കൂറ്റനാട ്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ കൂറ്റനാട് സെന്ററിന് സമീപം ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ടേക് എ ബ്രേക്ക് അടഞ്ഞുതന്നെ. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച വിശ്രമ കേന്ദ്രംതുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ യോഗം ചേര്‍ന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഉടന്‍ തുറക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന പരാതിയാണ് ജനങ്ങള്‍ക്ക്. ഏപ്രില്‍ രണ്ടാംവാരത്തിലാണ് അവസാനമായി യോഗം ചേര്‍ന്നത്.
പട്ടാമ്പി താലൂക്കോഫീസില്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ പി. മേരിക്കുട്ടി, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.രജീഷ, കെഎസ്ടിപി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷ്റാജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ടേക്ക് എ ബ്രേക്ക് തുറക്കാന്‍ ”വീണ്ടും” തീരുമാനമെടുക്കുന്നത്.
നിലവില്‍ കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിലുള്ള തര്‍ക്കമാണ് വിശ്രമകേന്ദ്രം തുറക്കുന്നതില്‍ കാലതാമസം. ജനങ്ങളുടെ ആവശ്യത്തിനേക്കാള്‍ ടേക്ക് എ ബ്രേക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലാഭം ആര്‍ക്ക് ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന വിഷയം.പൊതുമരാമത്ത് വകുപ്പിന്റെ അനുമതിക്ക് അനുസരിച്ച് മാത്രമെ നമ്പര്‍ നല്കാന് കഴിയൂ എന്ന നിലപാടിലാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാട്.
ഒരു വര്‍ഷം മുമ്പ് യുഡിഎഫ് ഭരണകാലത്താണ് കെട്ടിടത്തിന്റെ നിര്‍മാണം.അക്കാലത്ത് വളരെ തിരക്ക് പിടിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. 2016 ഫെബ്രുവരി അവസനത്തില്‍ അന്നത്തെ ടൂറിസംമന്ത്രി എ.പി. അനില്‍കുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിശ്രമകേന്ദ്രത്തിന്റെ ഭാഗമായുള്ള ശൗചാലയം, കഫ്റ്റീരിയ, എടിഎം തുടങ്ങിയ സംവിധാനങ്ങളൊന്നും പൂര്‍ത്തീകരിക്കാതെയായിരുന്നു ഉദ്ഘാടനം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവയൊന്നും നടപ്പായിട്ടുമില്ല.
നമ്പര്‍ നല്കണമെങ്കില് പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനാനുമതി വേണമെന്നായിരുന്നു പഞ്ചായത്തധികൃതര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം. എന്നാല്‍ കെട്ടിടനിര്‍മാണം തുടങ്ങുമ്പോള്‍ റോഡ് പൊതുമരാമത്തുവകുപ്പിന്റെ കൈയിലായിരുന്നുവെങ്കില്‍ നിര്‍മാണം പൂര്‍ത്തിയായപ്പോഴേക്കും റോഡ് കെഎസ്ടിപി ഏറ്റെടുത്തു. ഇതോടെയാണ് പ്രവര്‍ത്തനാനുമതി നല്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായത്.
കെട്ടിടനമ്പര്‍ നല്‍കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് പറഞ്ഞതോടൊപ്പം കെഎസ്ടിപി അധികൃതര്‍ നിരാക്ഷേപപത്രം നല്‍കാമെന്ന വ്യവസ്ഥയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ടായത്. എന്നാല്‍ പിന്നീട് ആ തീരുമാനം നടപ്പായില്ല.
നാഗലശ്ശേരി പഞ്ചായത്തിലുള്‍പ്പെടുന്ന പൊതുമരാമത്ത് വകുപ്പിന്റെ റോഡിന് സമീപമായാണ് പദ്ധതിയുടെ കെട്ടിടം.കെട്ടിടത്തിന് നമ്പര്‍ ലഭിച്ചെങ്കില്‍ മാത്രമേ ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയൂ എന്നാണ് അവസ്ഥ.
കൂറ്റനാട് വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ മുന്‍വശത്തായാണ് ദീര്ഘദൂരയാത്രക്കാരുള്പ്പെടെയുള്ളവര്ക്കായുള്ള വിശ്രമകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: