എഴുത്തുകാര്‍ വേട്ടയാടപ്പെടുമ്പോഴും അവര്‍ക്കെതിരെ അതിക്രമങ്ങളുണ്ടാകുമ്പോഴും ഒറ്റപ്പെടുത്തലുണ്ടാകുമ്പോഴും സമൂഹശ്രദ്ധ കൈവരികയും പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്യാറുണ്ട്. സാഹിത്യകാരന്മാര്ക്കെതിരെ അതിക്രമം നടക്കുമ്പോള്‍ പൊതുസമൂഹം മുഴുവനായും പ്രതികരണവുമായെത്താറുമുണ്ട്. കാരണം എഴുത്തുകാര്‍ പൊതുസ്വത്താണെന്ന കാഴ്ചപ്പാടാണ് പരിഷ്കൃത സമൂഹത്തിന്റേത്. എന്നാല്‍ രാഷ്ട്രീയപരമായ വേട്ടയാടല്‍ ശക്തമായപ്പോള്‍ എഴുത്തുകാരനായ ഒരാളുണ്ട് കണ്ണൂര്‍ ജില്ലയില്‍. തനിക്ക് പറയാനുള്ളത് പറയാന്‍ ശക്തമായ മാധ്യമമായി എഴുത്തിനെ കണ്ടയാള്‍. തനിക്ക് പറയാനുള്ളത് പറഞ്ഞേ തീരു എന്ന നിശ്ചയദാര്‍ഢ്യത്തോടെ വെട്ടിത്തുറന്ന് പറയാന്‍ കവിതയെ ചാലക ശക്തിയായി കണ്ടയാള്‍. ഏഴോം എരിപുരത്തെ മുണ്ടയാടന്‍ നാരായണന് നമ്പ്യാര്‍ എന്ന എം.എന്‍. നമ്പ്യാര്‍.
ആദര്‍ശ ശുദ്ധികൊണ്ടും കര്‍മ്മകുശലത കൊണ്ടും ആദരണീയനായ വ്യക്തിത്വത്തിനുടമ. പ്രാസമോ വൃത്തമോ മറ്റ് ശൈലികളോ മുറുകെ പിടിച്ചല്ല അദ്ദേഹം കവിതയെഴുതിയത്. തനിക്ക് പറയാനുള്ളത് നേരിട്ട് പറഞ്ഞ് പോവുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എളുപ്പം ഗ്രഹിക്കാന്‍ സാധിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാ ശൈലി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം പ്രയോഗത്തിലുള്ള പ്രദേശികമായ ചില പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. അധ്യാപകനായും വിദ്യാഭ്യാസ വിചിക്ഷണനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹത്തില്‍ സര്‍ഗശേഷി ജന്മനാ രക്തത്തിലലിഞ്ഞ് ചേര്‍ന്നിരുന്നെങ്കിലും ജീവിതത്തിന്റെ സായം കാലത്താണ് അദ്ദേഹത്തിന്റെ രചനാവൈഭവം പുറംലോകമറിഞ്ഞത്.
ജീവിതത്തിലുടനീളം തുടര്‍ന്നുവന്ന പരന്ന വായനയും ജീവിതാനുഭവങ്ങളും നിരന്തരമായ യാത്രകളും അദ്ദേഹത്തിന്റെ രചനകളെ ആശയസമ്പുഷ്ടമാക്കിയെന്ന് പറയാം. വിഷയ വൈവിധ്യം കൊണ്ടും ആശയവ്യക്തതകൊണ്ടും സമ്പന്നമാണ് അദ്ദേഹത്തിന്റെ രചനകള്‍. എങ്കിലും തന്റെ നിലപാടുകളിലെ വ്യത്യസ്തത കാരണം തന്നെ വേട്ടയാടിയവരോടുള്ള പ്രതികരണമാണ് ഇവയില്‍ പ്രധാനം. ഇടതിനോട് ചേര്‍ന്ന് പോയില്ലെന്ന ഒറ്റക്കാരണത്താല്‍ കൂട്ടത്തോടെ വേട്ടയാടപ്പെട്ട് ജനിച്ച നാടും വീടും വിട്ട് നഗരത്തില്‍ ചേക്കേറേണ്ടി വന്നപ്പോള്‍ തനിക്ക് പറയാനുള്ളത് പറയാന്‍ കവിതയെ ഒരു മാധ്യമമായെടുത്തയാളാണ് എം.എന്‍.നമ്പ്യാര്‍.
തന്റെ സാഹചര്യങ്ങളാണ് അദ്ദേഹത്തിലെ എഴുത്തുകാരനെ രാകി മിനുക്കിയെടുത്തതെന്ന പറഞ്ഞാല്‍ പോലും തെറ്റില്ല. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം നമുക്ക് ഈ നിലപാട് കാണാന്‍ സാധിക്കും. സ്വപ്നങ്ങളുടെയോ കാല്പനിക സങ്കല്പങ്ങളുടെയോ കെട്ടുകഥകളുടെയോ ആവിഷ്കാരമല്ല എംഎന്‍ നമ്പ്യാര്‍ കവിതകള്‍. മറിച്ച് തനിക്ക് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന തിക്താനുഭവങ്ങളുടെ ആവിഷ്കാരമാണ്. സുഹൃത്തുക്കളോടൊപ്പം ഒത്തുകൂടിയ അരയാല്‍തറ കൈവിട്ട് പോകേണ്ടിവന്നപ്പോഴുണ്ടായ ഗൃഹാതുരമായ ഓര്‍മ്മയില്‍ നിന്നാണ് അദ്ദേഹത്തിന്റെ എരിപുരം അരയാലിന്റെ അവകാശികള്‍ എന്ന കവിതാ സമാഹാരം പിറന്നത്.
പാതവക്കത്തൊരരയാലിന്റെ മുന്നില്‍
പൊതുസ്ഥലമാണെന്ന കോലാഹലങ്ങള്‍
യുക്തിവാദികള്‍, വിപ്ലവ വായാടികള്‍
നാട്ടിന്റെ സ്വാസ്ഥ്യം കെടുത്തുന്നു നിത്യവും
അരയാലിന്റെ കഥപറഞ്ഞിട്ടവര്
പെരും നുണകള്‍ മുളപ്പിച്ചെടുക്കുന്നു
മെഴുകുതിരി കത്തിച്ചവര്‍ നാടകം
കളിക്കുന്നു കൊലവിളിയുയര്‍ത്തുന്നു
തന്റെ വീടിന് മുന്‍വശത്തുള്ള അരയാല്‍തറ പ്രദേശത്തെ ഇടതു സംഘടനയില്‍പ്പെട്ടവര്‍ കൈയേറി സ്വന്തമാക്കിയപ്പോള്‍ നിര്‍വികാരനായി നോക്കിനില്‍ക്കേണ്ടി വന്ന വേദനയില്‍ നിന്ന് തെളിഞ്ഞ് വന്ന വരികളാണിത്. റോഡിനോട് ചേര്‍ന്ന സ്ഥലം പൊതുഇടമാണെന്ന് പറഞ്ഞാണ് കയ്യേറിയത്. പിന്നീട് അവിടെ ചെങ്കൊടി നാട്ടി അധികാരം സ്ഥാപിക്കുകയും ചെയ്തു. നിയമപാലകരോ നിയമസംവിധാനമോ എം.എന്‍. നമ്പ്യാരുടെ കൂടെ നിന്നില്ല. എംഎന്‍ നമ്പ്യാരെ പോലെയുള്ള നിരവധി സഹൃദയരുടെ കൂട്ടായ്മയുടെ കേന്ദ്രമായിരുന്നു ആ അരയാല്‍തറ.
വൈകുന്നേരങ്ങളില്‍ നിരവധിയാളുകള്‍ അവിടെ ഒത്തുകൂടി. ആ കൂട്ടായ്മയില്‍ സാഹിത്യവും രാഷ്ട്രമീമാംസയും ആധ്യാത്മികതയും പ്രകൃതിയും പരിസ്ഥിതിയും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. കേവലം ഒരാള്‍ക്കൂട്ടം എന്നതിലുപരി എരിപുരം എന്ന ഗ്രാമത്തിന്റെ ഭാഗദേയം നിര്‍ണ്ണയിച്ച ഒരു കൂട്ടായ്മയായിരുന്നു അത്. ആ കൂട്ടായ്മക്ക് മതതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ വേലിക്കെട്ടുകള്‍ തടസ്സമായില്ല. എന്നാല്‍ ഇടതു ഫാസിസ്റ്റുകള്‍ അരയാല്‍ തറ കയ്യേറിയതോടെ ആ കൂട്ടായ്മയും സ്വതന്ത്രമായ ചര്‍ച്ചകളും ചിന്തകളും അവസാനിച്ചു.
പകരം കൈയൂക്കിന്റെയും അസഹിഷ്ണുതയുടെയും ശബ്ദം ഉയര്‍ന്നു വന്നു. സൂര്യനസ്തമിച്ചാല്‍ മറ്റുള്ളവര്‍ക്ക് വഴിനടക്കാന്‍ സാധിക്കാതായി. കൂട്ടായ്മ നഷ്ടമായപ്പോള്‍ പലരും പ്രതികരിക്കാതെ സ്വന്തം മാളങ്ങളിലൊളിച്ചു. ചിലര്‍ നിലനില്പിനു വേണ്ടി വിപ്ലവകാരികളെന്ന് നടിച്ച് ഇടതിനോട് ചേര്‍ന്നു നടന്നു. എംഎന്‍ നമ്പ്യാര്‍ മാത്രമാണ് ഇതിനെതിരെ നിരന്തരമായി പ്രതികരിച്ചത്.
എന്നാല്‍ എഴുത്തും വായനയും ആധ്യാത്മികതയുമായി കടന്നുപോയ അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റുകാരുടെ സംഘടിതമായ അക്രമത്തെ അതിജീവിച്ച് അവിടെ തുടരാന്‍ സാധിച്ചില്ല. തന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും അടിയറവെക്കാനും അദ്ദേഹം തയ്യാറായില്ല. വ്യകിതപരമായും കുടുംബപരമായും നിരന്തരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് നാടും വീടും ഉപേക്ഷിച്ച് നഗരത്തിലേക്ക് ചേക്കേറേണ്ടി വന്നു. നാടിന്റെ നാനാഭാഗത്തും ശിഷ്യഗണങ്ങളുള്ള അദ്ദേഹത്തെ അക്രമിക്കുന്നവരില്‍ അവരുമുണ്ടെന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.
നല്ലതും തീയതും മാറ്റുന്ന കാലമേ
നേരിന്റെ നെഞ്ചിലേക്കായുന്ന കൈകളേ
ശിഷ്യരില്‍ വിഷം കുത്തിവെക്കുന്നവരേ
അധര്മ്മത്തിന്റവതാരങ്ങളേ വിട
ഹാ ശിഷ്യര്‍ ശകാരം കൊണ്ട് പൊതിഞ്ഞുവോ
ഗെയ്റ്റിന്റെ വിളക്കെറിഞ്ഞുടച്ചുവോ
വന്മതിലുകളിടിച്ച് തകര്‍ത്തുവോ…
തനിക്കെതിരെ നടന്ന നിരന്തരമായ ആക്രമങ്ങളാണ് ഈ വരികള്‍. വീടിന്റെ മതിലും ലൈറ്റുകളും അവസാനം വീടിന് നേരെയും ആക്രമം നടന്നപ്പോഴാണ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന് പോകേണ്ടി വന്നത്. അരയാലിന്റെ അവകാശികള്‍ കേവലം ഗൃഹാതുരത തുളുമ്പുന്ന ഒരു കവിതാ സമാഹാരം മാത്രമല്ല. തങ്ങളെ അനുകൂലിക്കാത്തവരെയെല്ലാം ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കുന്ന ഇടതു ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയ്ക്ക് ഇരയാകേണ്ടിവന്ന ഒരാളുടെ പച്ചയായ പ്രതികരണം കൂടിയാണ്.
എരിയുമെന്‍ മനതാരിലിത്തിരികൂടി
കനലിട്ടവര് സ്വയം കുളിര് കോരി-
യിട്ടാടിത്തിമിര്ക്കുന്ന മൂഢസ്വര്ഗത്തിന്റെ
കാവല്ഭടന്മാര് മുഖമൊന്നു കാണുക.
കാണുന്ന വസ്തുവില്‍ കാമമേറും കൂട്ടര്
കൂത്താടുവാനേറെയൊത്താശ ചെയ്യുന്ന
സംഘഗാനക്കാരെ ഓതട്ടെ ഞാന്‍ വിട…
വിപ്ലവ വൈകൃതം എന്ന അദ്ദേഹത്തിന്റെ കവിതകളിലെ വരികളാണിത്. മറ്റുള്ളവരെ വേദനിപ്പിച്ച് അതില്‍ ആത്മ നിര്‍വൃതികണ്ടെത്തുന്ന നേതൃത്വവും അതിന് ഓശാന പാടുന്ന അണികളെയും തുറന്നു കാട്ടുന്ന കവിതയാണിത്. പിറന്ന നാട്ടില്‍ നിന്ന് ബഹിഷ്കൃതനാകുമ്പോള് മനസ്സിലുള്ള വേദനയും ഈ കവിതയിലുണ്ട്. നേതാവ് എന്ത് പറഞ്ഞാലും അതുതന്നെ ഏറ്റുപറയുന്നവരാണ് അണികള്‍ എന്ന കാഴ്ചപ്പാടിലാണ് സംഘഗാനക്കാരെ എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത്.
കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ നടക്കുന്ന ഏകാധിപത്യ പ്രവണതകളും ചൂഷണവും വരച്ചുകാട്ടുന്നതാണ് ഹൃദയങ്ങള്‍ തമ്മില്‍ എത്ര ദൂരം എന്ന കവിത.
നേതാവിന് ശബ്ദങ്ങളൊന്നു മാത്രം
നിമ്നോന്നതങ്ങളായേറ്റുപാടും
നേതാവിന്നാമരം വേണമത്രേ
ആരുമൊരെതിരും ചൊല്ലിയില്ല…
പ്ലാവും മുറിച്ചങ്ങു കൊണ്ടുപോയി
ഉടമയ്ക്ക് വിലയോ നല്‍കിയില്ല
ഊരുവിലക്കിന്റെ കാലമല്ലെ
ഉരിയാടുന്നോര്ക്കൊച്ചയില്ല…
അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ് ഈ കവിതക്ക് പിന്നിലുള്ള ഇതിവൃത്തം. നേതാവിന്റെ വീടിന് സമീപത്തെ പറമ്പിലുള്ള പ്ലാവ് കണ്ട് മോഹിച്ച് പണം പോലും നല്‍കാതെ കൈക്കരുത്തില്‍ മുറിച്ച് കൊണ്ടുപോയതിലുള്ള പ്രതികരണം കൂടിയാണ് ഈ കവിത. പാര്‍ട്ടി തീരുമാനിക്കുന്നതിനെ അംഗീകരിക്കാനല്ലാതെ അതിനെ എതിര്‍ക്കാന്‍ ആരും തുനിയാറില്ല. ആരെങ്കിലും എതിര്‍ത്താല്‍ അവര്‍ക്ക് പിന്നീട് അവിടെ ജീവിക്കാനുമാവില്ല. അതുകൊണ്ട് എല്ലാം സഹിച്ചും പൊറുത്തും റാന്‍ മൂളികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടങ്ങളിലുള്ളത്.
ജന്മി നാടുവഴിത്തത്തിനെതിരെ പോരാടിയെന്ന് ഘോരഘോരം പ്രസംഗിക്കുന്നവര്‍ തന്നെ അവരുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്വയം ജന്മിമാരായി അവതരിച്ചു. പാര്‍ട്ടി അണികള്‍ പഴയ കുടിയാന്മാരായി അവതരിച്ചു. നേതാവ് ചെയ്യുന്ന ദുര്‍വൃത്തികള്‍ക്ക് ചൂട്ടുപിടിച്ച് അസ്ഥിത്വവും വ്യക്തിത്വവും പണയം വെച്ച് ജീവിക്കുന്നവരാണ് പാര്‍ട്ടി അണികള്‍. അനുകൂലികള്‍ക്ക് അടിമകളായി ജീവിക്കാം എതിര്‍ക്കുന്നവര്‍ക്ക് പലായനം ചെയ്യാം. അങ്ങനെ പലായനം ചെയ്യപ്പെടേണ്ടി വന്നിട്ടും ഉറച്ച ശബ്ദത്തില്‍ എഴുത്തു കൊണ്ടും വാക്കുകൊണ്ടും കലഹിക്കുകയാണ് എംഎന്‍ നമ്പ്യാര്‍. കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളിലെ നൂറുകണക്കിന് വേദികളില്‍ അദ്ദേഹം തന്റെ കവിതള്‍ അവതരിപ്പിച്ചുട്ടുണ്ട്. സ്മൃതിഗീതങ്ങള്‍, ദശപുഷ്പങ്ങള്‍, നവസര്ഗ്ഗം എന്നിവയാണ് മറ്റ് കവിതാ സമാഹാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: