ചെറുതോണി: വൈദ്യുതി തടസപ്പെട്ടപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നതിനാല്‍ ജില്ലാ ആശുപത്രിയുടെ രക്തബാങ്കില്‍ സൂക്ഷിച്ചിരുന്ന നാല്പ്പതോളം പായ്‌ക്കറ്റ് രക്തം നശിച്ചു. വൈദ്യുതി നഷ്ടപ്പെടുമ്പോള്‍ ആശുപത്രിക്ക് സമീപമുള്ള രക്തബാങ്കിലെത്തി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയെതുടര്‍ന്ന് വൈദ്യുതി തടസപ്പെട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ബ്ലഡ്ബാങ്കിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാതിരുന്നതാണ് രക്തം നശിക്കാന്‍ കാരണമായത്.
സെല്‍ഫ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററാണിവിടുള്ളത്. അപൂര്‍വ്വമായി ലഭിക്കുന്ന ചില ഗ്രൂപ്പിലുള്ള രക്തം വരെ ഇവിടെ സൂക്ഷിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ ഏതെങ്കിലും രോഗിക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ രക്തബാങ്കില്‍ നിന്നും രക്തം ലഭിക്കാതെ രക്തം നല്‍കാന്‍ തയ്യാറുള്ള വ്യക്തിയെ നേരിട്ടെത്തിക്കേണ്ടി വരും. ഇത് ചിലപ്പോള്‍ രോഗിയുടെ ജീവനുപോലും ഭീഷണിയായേക്കാം. ജില്ലാ ആശുപത്രിയില്‍ രാത്രി ഒരാള്‍ മാത്രമാണ് സെക്യൂരിറ്റി ജോലിയിലുള്ളത്. ഇവര്‍ താത്കാലിക ജീവനക്കാരുമാണ്. ഇവരുടെ ഉദാസീനതയില്‍ നശിച്ചുപോയ രക്തം മേലധികാരിയുടെ അനുമതി വാങ്ങി ശാസ്ത്രീയമായി മാത്രമെ നീക്കം ചെയ്യാനാവു.
എന്തായാലും ആശുപത്രിയിലെ ജീവനക്കാരുടെ കുറ്റകരമായ അനാസ്ഥയാണ് കാരണമെന്ന് ആക്ഷേപമുയര്‍ന്നിരിക്കയാണ്.
















