കുറ്റിയാടി: സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ ഹൈസ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് അനുവദിക്കുമ്പോള്‍ കുന്നുമ്മല്‍ ഉപജില്ലയിലെ ഏക ഗവ. ഹൈസ്‌കൂളായ കുറ്റിയാടി ഗവ. ഹൈസ്‌കൂളിനെ ഇത്തവണയും തഴഞ്ഞു. സംസ്ഥാനത്ത് പുതുതായി 36 സ്‌കൂളുകള്‍ക്ക് എസ്പിസി യൂണിറ്റ് അനുവദിച്ചതില്‍ 1630 ല്‍പരം കുട്ടികള്‍ പഠിക്കുന്ന കുറ്റിയാടി ഗവ. ഹൈസ്‌കൂള്‍ ഇല്ല. 2010ല്‍ എസ്പിസി ആരംഭിച്ചതുമുതല്‍ കുറ്റിയാടി സ്‌കൂളില്‍ യൂണിറ്റ് അനുവദിച്ചുകിട്ടാന്‍ പിടിഎ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പോ, പോലീസോ കനിയുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. യൂണിറ്റ് തുടങ്ങുവാന്‍ യൂണിഫോമിന് ഉള്‍പ്പെടെ ലക്ഷങ്ങള്‍ വേണമെന്നും ഗവ. സ്‌കൂളിന് അത് സാധ്യമല്ലെന്നുമാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ നിബന്ധന നിലവിലില്ലാതിരിക്കെ പിന്നെയും തഴയപ്പെടുന്നതിന്റെ കാരണം നിഗൂഢമാണെന്ന് അധ്യാപകരും രക്ഷിതാക്കളും ആരോപിക്കുന്നു.
ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമായിട്ടും സ്‌കൂളി ന്റെ ആവശ്യം നേടിയെടുക്കാ ന്‍ ആരും തയ്യാറാകുന്നില്ലെന്നാണ് പരക്കേ ആക്ഷേപം. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ പൂര്‍ണ മനസ് കാണിക്കുന്നില്ലെന്ന പരാതിയുണ്ട്. ഭൗതികസാഹചര്യങ്ങള്‍ അപര്യാപ്തമായിരുന്നിട്ടും ഓരോ വര്‍ഷവും കുറ്റിയാടി ഗവ. സ്‌കൂളിലെ വിജയം കൂടിവരികയാണ്. എന്നാല്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര വിഷയങ്ങളില്‍ ഗ്രേസ്മാര്‍ക്ക് ലഭിക്കാവുന്ന യാതൊരു സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്.
കുറ്റിയാടിയുടെ പരിസരപ്രദേശങ്ങളിലെ സ്വകാര്യ ഹൈ സ്‌കൂളായി ഉയര്‍ത്തിയ കാവിലുംപാറ സ്‌കൂളില്‍പോലും എസ്പിസി യൂണിറ്റ് അനുവദിച്ചിട്ടുണ്ട്.
















