കൽപറ്റ: സൗദി അറേബ്യയിൽ അന്തരിച്ച കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിസിലി മൈക്കിൾ സൗദി അറേബ്യയിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മരണകാരണം വ്യക്തമാകണമെന്നും ആവശ്യപ്പെട്ട് സിസിലിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചതായി കമ്പളക്കാട് പൊലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സിസിലിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. തുടർന്ന് ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയശേഷമെ പള്ളിക്കുന്നിലേക്ക് കൊണ്ടുവരുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. പള്ളിക്കുന്ന് ചുണ്ടക്കര മാവുങ്കൽ ജോൺസനാണ് ശനിയാഴ്ച പരാതി നൽകിയത്. പരാതിയിന്മേൽ പൊലീസ് കേസ് രജിസ്ട്രർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്കായി കമ്പളക്കാട് പൊലീസ് ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തും. നേരത്തെ ഞായറാഴ്ച രാവിലെ പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയ പരിസരത്തെ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇനി കോഴിക്കോട്ടെ നടപടികൾ പൂർത്തിയായശേഷമായിരിക്കും ഞായറാഴ്ച പൊതുദർശനവും സംസ്കാരചടങ്ങുകളും നടക്കുക. മരിക്കുന്നതിന് കുറച്ചുദിവസം മുമ്പ് ചേച്ചി തന്നെ വിളിച്ച്് അവിടത്തെ ബുദ്ധിമുട്ട് പറഞ്ഞിരുന്നുവെന്നും തിരിച്ചുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും ഏജൻറുമാരെ ബന്ധപ്പെട്ടെങ്കിലും കൈമലർത്തുകയായിരുന്നുവെന്നും ജോൺസൺ പറഞ്ഞു. സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. ഏജൻറുമാരുടെ ചതിയിൽപെട്ട് ഇനി മറ്റൊരാൾക്കും ഇങ്ങനെയൊരു ഗതിയുണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകിയത്. സഹോദരിയുടെ മരണത്തോടെ അവരുടെ മകൾ അനാഥയായി. മരണകാരണത്തിൽ തനിക്ക് വ്യക്തപരമായി സംശയമുണ്ട്. അത് കൃത്യമായി അറിഞ്ഞാലെ സഹോദരിയോടും മകളോടും നീതിപുലർത്താനാകുവെന്നും ഉത്തരവാദികളെ നിയമത്തിനുമുന്നിൽകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി അറേബ്യയിലേ ഹൈയിലിലെ കിങ്ഖാലിദ് ഹോസ്പിറ്റലിൽ ഏപ്രിൽ 24നാണ് സിസിലി മരിച്ചത്. 2017 ജനുവരി ആദ്യത്തിലാണ് നഴ്സറി കുട്ടികളെ പരിചരിക്കുന്നതിന് 2500 റിയാൽ ശമ്പളം വാഗ്ദാനം നൽകി മീനങ്ങാടി സ്വദേശികളായ സലീം, റഫീഖ്, കൽപറ്റയിലെ സഫിയ എന്നിവർ ചേർന്ന് റോളക്സ് ട്രാവൽസ് മുഖേനേ പരിസരത്തുളള മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേരെ സൗദി അറേബ്യയിൽ എത്തിച്ചത്. എന്നാൽ, മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മയെ പരിചരിക്കുന്ന ജോലിയാണ് സിസിലിക്ക് ലഭിച്ചത്. നേരത്തെ സിസിലിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി ജില്ല നേതാക്കളായ കെ.കെ. വാസു, അയുബ് ഖാൻ പാലച്ചാൽ, സതീഷ് ചുണ്ടേൽ, ടി.എൻ. ദിവാകരൻ എന്നിവർ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: