വ്യത്യസ്തമായ ഒരു ഓര്‍ക്കസ്ട്രക്ക് തുടക്കമിടുകയാണ് നിള സംഗീത നൃത്തകലാപഠനകേന്ദ്രം. പതിനേഴ് വയസിനുള്ളില്‍ പ്രായമുള്ള കുട്ടികളാണ് സ്വപ്നസംഗീതത്തില് സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഗാനങ്ങള്‍ ആലപിക്കുന്നതും. 1994 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ ആലുവ കേന്ദ്രമാക്കിയാണ് ഈ പഠന കേന്ദ്രം ആരംഭിച്ചത്. ജീവിതം കലയ്ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന അനില്‍ എന്ന കലാകാരനാണ് ഇതിന്റെ അമരത്ത് പ്രവര്‍ത്തിക്കുന്നത്.
ഓസ്കാര്‍, ഹരിശ്രീ, ബിറ്റേഴ്സ്, സെല്ലോ, വേവ്സ് തുടങ്ങി പ്രമുഖ ഗാനമേള ട്രൂപ്പുകളില്‍ വര്‍ഷങ്ങളോളം കീബോര്‍ഡിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊന്നമ്പലം, ദി മിസ്റ്റ്, റൈഹാന്‍, സിദ്ധിവിനായകം തുടങ്ങി ധാരാളം കാസറ്റുകള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതവും ഗാനരചനയും ഓര്‍ക്കസ്ട്രേഷനും അനില്‍ നിര്‍വഹിച്ചിട്ടുണ്ട്. കൂടാതെ നാദിയകൊല്ലപ്പെട്ട രാത്രി, കല്യാണരാമന്, ചെസ്സ്, ദോസ്ത്, ദൈവത്തിന്റെ മകന്, ഓര്‍ക്കൂട്ട് തുടങ്ങി 12 ഓളം ചിത്രങ്ങള്‍ക്ക് കലാസഹസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
തൈക്കാട്ടു വീട്ടില്‍ ദാമോധരന്റേയും ലളിതയുടേയും മകനായ അനില്‍ തനിക്ക് വരദാനമായി കിട്ടിയ കല പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏപ്രില്‍ അഞ്ച് മുതല്‍ പത്ത് വരെ ഒരു റിഹേഴ്സല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത 700ല്‍പരം കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത ഇരുപതോളം കലാപ്രതിഭകള്‍ക്ക് വിദഗ്ദ്ധപരിശീലനം നല്‍കിയാണ് സ്വപ്നസംഗീതം തയ്യാറാക്കിയിരിക്കുന്നത്. പഴയ ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ സ്മൃതിലയവും പാശ്ചാത്യഗാനങ്ങളും ഫ്യൂഷനും മാത്രമടങ്ങിയ ഡ്രീം മ്യൂസിക് ബാന്‍ഡാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുന്നത്. ഈ മാസം 29 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ സ്വപ്നസംഗീതം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: