ആറു സെന്റു ഭൂമിയില്‍ സുരേന്ദ്രന് പരിപാലിക്കുന്നത് അമ്പതോളം പശുക്കളെയാണ്. ഗോക്കള്‍ പാല് സമൃദ്ധമായി ചുരത്തിയതോടെ സുരേന്ദ്രന്റ ജീവിതവും ധന്യം. പരിമിതമായ സ്ഥലത്ത് ഫാം സ്ഥാപിച്ച് പശുക്കളെ വളര്‍ത്തി വിജയം നേടാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ചേര്‍ത്തല വാരനാട് ദേവി ക്ഷേത്രത്തിന് സമീപം എസ്ബി കോളനിയില്‍ താമസിക്കുന്ന സുരേന്ദ്രന് (52).
പശു ഫാം തുടങ്ങാന്‍ സ്ഥലമില്ല എന്ന് പറഞ്ഞ് പിന്തിരിയുന്നവര്ക്ക് മാത്യകയാണ് സുരേന്ദ്രന്. വീടിനോട് ചേര്‍ന്ന് ഫാമില്‍ കറവയുള്ള പശുക്കള്‍ 36 എണ്ണമാണ്. ദിനവും 420 ലിറ്റര്‍ പാല്, തൈര് 30 ലിറ്റര്‍, വെണ്ണയും നെയ്യും വില്‍ക്കുന്നു. വില്‍പ്പനയും വീട്ടില്‍ തന്നെയാണ്. ഇതിനായി പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കുന്നു. പുലര്‍ച്ചെ നാല് മണിയോടെ പാല് വില്‍പ്പന ആരംഭിക്കും. ശുദ്ധമായ പാല് വാങ്ങാന്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനം എത്തുന്നതിനാല്‍ അതിരാവിലെ തന്നെ നീണ്ട നിര കാണാം.
പാല് ലിറ്ററിന് 44 രൂപ, തൈര് 60 രൂപ, വെണ്ണ 600, നെയ്യ് 750 രൂപ നിരക്കിലുമാണ് വില്‍പ്പന. ചാണകത്തിനും ആവശ്യക്കാരേറെയാണ്. പാചകവാതകവും ഇവിടെ പുറത്ത് നിന്ന് വാങ്ങാറില്ല. ചാണകത്തില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ബയോഗ്യാസ് ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. 22 വര്‍ഷം മുന്‍പ് ഒരു പശുവില്‍ നിന്നായിരുന്നു തുടക്കം. പശുവളര്‍ത്തല്‍ ഇപ്പോള്‍ ഫാം ആയി ഉയര്‍ന്നതിന് പിന്നില്‍ സുരേന്ദ്രനൊപ്പം ഭാര്യ ശോഭയുടെയും മക്കളുടെയും കഠിനാദ്ധ്വാനവും ഉണ്ട്. ഇപ്പോള്‍ മൂന്ന് ജോലിക്കാരും ഇവരുടെ സഹായത്തിനുണ്ട്.
പുലര്‍ച്ചെ മുന്നരയ്ക്ക് പശുക്കളെ കുളിപ്പിച്ചതിന് ശേഷം കറവ ആരംഭിക്കും. 10 മുതല്‍ 14 ലിറ്റര്‍ വരെ പാല് ലഭിക്കുന്ന ഓസ്റ്റിന്‍ ജേഴ്സ് ഇനത്തിലെ പശുക്കളെ ആണ് കുടുതല്‍ വളര്‍ത്തുന്നത്. തമിഴ്നാട്ടിലെ സേലം, ഈറോഡ്, കരിങ്കല്‍ പാളയം തുടങ്ങി സ്ഥലങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങുന്നത്. പശുവിനെ കൊണ്ടു വരാന്‍ സ്വന്തം വാഹനവുമുണ്ട്. കൂടാതെ ആവശ്യക്കാര്‍ക്ക് പശുക്കളെ എത്തിച്ചും കൊടുക്കുന്നുണ്ട്. പശുക്കളെ കുറിച്ച് വിശദമായ അറിവ് ഈ കാലം കൊണ്ട് സുരേന്ദ്രന് നേടി. തവിട്, ഫാമിന് സമീപം പ്രവര്‍ത്തിക്കുന്ന ബീയര്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗോതമ്പ് ചണ്ടി(ബിയര്‍ വേസ്റ്റ്), പച്ചപ്പുല്ല് എന്നിവയാണ് തീറ്റയായി നല്‍കുന്നത്.
തീറ്റയ്ക്കും കൂലി ഇനത്തിലുമായി 6,200 രൂപയോളം ദിവസവും ചെലവിടുന്നു. പാല് വില്‍പ്പനയില്‍ മാത്രം ദിവസം 18,480 രൂപ ലഭിക്കുന്നുണ്ട്. പശു തന്നെ സംരക്ഷിക്കുന്ന മാതാവാണെന്നാണ് സുരേന്ദ്രന്റെ പക്ഷം. ഇല്ലായ്മയില്‍ നിന്ന് തന്നെ കൈ പിടിച്ച് ഉയര്‍ത്തി. രണ്ട് പെണ്മക്കളെ നല്ല നിലയില്‍ പഠിപ്പിച്ച് വിവാഹം കഴിച്ച് അയയ്ക്കാനും സഹായിച്ചു. മകനും ജിവിത മാര്‍ഗ്ഗമായി. ലോറി ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍, എല്ലാം ഗോമാതാവിന്റെ അനുഗ്രഹമെന്ന് സുരേന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: