്‍ പട്ടികയിലുള്‍പ്പെട്ട ചില കമ്പനികള്‍ ഉപകരണവിതരണം നടത്തുന്നുമുണ്ട്. ഇവരുടെ സഹായത്തോടെയാണ് കാത്ത് ലാബ് പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കുന്നത്. പേസ് മേക്കര്‍ ബലൂണ്‍, സ്പെഷ്യല്‍ വയറുകള്‍ ഉള്‍പ്പെടെ ഹൃദയസംബന്ധ ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ടെണ്ടര്‍ വഴിയാണ് കാത്ത് ലാബിലേക്ക് ലഭ്യമാക്കുന്നത്.
ഉപകരണങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെ വിലയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: