കോഴഞ്ചേരി: എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന നയമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി രാംദാസ് അഥവാല പറഞ്ഞു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിന ആഘോഷവും, അടങ്ങപ്പുറത്ത് കുടുബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. സംസ്ഥാനങ്ങളോടും ഇതര രാഷ്ട്രീയത്തോടും വിഭിന്ന അഭിപ്രായമില്ല. 125ാം ജന്മദിനം ആഘോഷിക്കുവാനുള്ള അനുഗ്രഹം ഈശ്വരന് വലിയ തിരുമേനിക്ക് നല്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നര്‍മ്മത്തിലൂടെ സാമൂഹ്യ വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്തുന്ന വ്യക്തിത്വമാണ് വലിയമെത്രാപ്പോലീത്തായുടെതെന്നു രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്. അടങ്ങപ്പുറത്ത് കുടുംബയോഗത്തിന്റെ രക്ഷാധികാരികൂടിയായ വലിയ മെത്രാപ്പോലീത്തായ്ക്ക് കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നല്കിയ ജന്മശതാബ്ദി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി.ഇ. തോമസ് കലമണ്ണില്‍ അധ്യക്ഷത വഹിച്ചു. സാന്ത്വനസഹായ പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യയിലെ സുഡാന് അംബാസിഡര്‍ സിറാജ്ജുദീന്‍ ഹമീദ് യൂസിഫും, ശതാബ്ദി സ്മരണിക പ്രകാശനം മുന്‍ മന്ത്രി പി.ജെ.ജോസഫും നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ ജോസഫ് എം.പുതുശ്ശേരി, റവ. ഏബ്രഹാം സുദീപ് ഉമ്മന്‍, ഡോ.ഏബ്രഹാം കലമണ്ണില്‍, മനോജി തോമസ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, പ്രഫ. ഡി.കെ. ജോണ്‍, ബിജിലി പി.ഈശോ, രാജുകുളക്കട, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: