പത്തനംതിട്ട: അമ്മയുടെ മടിത്തട്ടില്‍ കുരുന്നുകള്‍ക്ക് ഇനി ഓടിക്കളിക്കാം. കോന്നി ഗ്രാമപഞ്ചായത്തിലെ മങ്ങാരം 16ാം വാര്‍ഡിലെ സംയോജിത ശിശുവികസന കേന്ദ്രം വിഭാവനം ചെയ്യുന്നത് കുരുന്നുകള്‍ക്കൊരു നവലോകമാണ്. മടിത്തട്ട് എന്ന പേരില്‍ ഇവിടെ ഇനി കുട്ടികളോടൊപ്പം അമ്മമാര്‍ക്കും പരിരക്ഷയൊരുക്കും. അംഗന്‍വാടി കെട്ടിട നിര്മാണത്തിനുവേണ്ടി പലയിടങ്ങളിലും കാത്തിരിപ്പുകള്ഏറുമ്പോള് ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്ത ഒരു ഉദ്യമത്തിനാണ് നാളെ മങ്ങാരത്ത് പൂര്‍ത്തീകരണമാകുന്നത്. കോന്നി പഞ്ചായത്ത് 16ാം വാര്‍ഡിലെ ആംഗന്‍വാടി കെട്ടിടത്തിന്റെ തകര്‍ച്ച
കണ്ടറിഞ്ഞ ഗ്രാമീണ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റേത്. കോന്നി ഗ്രീന്‍നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഈ ഉദ്യമം ഏറ്റെടുത്തു. അങ്ങനെ 41 ാം നന്പര് ആംഗന്‍വാടിക്ക് പുതിയ മുഖം. സംയോജിത ശിശുവികസന കേന്ദ്രം ഇനി 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ വാര്‍ഡിലെ അമ്മമാരുടെയും ഗര്‍ഭിണികളുടെയും പരിരക്ഷയും കേന്ദ്രത്തിന്റെ ചുമതലയിലാകും. 1000 ചതുരശ്ര അടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം
പൂര്‍ത്തീകരിച്ചിരിക്കുന്നത്. നേരത്തെ ഒറ്റമുറിയില്‍ മണ്‍കട്ടകൊണ്ട് നിര്‍മിച്ചിരുന്ന കെട്ടിടത്തിന്റെ സ്ഥാനത്താണ് പുതിയ കെട്ടിടം. 1993 മുതല്‍ അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം മൂന്നു കുട്ടികള്‍ മാത്രമായി. മങ്ങാരം വാര്‍ഡില്‍ ആംഗന്‍വാടി വേണ്ടെന്ന നിലയിലേക്ക് ആലോചന നടക്കുന്പോഴാണ് റസിഡന്റ്സ് അസോസിയേഷന് ഇടപെടുന്നത്. നിലവിലുണ്ടായിരുന്ന അംഗന്വാടിയോടു ചേര്‍ന്ന് ലഭ്യമായ ഏഴ് സെന്റു സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, പഠനമുറി, കുട്ടികള്‍ക്ക് വിശ്രമമുറി, അറ്റാച്ച്ഡ് ബാത്ത്റൂം, ആധുനിക പാചകപ്പുര, ഷട്ടില്‍ കോര്‍ട്ട്, കുട്ടികള്‍ക്ക് പാര്‍ക്ക്, പൂന്തോട്ടം, ജൈവകൃഷി എന്നിവയെല്ലാം ചുറ്റുവട്ടത്തില്‍ തന്നെയുണ്ട്. അസോസിയേഷനിലെ 60 ഓളംകുടുംബങ്ങളില് നിന്നും ലഭ്യമായ സാമ്പത്തിക സഹായവും സാമഗ്രികളും ഉപയോഗിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. പുറത്തുനിന്ന്
അഭ്യുദയകാംക്ഷികളും സഹായിച്ചു. സര്‍ക്കാര്‍, തദ്ദേശസ്ഥാപന ഫണ്ടുകള്‍ യാതൊന്നുമില്ലാതെയാണ് കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെട്ടിടം ഉദ്ഘാടനത്തോടെ ഐസിഡിഎസിനു കൈമാറുകയും ചെയ്യും. പൂര്‍ണമായി പരിസ്ഥിതി സൗഹാര്‍ദപരമായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മേല്‍ക്കൂരയിലും തറയിലും ഓടാണ് പാകിയിരിക്കുന്നത്. കെട്ടിടം പൂര്‍ത്തിയായതോടെ കുട്ടികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. അസോസിയേഷന് മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നല്‍കുന്നുണ്ട്. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി അംഗന്‍വാടി മുറ്റത്ത് അക്ഷയപാത്രവും സ്ഥാപിച്ചു. അസോസിയേഷന് പ്രസിഡന്റ് വി.ബി. ശ്രീനിവാസന്, സെക്രട്ടറി ജഗീഷ് ബാബു, ട്രഷറാര്‍ രാജീസ് കൊട്ടാരത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇന്ന് രാവിലെ 11ന് അംഗന്‍വാടി അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ എംഎല്‍എ എ. പത്മകുമാര്‍
മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രജനി, ബ്ലോക്ക് പഞ്ചായത്തംഗം റോജി ഏബ്രഹാം, ഗ്രാമപഞ്ചായത്തംഗങ്ങളായ ലൈല, ശോഭാ മുരളി, ഐസിഡിഎസ് ഓഫീസര്‍ എം. അബ്ബാസ്, കോന്നി ഡിഎഫ്ഒ മനേഷ് കുമാര്‍,മുന്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമാരായ ശ്യാംലാല്‍, ബാബു വെളിയത്ത്, പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന് നായര്‍, പ്രസന്നകുമാര്‍ കുരട്ടിയില്‍, ലൈല, രതീഷ് മുരുപ്പേല്‍, ശാന്തി തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: