മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡാഫോണ്‍ ഇന്ത്യ എന്നിവ സംഘടിതമായി റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പോയ്ന്റ്സ് ഓഫ് ഇന്റര്‍കണക്ഷന്‍ അഥവാ പിഒഐ നിഷേധിച്ചെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പ്രഥമ ദൃഷ്ട്യാ കണ്ടെത്തി.
ഒരു നെറ്റ്വര്‍ക്കില്‍ നിന്നുമുള്ള കോള്‍ മറ്റു നെറ്റ്വര്‍ക്കുകളുമായി കണക്റ്റ് ചെയ്യുന്ന സംവിധാനമാണ് പിഒഐ. ഇതുമൂലം പുതുതായി വിപണിയില്‍ പ്രവേശിച്ച ജിയോയുടെ സേവനത്തില്‍് കാള്‍ സ്തംഭനങ്ങള്‍ സംഭവിച്ചുവെന്ന് കണ്ടെത്തിയ സിസിഐ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ)യുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനും സിസിഐ ഉത്തരവിട്ടിട്ടുണ്ട്. എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയവയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സിഒഎഐ പ്രവര്‍ത്തിച്ചുവെന്നും ഈ മേഖലയിലേക്കുള്ള ജിയോയുടെ സുഗമമായ കടന്നുവരവ് തടയുന്നതിന് നീക്കങ്ങള്‍ നടത്തിയെന്നും സിസിഐ കണ്ടെത്തിയിരുന്നു. ഈ മൂന്ന് കമ്പനികളെ കൂടാതെ ജിഎസ്എം ഉപയോഗിക്കുന്ന എയര്‍സെല്‍, ടെലിനോര്‍ എന്നീ കമ്പനികളും ജിയോയും സിഒഎഐ യില്‍ അംഗങ്ങളാണ്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ കഴിഞ്ഞ നവംബറിലാണ് പരാതിയുമായി സിഎഐയെ സമീപിച്ചത്. തങ്ങള്‍ക്കെതിരെ ഈ മൂന്ന് കമ്പനികളും സംഘടിതമായി പ്രവര്‍ത്തിക്കുന്നുവെന്നും മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് കോളുകള്‍ പോവുന്നതിന് മതിയായ പിഒഐ നല്‍കിയില്ലെന്നും ജിയോ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സിസിഐയുടെ അന്വേഷണ അതോറിറ്റി ഡയറക്റ്ററേറ്റ് ജനറലിന്റെ നേതൃത്വത്തിലാണ് മൂന്ന് ടെലികോം സേവനദാതാക്കള്‍ക്കും എതിരായ അന്വേഷണങ്ങള്‍ നടത്തുന്നത്.
















