പാലക്കാട്: സംസ്ഥാനത്തെ പരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പച്ചപ്പ് നിലനിര്‍ത്തുന്നതിനും വേണ്ടി നടപ്പാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കടലാസിലൊതുങ്ങുന്നു.
കഴിഞ്ഞ ബജറ്റില്‍ നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഒരു വര്‍ഷം കൊണ്ട് ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും നടപ്പായില്ല.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡാറ്റാ ബേങ്ക് പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരുന്നത്. നെല്‍കൃഷി പ്രോത്സാഹന പദ്ധതികളുടെ നടത്തിപ്പിലും വീഴ്ചയുണ്ടായതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
എന്നാല്‍ വരള്‍ച്ചയും മറ്റ് കാരണങ്ങളാലും നെല്‍കൃഷിയുടെ വ്യാപ്തി കുറയുകയാണ് ചെയ്തത്. വയലുകള്‍ തരിശിടരുതെന്ന് ബജറ്റ് നിര്‍ദേശമുണ്ടായെങ്കിലും മിക്കയിടത്തും ആരും കൃഷിയിറക്കിയില്ല. ഇതിനായുള്ള പ്രായോഗിക പദ്ധതികളും ഉണ്ടായില്ല. സംഭരണ വില വൈകില്ലെന്ന പ്രഖ്യാപനം പാഴ് വാക്കായി.
നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഇടതു സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഡാറ്റാബേങ്കിന്റെ കരട് ഇനിയും പ്രസിദ്ധീകരിക്കാത്തതിനാല്‍ നിയമം ഫലപ്രദമായി നടപ്പായിട്ടില്ല. ഈ വര്‍ഷം കരട് പോലും പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് മാപ്പിംഗ് പോലും നടന്നില്ല. ഇത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും. സംസ്ഥാനം വന്‍ പരിസ്ഥിതിക പ്രശ്നത്തെ തുടര്‍ന്ന് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോഴും തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിനുള്ള കാലതാമസത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: