മാതാവിനേയും മാതൃത്വത്തേയും കരുതലോടെ കാണാനും നിഷേധിക്കാതെ ആ മഹത്വം അനുഭവിക്കാനും മക്കളോടും ലോകത്തോടു തന്നെയും ആഹ്വാനം ചെയ്യുന്ന മാതൃദിനം മെയ് 14ന്്
മലയാളത്തിലെ മനോഹര കവിതകളിലൊന്നാണ് ഉളൂരിന്റെ പ്രേമസംഗീതം.സ്നേഹ വാത്സല്യങ്ങളുടെ മഷിനിറച്ചെഴുതിയ കവിതയാണത്. ജീവിതത്തെ തത്വചിന്താപരമായി അന്വേഷിച്ച്് ഏറ്റവും ലളിതമായി അതിന്റെ മഹത്വം വര്‍ണ്ണിക്കുന്ന ഈ കവിതയില്‍ ഒരിടത്ത് മാതൃത്വത്തിന്റെ ഉയരം കാക്കുന്ന പ്രൗഢഗംഭീരമായ വരികളുണ്ട്. ഒരു പൂവിതള്‍ ചൂടിയാലും ഭാരം തോന്നുന്ന ഗര്‍ഭകാലത്താണ് അമ്മ വയറ്റില്‍ അതിനേക്കാള്‍ ഭാരം കൂടിയ കുഞ്ഞിനെ ചുമക്കുന്നതെന്നാണ് ആ വരികളുടെ ആശയം.
കവിതയുടെ ഈ ഭാഗമെത്തുമ്പോള്‍ ഉള്ളൂരിന്റെ ആശയ ഗാംഭീര്യം വായനക്കാരന്റെ ഉള്ളു നോവിക്കും. അതിരുകാണാത്ത മഹാസമുദ്രത്തിലെ കപ്പലോട്ടക്കാരന് സമുദ്രം വലുതായി വരുംപോലെ അമ്മയെക്കുറിച്ചു അപദാനമായും ആദരവായും എഴുതിയാലും തീരാത്ത കഥകളുടെ അതിരു കാണാത്ത കടലായിത്തീരും അത്തരം കഥകള്‍.
അങ്ങനെയുള്ള അമ്മയെ ഓര്‍ക്കാനും മാതൃത്വത്തെ ആദരിക്കാനും ഒരു മാതൃദിനം വേണോ. എല്ലാം മറക്കുന്നതായിത്തീരുമ്പോള് എന്തുകൊണ്ട് പാടില്ല എന്നും അനിവാര്യം എന്നുമൊക്കെയാവും ഉത്തരം. മെയ് 14 മാതൃദിനമാണ്. മക്കളുടേതാണ് അമ്മ. ആരുമറന്നാലും അമ്മയെ മക്കള്‍ മറക്കരുതെന്നും കൂടിയുണ്ട് അതിനു പിന്നില്‍. പക്ഷേ മറന്നും ഉപേക്ഷിച്ചും അവഗണിച്ചും അമ്മയ്ക്കു മക്കള്‍ തന്നെ വിലപറയുമ്പോള്‍ അതൊക്കെ അരുതെന്നോര്മ്മിപ്പിക്കാന് തന്നെയാണ് ഇന്നത്തെ മാതൃദിനം.
സ്പീഡ് ഗവേണില്ലാത്ത അഹങ്കാരത്തിന്റെ ജീവിതപ്പാച്ചിലില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച് നമ്മള് ലോകം ചെറുതാക്കുമ്പോള്‍ അമ്മയുടെ ക്ഷമയുടേയും സഹനത്തിന്റെയും വാത്സല്യത്തിന്റെയും തലോടലില്‍ വലുതാകുന്നതാണു പ്രപഞ്ചം. സ്നേഹത്തോടൊപ്പം വേദനയും ഒതുക്കാത്ത കരച്ചിലും കൊണ്ടുപോലും ജയിക്കുന്നതാണ് അമ്മലോകം. അച്ഛന് നെഞ്ചിലൊതുക്കിയ കരച്ചിലില്‍ മൗനത്തിന്റെ മൂടുപടത്തില്‍ സ്നേഹത്തിന്റെ തന്നെ അപരിചിത ഭാവമാകുമ്പോള്‍ നെഞ്ചത്തിടിച്ചു കരഞ്ഞ്് ഉള്ളുതുറക്കുന്ന അമ്മയാണ് എപ്പഴും നമുക്കു പരിചിത. അറിയാറില്ലേ ലോകം മുഴുവന്‍ വെറുത്താലും തോറ്റാലും അമ്മയ്ക്കരികിലെത്തുമ്പോള് കിട്ടുന്ന ആശ്വാസം.
എത്രവലുതായാലും നമ്മള് ചെറുതാകുന്നത് അമ്മയ്ക്കു മുന്നിലാണ്. എന്നും അമ്മയ്ക്കു കാലുവളരുന്നോ കൈവളരുന്നോ എന്നോര്‍ക്കുന്ന കുഞ്ഞാണ് മക്കള്‍. മരണംവരെ ശുശ്രൂഷിച്ചും വഴിക്കണ്ണുമായും കാത്തിരിക്കുന്ന അമ്മ. ഉഛരിക്കുമ്പോള്‍ അറിഞ്ഞും അറിയാതെയും കൈകൂപ്പി നമ്മേയും കടന്നു വലുതാകുന്ന പദം അതൊന്നേയുള്ളൂ, അമ്മ. എന്നാലും അകലാന്‍ എന്തെളുപ്പം അമ്മയില്‍ നിന്നെന്ന തരമായിരിക്കുന്നു ലോകം.
വഴിയില്‍ ഉപേക്ഷിക്കാനും ദൈവാലയ മുന്നില്‍ നടയിരുത്താനും അഗതി മന്ദിരത്തിലേക്കു തള്ളിവിടാനും പറ്റിയ ഒരനാവശ്യജന്തുവായിട്ട് പല മക്കളും അമ്മയെ കരുതിയിട്ടുണ്ട്. മക്കള്‍ പ്രായമാകുമ്പോഴും അമ്മയ്ക്കു കുഞ്ഞാണെങ്കിലും വൃദ്ധയാകുന്തോറും അമ്മ മക്കള്‍ക്ക് ശല്യമാകുന്നു. അങ്ങനെയാണ് ഇത്തരം ഉപേക്ഷിക്കല്‍. അപ്പഴും അമ്മ മക്കളെ കുറ്റപ്പെടുത്താറില്ല. അവര്‍ക്കായി പ്രാര്‍ഥനയുടെ കരുതലിലും വാത്സല്യത്തിന്റെ ജാഗ്രതയിലുമാവും അമ്മ.
നാലഞ്ചു ദിവസം മുന്‍പ് പണത്തിന്റെ പേരില്‍ ഒരു മകന് അമ്മയെ കുത്തിക്കൊന്നു. ഒരു പിച്ചാത്തിക്കുത്തിനു തീരാനേയുള്ളോ അമ്മ എന്ന അനുഭവം.. ബോംബിനെപ്പോലും അമ്മ എന്നു വിളിക്കുന്നു. മദര്‍ ഓഫ് ആള് ബോംബ്സ് എന്നാണ് അമേരിക്ക തങ്ങളുടെ ഭീമന് ബോംബിനു പേരിട്ടിരിക്കുന്നത്. ഇതിനെ അതിരൂക്ഷമായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചത്.
അമ്മയുടെ പ്രതീകങ്ങളും കാഴ്ചകളും ആയി കാണുന്നവ തന്നെയാണ് പ്രപഞ്ചത്തില്‍ അധികവും. അമ്മ പ്രകൃതിയും ദേവിയും ശക്തിയും എല്ലാമാണ്. വേദേതിഹാസങ്ങളിലും നായിക അമ്മ തന്നെയാണ്.വിവേകാനന്ദനും ശങ്കരനും അമ്മയായിരുന്നു എല്ലാം. ശ്രീരാമകൃഷ്ണ പരമഹംസര്‍ തന്റെ ഭാര്യ ശാരദാദേവിയുടെ കാല്‍തൊട്ടു വണങ്ങുമായിരുന്നു. ബൈബിളില്‍ ദൈവത്തിന്റെ അമ്മ എന്നാണു പറയുന്നത്. പ്രളയാഗ്നിയില്‍ എല്ലാം തകര്‍ന്നപ്പോള്‍ ശിവന്മാത്രം അവശേഷിച്ചത് പാര്‍വതി ദേവിയുടെ പാതിവ്രത്യം ഒന്നുകൊണ്ടു മാത്രമാണ്. ഈ മാതൃദിനം മാതാവിനെയും മാതൃത്വത്തേയും മക്കള്‍ക്കു കൂടുതല്‍ അറിയാനും അനുഭവിക്കും ഇടയാക്കട്ടെ എന്ന് ആശംസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: