വിശ്വപ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ വില്യം ഷെക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്, മ്യൂസിക് ഈസ് ദി ഫുഡ് ഓഫ് ലൗ എന്ന്. സംഗീതത്തേയും സ്നേഹത്തേയും ഇത്രയേറെ മനോഹരമായി സംയോജിപ്പിച്ചുകൊണ്ടുളള ഉദ്ധരിണി വേറെയില്ലെന്ന് തന്നെ പറയാം. ഷേക്സ്പിയര് പണ്ടു പറഞ്ഞ ആ സത്യത്തിന്റെ വഴിത്താരയിലൂടെ യാത്രചെയ്ത അമല്‍രവീന്ദ്രന്‍ എന്ന യുവസംഗീതപ്രതിഭ സംഗീതത്തേയും സ്നേഹത്തേയും കോര്‍ത്തിണക്കുന്നു. തന്റെ വരികളിലൂടെയും ഈണങ്ങളിലൂടെയും. സംഗീതത്തിന്റെ അനന്തവിശാല ലോകത്ത് അമല്‍രവീന്ദ്രന്‍ ചുവടുവെച്ചുതുടങ്ങിയിട്ടേയുള്ളു. എന്നാല്‍ കാലം അടയാളപ്പെടുത്തുമെന്ന് നിസ്സംശയം പറയാവുന്ന ചുവടുവെപ്പുകളാണ് ആരംഭത്തില്‍തന്നെ അമല്രവീന്ദ്രന്റെതായിട്ടുള്ളത്.
മലയാളിയെങ്കിലും അമല്‍രവീന്ദ്രന്‍ സംഗീതരംഗത്ത് ഹരിശ്രീ കുറിച്ചിരിക്കുന്നത് പാശ്ചാത്യസംഗീതത്തിലാണ്. അക്കാദമിക് പഠനത്തിന്റെ പിന്‍ബലമില്ലാതെ, ഗുരുമുഖങ്ങളില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവുകളില്ലാതെ സംഗീതമെന്ന മഹാസാഗരത്തിലൂടെ അമല്‍രവീന്ദ്രന്‍ യാത്ര തുടങ്ങിക്കഴിഞ്ഞു. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ അമല്‍രവീന്ദ്രന്‍ അക്കൗണ്ടന്‍സിക്കും കണക്കിനുമൊക്കെ ഒപ്പം സംഗീതത്തിലെ സപ്തസ്വരങ്ങളേയും അതിന്റെ ആരോഹണഅവരോഹരണങ്ങളേയും പാശ്ചാത്യസംഗീതത്തിന്റെ നോട്ട്സുകളേയും ഒപ്പം കൂട്ടിയിരിക്കുന്നു. കര്‍ണ്ണാടക സംഗീതത്തേയും നാടന്‍പാട്ടുകളേയും ഇഷ്ടപ്പെടുമ്പോള്‍ത്തന്നെ അമല്‍ രവീന്ദ്രന്റെ സംഗീതാഭിരുചി പാശ്ചാത്യസംഗീതത്തിലേക്ക് കൂടി വിശാലമായി പടര്‍ന്നുകിടക്കുന്നു. സംഗീതമെന്ന മഹാസാഗരത്തില്‍ വേര്തിരിവുകളാവശ്യമില്ലെന്ന് അമല്‍ രവീന്ദ്രന് വിശ്വസിക്കുന്നു. മഴത്തുള്ളികള്‍ക്കും കാറ്റിനും പദചലനങ്ങള്‍ക്കും വരെ സംഗീതമുണ്ട്. അവ ദക്ഷിണേന്ത്യന്‍ സംഗീതമോ പാശ്ചാത്യമോ അല്ല. പിന്നെന്തിന് സംഗീതത്തില്‍ വേര്‍തിരിവ്?
അമല്‍രവീന്ദ്രന്‍ സംഗീതം അഭ്യസിച്ചത് ഒരല്‍പ്പം ഹൈടെക് ആയിട്ടാണ്. അതായത് കമ്പ്യൂട്ടറില്‍ നിന്ന്. അറിവ് ആരു പറഞ്ഞുതന്നാലും അത് ഗുരുവാണ്. അതുകൊണ്ട് തന്നെ അമല്‍രവീന്ദ്രന്റെ ഗുരു കമ്പ്യട്ടറാണ്. പോപ്പ് സംഗീതം ഏറെ ഇഷ്ടപ്പെടുന്ന അമല്‍രവീന്ദ്രന്‍ സ്വാഭാവികമായും പാട്ടിന്റെ വഴികളില്‍ പാശ്ചാത്യമായ ഈണങ്ങള്‍ നിറച്ചു. ഇംഗ്ലീഷ് വരികള്‍കൊണ്ട് മലയാളികളെ വരെ മോഹിപ്പിച്ചു. ആറോളം ഇമ്പമുള്ള ഇംഗ്ലീഷ് ഗാനങ്ങള്‍ അമല്‍രവീന്ദ്രന്റെ വരികളില്‍ നിന്നും താളങ്ങളില്‍ നിന്നും പിറന്നു. സംവിധായകന് രഞ്ജിത്തിന്റെ ചന്ദ്രോത്സവത്തില്‍ പറയും പോലെ മെറ്റാലിക് പടിഞ്ഞാറന്‍ സംഗീത്തിന്റെ മുരള്‍ച്ചയോ പഴുത്ത ലോഹം പോലെ കിടന്നു പൊള്ളുന്ന അനുഭവമോ അല്ല അമല്‍രവീന്ദ്രന്റെ പാശ്ചാത്യന്‍ സംഗീതത്തിന്. കാതിനിമ്പം തരുന്ന സംഗീതമേ അമല്‍ രവീന്ദ്രനില്‍ നിന്നുണ്ടായിട്ടുള്ളു.
തുടക്കക്കാരന്റെ പതര്‍ച്ചകളില്ലാത്ത സംഗീതമാണ് അമല്‍ രവീന്ദ്രനില്‍ നിന്ന് കിട്ടിയിരിക്കുന്നത്. സ്നേഹത്തിന്റെ അക്ഷരങ്ങളാണ് അമലിന്റേത്. സ്നേഹാക്ഷരങ്ങള്‍ക്ക് പകര്‍ന്ന സംഗീതത്തിനും സ്നേഹത്തിന്റെ ഈണമുണ്ട്. കാതിനിമ്പമാകുന്നതും സ്നേഹത്തിന്റെ സ്പര്ശമുളളതുകൊണ്ട് തന്നെ. ഈ സംഗീതസമാഹാരം ആല്‍ബമായി പുറത്തിറങ്ങിയിട്ടുണ്ട്. തൃശൂര്‍ പൂച്ചെട്ടി ഭാരതീയവിദ്യാഭവന് സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു അമല്‍രവീന്ദ്രന്‍ സ്നേഹാക്ഷരങ്ങള്‍ ഗാനമായി കുറിച്ചിട്ടത്. എറണാകുളത്തായിരുന്നു റെക്കോഡിംഗ്. സംഗീതത്തില്‍, പാശ്ചാത്യസംഗീതത്തില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്താനാണ് അമല്‍രവീന്ദ്രന്റെ ശ്രമം. പാശ്ചാത്യസംഗീതം കീഴടക്കിയ മലയാളികള്‍ ഒരുപാടൊന്നും നമുക്കില്ല. പലപ്പോഴും പലകാരണങ്ങള്‍കൊണ്ടും അയിത്തം കല്‍പ്പിച്ച് മലയാളി മാറ്റിനിര്‍ത്തുന്ന പാശ്ചാത്യസംഗീതത്തെ അമല്‍രവീന്ദ്രന്‍ മലയാളിയുടെ സംഗീതഹൃദയത്തോട്, സംഗീതാത്മകമായ മനസ്സിലേക്ക് ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കുന്നത്.
തൃശൂര്‍ കണ്ണാറ റിട്ട.ഡി.വൈ.എസ്.പി രവീന്ദ്രന്റെ മകനാണ് അമല്‍. അമ്മ ലീന. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഗിറ്റാറും, ഡ്രംസും പഠിക്കുന്ന അമല്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയാണ്. അമല്‍രവീന്ദ്രന്‍ സൈബര്‍ സംഗീതത്തിന്റെ പുതിയ പേരാണ്. നാളെ ലോകം കീഴടക്കാന്‍ പോകുന്ന പേര്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: