ബെന്ബെല്ലാ ലെബനോണിലെ വിപ്ലവനേതാവായിരുന്ന കമാല്ജ്ജുംലാത് പിന്നീട് അള്‍ജീരിയയിലെ പ്രസിഡന്റായി. കാമല്ജുംലാതിനും വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റായിരുന്ന രാജാറാവുവിനും ഒരു കാര്യത്തില്‍ സമാനതയുണ്ടായിരുന്നു. ജീവിതത്തിന്റെ ഉത്തരപര്വ്വത്തില് ഇരുവരും ആത്മീയധാരയോട് ചായ്വ് പുലര്‍ത്തിയപ്പോള്‍ അവര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗദര്‍ശിയുമായി വര്‍ത്തിച്ചത് ഗുരു കൃഷ്ണാനന്ദയായിരുന്നു. ഭാരതീയനായ കൃഷ്ണാനന്ദ തിരുവിതാംകൂര്‍ പ്രജയായ മലയാളിയായിരുന്നു. പൂര്‍വാശ്രമത്തില്‍ ആ രാജ്യപ്രവിശ്യയിലെ ഏറെ അറിയപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഡിഎസ്പി കൃഷ്ണമേനോനെക്കുറിച്ച് നാടിനും നാടുവഴിക്കും ഒരുപോലെ ആദരമതിപ്പായിരുന്നു. തികഞ്ഞ ധനികനായിരുന്നു അദ്ദേഹം. വഴിവിട്ടൊന്നും സമ്പാദിച്ചിട്ടില്ല. സമ്പാദിച്ചതൊന്നും പാഴാക്കിയുമില്ല. സര്‍വീസില്‍നിന്നും പിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് ആത്മീയപാതയിലേക്ക് തിരിഞ്ഞു. സന്ന്യാസം സ്വീകരിച്ച് കൃഷ്ണാനന്ദയായി.
തിരുവനന്തപുരത്ത് പുളിമൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഭവനം. ‘പുളിമൂട്ടില്‍ സ്വാമി’ എന്നാണ് ആദ്യകാലങ്ങളില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആ പേരില്‍ അദ്ദേഹം പെട്ടെന്ന് പ്രസിദ്ധനായി. പ്രശസ്തി നാടുകടന്നു വിദേശങ്ങളിലെത്തി. യൂറോപ്പില്‍നിന്നും വരവു തുടര്‍ച്ചയായപ്പോള്‍ അയിരൂരില്‍ അദ്ദേഹം ഒരു ആശ്രമം സ്ഥാപിച്ചു. വിദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ ഇംഗിതത്തെ മാനിച്ച് ആദ്യം ഫ്രാന്‍സിലും പിന്നീട് യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആശ്രമങ്ങള്‍ സ്ഥാപിച്ചു. ആ തുടര്‍ച്ചയില്‍ ഒരാശ്രമം ഇപ്പോഴും ചെങ്ങന്നൂരിനടുത്ത് മാലക്കരയിലുണ്ട്; ‘ആനന്ദവാടി’. അതു നടത്തിവന്നത് കൃഷ്ണാനന്ദയുടെ രണ്ടാമത്തെ പുത്രനാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ മൂത്തമകന് തിരഞ്ഞെടുത്ത ജീവിതപാത മറ്റൊന്നായിരുന്നു. സിനിമയോടായിരുന്നു മകന് മേനോനു ഭ്രമം. നെയ്യാറ്റിന്‍കര ടൗണിലെ ശ്രീകൃഷ്ണ ടാക്കീസിന്റെ സാരഥ്യം ഈ മകന്റെ (കെ.എം.കെ. മേനോന്) ചുമലിലായി. ദിവസവും ഉച്ചയൂണും ഒരുറക്കവും കൂടി കഴിഞ്ഞ് മേനോന് പതിവായി നെയ്യാറ്റിന്‍കര തിയേറ്ററിലേക്ക് പോവുക പതിവായിരുന്നു. ആ യാത്ര ചേലങ്ങാട്ടു ഗോപാലകൃഷ്ണന് വര്‍ണിക്കുന്നതിങ്ങനെയാണ്.
”വില കൂടിയ പൗഡറിട്ട് മുഖം മിനുക്കി, സില്‍ക്ക് ജുബ്ബായും കസവുവേഷ്ടിയും സ്വര്‍ണ്ണ റിസ്റ്റ് വാച്ചും റോള്‍ഡ് ഗോള്‍ഡ് ഫ്രെയിമുള്ള കണ്ണടയും ധരിച്ച് വിലകൂടിയ ഇന്റിമേറ്റ് വസ്ത്രത്തില്‍ സ്പ്രേ ചെയ്ത്, കൈയില്‍ പ്ലേയേഴ്സിന്റെ ഒരു ടിന് സിഗററ്റുമെടുത്ത്, അക്കാലത്തെ തിരുവനന്തപുരത്തെ നായര്‍ പ്രമാണികളെപ്പോലെ മേനോന് തന്റെ പ്ലിമത്ത് സവായി കാറില്‍ക്കയറി ഇരിക്കും. ഡ്രൈവര്‍ നെയ്യാറ്റിന്‍കരയിലുള്ള തിയറ്റേറിന്റെ മുറ്റത്തുകൊണ്ടു ചെന്നു മേനോനെ ഇറക്കും. തിയേറ്ററിന്റെ കാര്യങ്ങള്‍ നോക്കി നടത്താന്‍ മാനേജരുണ്ട്. എന്നും രാത്രി പത്തുമണിയ്ക്ക് തിയേറ്ററിലെ കളക്ഷനുമായി മേനോന് തിരുവനന്തപുരത്തെ വീട്ടിലേക്കുപോരും..”
ആലപ്പുഴയിലെ ‘ഉദയാ’ സ്റ്റുഡിയോയില്‍ കെ.വി. കോശിയും കുഞ്ചാക്കോയും കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന കാലം. ‘നല്ല തങ്കാ’ കഴിഞ്ഞു. ജീവിതനൗക ഒരുങ്ങുന്നു. അതിലൊരു അന്തര്‍നാടകമുണ്ട്. മഗ്ദലനമറിയമായിരുന്നു എന്നുതോന്നുന്നു. വള്ളത്തോളിന്റെ ആ പേരിലുള്ള ഖണ്ഡകാവ്യത്തില്നിന്നും ഏതാനും വരികള്‍ക്കു ഈ ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തി ഈണം പകര്ന്നതായറിയാം. അതോടനുപാതപ്പെടുത്തിയാണ് ഈ അനുമാനം. ഏതായാലും ഈ അന്തര്‍നാടകത്തില്‍ അഭിനയിക്കുവാന്‍ അവര്‍ക്കൊരു നര്‍ത്തകിയെ ആവശ്യമായി വന്നു. നെയ്യാറ്റിന്‍കരയിലെ ശ്രീകൃഷ്ണ ടാക്കീസുടമയുമായി നിര്‍മാതാക്കളും വിതരണക്കാരുമായിരുന്ന കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സ് ഭാരവാഹികള്‍ക്ക് ആ വഴിയും ഒരുപക്ഷേ അല്ലാതെയും അടുപ്പമുണ്ടായിരുന്നതുകൊണ്ടാവാം കെ.വി. കോശിയും കുഞ്ചാക്കോയും കെ.എം.കെ മേനോനെ തേടി വന്നത്. അത്യുത്സാഹത്തോടെ മേനോന് മുന്നിട്ടിറങ്ങി അവര്‍ക്കിണങ്ങുന്ന ഒരു പെണ്‍കുട്ടിയെ കണ്ടെത്തിക്കൊടുത്തു. പിന്നീട് കുട്ടിക്കുപ്പായം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ നായികനിരയിലെത്തിയ അംബികയായിരുന്നു അതെന്ന് ചേലങ്ങാട്ട് വെളിപ്പെടുത്തുന്നു.
ഏതായാലും കോശിയുടെയും കുഞ്ചാക്കോയുടെയും വരവും സമ്പര്‍ക്കവും മേനോന്റെ മനസ്സില്‍ മുന്‍പേ മുളപൊട്ടിയിരുന്ന ചലച്ചിത്രാവേശത്തെ സജീവമാക്കി. പിന്നെ താമസിച്ചില്ല, അദ്ദേഹം നിര്മാണരംഗത്തേക്കിറങ്ങി. കോശിയും കുഞ്ചാക്കോയും പരിചയക്കാരായിരുന്നു. ഉദയാ സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന ആലപ്പുഴ ഏറെദൂരെയുമായിരുന്നില്ല. പക്ഷെ പരിചിതവൃത്തങ്ങള് സ്വകാര്യതയില്‍ അലോസരം തീര്‍ക്കരുതെന്ന ചിന്തയാലോ എന്തോ മേനോന് മദിരാശിയിലെത്തി. അവിടത്തെ വാഹിനി സ്റ്റുഡിയോയിലാണ് ചിത്രം നിര്‍മിച്ചത്.
അക്കാലത്തെ പ്രശസ്ത സാഹിത്യകാരനായ എന്‍.പി. ചെല്ലപ്പന് നായരെക്കൊണ്ട് ഒരു കഥയുണ്ടാക്കിച്ചു. നാഗവള്ളി ആര്. എസ്. കുറുപ്പിനെക്കൊണ്ടു സംഭാഷണവുമെഴുതിച്ചു. കഥയ്ക്ക് നിര്‍മാണത്തിലിരുന്ന ‘പ്രസന്ന’യുടെ പ്രമേയവുമായി സാമ്യമുണ്ടായിരുന്നതായി ചേലങ്ങാട്ടു നിരീക്ഷിക്കുന്നു.
കോടീശ്വരനായ മില്ലുടമയാണ് ജനാര്ദ്ദനന് പിള്ള. അയാളുടെ ഏക പുത്രി ചന്ദ്രിക വീട്ടിലെ അടുക്കളക്കാരിയുടെ മകനും മില്ലിലെ ജീവനക്കാരനുമായ ഗോപിയുമായി പ്രേമത്തിലാകുന്നു. ഗോപി തന്റെ നിസ്സാരത തിരിച്ചറിഞ്ഞു ഒഴിഞ്ഞുമാറുമ്പോള്‍ ചന്ദ്രികയ്ക്ക് പ്രണയവാശി ഏറുന്നു. തോഴി രമണിയുടെ ഉപദേശം അയാള്‍ കൈക്കൊള്ളുന്നില്ല. വിവരമറിഞ്ഞ ജനാര്‍ദ്ദനന്‍പിള്ള ഗോപിയെ പിരിച്ചുവിടുകയും ഡോ. രാധാകൃഷ്ണനുമായി അവളുടെ വിവാഹം നിശ്ചയിക്കുകയും ചെയ്യുന്നു. ഒളിച്ചോടാന്‍ സന്നദ്ധയായി തന്നെ തേടി വന്ന ചന്ദ്രികയുടെ പ്രണയശാഠ്യത്തിന് ഗോപി വഴങ്ങുന്നില്ല. താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ചന്ദ്രിക മടങ്ങി. പിന്നെയാണ് കഥയിലെ അമ്പരപ്പിക്കുന്ന നാടകീയ മുഹൂര്‍ത്തം. ചന്ദ്രികയുടെ മുറിയില്‍ മുഖംമൂടി ധരിച്ചുവരുന്ന ഗോപി അവളെ കൊല്ലുവാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ ബഹളം. വീട്ടുകാരോടിയെത്തുന്നു. പോലീസുവരുന്നു; ഗോപി ജയിലിലാകുന്നു. ചന്ദ്രിക അതോടെ മനോരോഗിയായി.
ചികിത്സിക്കാനെത്തിയത് ഡോ. രാധാകൃഷ്ണന്. ചികിത്സ ഫലിച്ചു. രോഗം മാറി. ഡോ. രാധാകൃഷ്ണന് ചന്ദ്രികയെ വിവാഹം ചെയ്തു. അപ്പോള്‍ ഗോപിയുടെ കാര്യമെന്തായി എന്ന സന്ദേഹം വേണ്ട. കഥ തീര്‍ന്നിട്ടില്ല. ഡോ. രാധാകൃഷ്ണന്റെയും ചന്ദ്രികയുടെയും ജീവിതം തകര്‍ക്കുവാന്‍ പിള്ളയുടെ മില്ലിന്റെ മാനേജറായ ശങ്കറും പിള്ളയുടെ സഹോദരി രാധാമണിയും കച്ച കെട്ടിയിറങ്ങുന്നു. കഥയുടെ പിരിമുറുകുന്നു. ചന്ദ്രിക ഗോപിക്കയച്ച ഒരു പ്രണയക്കുറിപ്പ് ഇവരുടെ കൈയില്‍ എത്തിയതു വച്ച് ഇവര്‍ പിള്ളയെ ബ്ലാക് മെയില്‍ ചെയ്തു അയാളുടെ കയ്യില്‍നിന്നും പണം ഊറ്റിയെടുക്കുന്നു. അപ്പോഴേക്കും ഡോ. രാധാകൃഷ്ണന് സംശയം. ചന്ദ്രികയുടെ ദാമ്പത്യം, അതോടെ ഉലയുന്നു. മറ്റു രണ്ടു കഥാപാത്രങ്ങള്‍ ഡോ. കെ.പി. റാം, മോഹനന്, എന്നിവര്‍ കൂടി ഈ നീചവഴിയെ ചേര്‍ന്നുവെങ്കിലും മോഹനന് പൊടുന്നനവെ മാനസാന്തരം സംഭവിക്കുന്നു. അയാള്‍ ജയിലില്‍ ചെന്ന് ഗോപിയോട് സത്യം ഏറ്റുപറയുന്നു. മോഹനന്റെയും രമണിയുടെയും ശ്രമഫലമായി തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ ഒഴിയുന്ന ഡോ. രാധാകൃഷ്ണനും ചന്ദ്രികയും വീണ്ടും ഒരുമിക്കുന്നു. ഗോപി രമണിയെ വിവാഹം കഴിക്കുന്നു. ഒരു വിവാഹം കൂടി നടക്കട്ടെ എന്നുതോന്നിയതുകൊണ്ടാവാം റാമും രാധാമണിയും തമ്മിലുള്ള വിവാഹം കൂടി കാണിച്ചിട്ടേ ചിത്രം ശുഭാന്ത്യത്തിലെത്തുന്നുള്ളൂ!
കഥയുടെ ആ ചുരുക്കം വായിക്കുമ്പോള്‍ നാമിപ്പോഴനുഭവിച്ച തിക്കുമുട്ടിത്രയെങ്കില് ചിത്രം കണ്ട പ്രേക്ഷകര്‍ അതിന്റെ എത്ര ഇരട്ടി അനുഭവിച്ചിരിക്കാം. എന്നാല്‍ മേനോന്റെ ചുറ്റുമുണ്ടായിരുന്ന സ്തുതിപാഠകസംഘം ഈ പ്രമേയം വിശ്വോത്തരമമെന്നു പുകഴ്ത്തുകയും ഒരു വെടിയ്ക്കു രണ്ടു പക്ഷി വീഴും വിധം ചിത്രം മലയാളത്തിനോടൊപ്പം തമിഴിലും നിര്‍മിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയുമാണുണ്ടായത്. സംവിധായകനായി നിയോഗിച്ചത് തമിഴ് സംവിധായകനായ വി.എസ്. രാഘവനെയാണ്. സ്വാഭാവികമായും അദ്ദേഹവും അതിനെ പിന്താങ്ങി. അങ്ങനെ ദ്വിഭാഷാ ചിത്രമായി ചന്ദ്രിക പിറന്നു. മലയാളത്തില്‍ ദക്ഷിണാമൂര്‍ത്തിയും തമിഴില്‍ ഗോവിന്ദ രാജുലു നായിഡുവും സംഗീതത്തിന്റെ ചുമതലയേറ്റു. പി. ഭാസ്ക്കരനും തുമ്പമണ്‍ പത്മനാഭന് കുട്ടിയുമാണ് മലയാളത്തില്‍ പാട്ടുകളൊരുക്കിയത്. രണ്ടുപാട്ടുകളേ ഭാസ്കരന് മാസ്റ്റരുടേതായുള്ളൂ. അദ്ദേഹം ആദ്യമായി ഒരു മലയാളചിത്രത്തില്‍ ഗാനരചന നിര്‍വഹിച്ചത് ‘ചന്ദ്രിക’യിലാണ്. ”ചൊരിയുക മധുമാരിനിലാവേ…” എന്നാരംഭിക്കുന്ന ഗാനവും ”കേഴുക ആത്മസഖീ…” എന്ന അശരീരിഗാനവുമായിരുന്നു ഭാസ്ക്കരരചനകള് ‘ചന്ദ്രിക’യ്ക്ക് മുന്‍പ് ‘അപൂര്‍വ സഹോദരികള്‍’ എന്ന തമിഴ്ചിത്രത്തിനുവേണ്ടി ”കടക്കണ്ണില്‍ തലപ്പത്തുകറങ്ങും വണ്ടേ..” എന്ന ഒരു ഗാനം താന്‍ രചിച്ചിരുന്ന വൃത്താന്തം മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്.
പി.കെ.വിക്രമന് നായര്‍, തിക്കുറിശ്ശി, നാഗവള്ളി ആര്.എസ്. കുറുപ്പ്, ഗോപാലന് നായര്‍, എം.ജി. മേനോന്, വി.എന്‍. ജാനകി, ആര്. മാലതി, ആര്. ഭാരതി, എം.എല്‍. സരസ്വതി, ആറന്മുള പൊന്നമ്മ എന്നിവരോടൊപ്പം തമിഴ് നടന്മാരായ ബാലയ്യായും ശാരംഗപാണിയുമായിരുന്നു ‘ചന്ദ്രിക’യിലെ അഭിനേതാക്കള്‍.
മേനോന്റെ സ്തുതിപാഠക സംഘത്തിന്റെ വിലയിരുത്തലായിരുന്നില്ല ചിത്രം കണ്ട പ്രേക്ഷകരുടേത്. അവര്‍ ചിത്രം അമ്പേ നിരാകരിച്ചു. ‘ചന്ദ്രിക’ മലയാളത്തില്‍ വന്‍ പരാജയമായി. തമിഴിലെ ഗതി അന്വേഷിക്കാതിരിക്കുകയാണ് ഭേദം. ചിത്രത്തില്‍ അഭിനയിച്ച ആര്. ഭാരതി പിന്നീട് കെ.എം.കെ.മേനോന്റെ ഭാര്യയായി ഭാരതി മേനോന് എന്ന പേര് സ്വീകരിച്ചു. ഏതാനും ചിത്രങ്ങളില്‍ക്കൂടി ഭാരതി അഭിനയിക്കുകയോ അഭിനയശ്രമം നടത്തുകയോ ചെയ്തതായി കേട്ടിട്ടുണ്ട്.
‘ചന്ദ്രിക’യില്‍ മുടക്കിയ മുതലത്രയും നഷ്ടപ്പെട്ടുവെങ്കിലും ഭഗ്നാശനായി പിന്‍വാങ്ങുവാന്‍ മേനോന് തയ്യാറായില്ല. ഇന്ന് കുളത്തൂരില്‍ എന്‍ജിനീയറിങ് കോളജ് ഇരിക്കുന്ന സ്ഥലം പണ്ടു എട്ടുവീട്ടുപിള്ളമാരുടെ പിന്‍തലമുറയിലെ എട്ടുകുഴി കുട്ടന് പിള്ളയുടേതായിരുന്നു. അവിടെ മേനോന് ശ്രീകൃഷ്ണാ സ്റ്റുഡിയോസ് എന്ന പേരില്‍ ഓലമേഞ്ഞ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു; ഒരൊറ്റ ഫ്ളോര്‍ സ്റ്റുഡിയോ. സിംഹള ചിത്രമായ ‘സല്ലീ മല്ലി’യും മലയാളചിത്രമായ ‘കെടാവിളക്കും’ ആ ഫ്ളോറില്‍ ചിത്രീകരണം നടത്തിയെങ്കിലും ചിത്രങ്ങള്‍ രണ്ടും പൂര്‍ത്തിയായില്ല. അതിനിടയില്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു. ഭാഗ്യവശാല്‍ അവിടെയുണ്ടായിരുന്ന മിച്ചല്‍ ക്യാമറയും ലൈറ്റുകളും മുന്‍പേ മാറ്റുവാന്‍ കഴിഞ്ഞതിനാല്‍ അവ മദിരാശിയിലെത്തിച്ചു വാടകയ്ക്കു നല്കുന്ന സംവിധാനമിണക്കുവാന് മേനോനു കഴിഞ്ഞു.
കെ.എം.കെ. മേനോന് മുന്‍പേ വിവാഹിതനായിരുന്നു എന്നും ഭാരതി അദ്ദേഹത്തിന്റെ രണ്ടാംഭാര്യയായിരുന്നുവെന്നും ചേലങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. ഐ.വി. ശശിയുടെ ചിത്രങ്ങളില്‍ ആദ്യകാലത്തെ നായകനായിരുന്ന രവികുമാര്‍, കെ.എം.കെ. മേനോന്-ഭാരതി ദമ്പതികളുടെ പുത്രനാണ്. മലയാളത്തിലും തമിഴിലും കുറെ നല്ല വേഷങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് സീരിയലുകളിലെ അഭിനയരംഗത്തും അദ്ദേഹത്തെ കാണാനായി. രവികുമാര്‍ ഈ ലേഖകന്റെ ഒരു നല്ല സുഹൃത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: