അഭിനയിക്കാന്‍ വേഷങ്ങളൊന്നും ബാക്കിവയ്ക്കാതെയാണ് നടി സുകുമാരി യാത്രയായത്. വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം ചിത്രങ്ങളില്‍ അത്ര തന്നെ വ്യത്യസ്തമായ വേഷങ്ങളില്‍ സുകുമാരിയുടെ ഭാവപ്പകര്‍ച്ചകള്‍ സിനിമാ ആസ്വാദകര്‍ക്ക് കാണാനായി. അറുപത്തിമൂന്ന് വര്‍ഷങ്ങളായി അവര്‍ ചലച്ചിത്ര രഗത്തെത്തിയിട്ട്. പത്താം വയസ്സില്‍ തുടങ്ങിയ അഭിനയം രോഗക്കിടക്കിയിലാകുന്നതുവരെ തുടര്‍ന്നു.
മലയാള സിനിമയില്‍ നസീര്‍ മുതല്‍ കുഞ്ചാക്കോ ബോബന് വരെയുള്ള തലമുറയ്ക്കൊപ്പം സുകുമാരി അഭിനയിച്ചു. അഭിനയിച്ച ചിത്രങ്ങളുടെ എണ്ണത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലും റിക്കോര്‍ഡിട്ടു. വേഷം കോമഡിയാണോ, പ്രതിനായികയാണോ, നായികയാണോ എന്നതൊന്നും സുകുമാരിക്ക് പ്രശ്നമായിരുന്നില്ല. ഏതുവേഷവും ആത്മാര്‍ത്ഥമായി അഭിനയിക്കുക എന്നതായിരുന്നു അവരുടെ നയം.
ഹ്യൂമര്‍ വേഷങ്ങളിലും അമ്മാവിയമ്മ പോരെടുക്കുന്ന പ്രതിനായികയുടെ വേഷത്തിലും സുകുമാരി നിരവധി ചിത്രങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഭരതന്റെയും പദ്മരാജന്റെയും ചിത്രങ്ങളിലെ വേഷങ്ങള്‍ സുകുമാരിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. പദ്മരാജന്റെ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന പ്രശസ്ത ചിത്രത്തില്‍ മാളുവമ്മ എന്ന കഥാപാത്രപത്തെ അവര്‍ അനശ്വരമാക്കി.
പ്രിയദര്‍ശന്റെ സിനിമകളിലെ തമാശവേഷമാണ് സുകുമാരിയെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ട നടിയാക്കിയതെങ്കിലും അതിനുമുന്നേ തന്നെ നല്ല തമാശവേഷങ്ങള്‍ സുകുമാരിയില്‍ നിന്നുണ്ടായി. കെ.ജി.ജോര്‍ജ്ജിന്റെ ‘പഞ്ചവടിപ്പാല’ത്തിലെ പഞ്ചായത്തംഗത്തിന്റെ വേഷം ആര്‍ക്കും മറക്കാനാവില്ല. മലയാളത്തിലെ ഏക്കാലത്തെയും മികച്ച ആക്ഷേപഹാസ്യചിത്രമായിരുന്നു പഞ്ചവടിപ്പാലം. പാലം പണിയുമായി ബന്ധപ്പെട്ട് പഞ്ചായത്തോഫീസില്‍ നടക്കുന്ന അഴിമതിയും അധികാരമത്സരങ്ങളുമാണ് പഞ്ചവടിപ്പാലത്തിന്റെ ഇതിവൃത്തമായത്. ഇതില്‍ പഞ്ചായത്ത് അംഗമായി സുകുമാരി നടത്തിയ ഭാവപ്പകര്‍ച്ച മലയാളിക്ക് എന്നും ഓര്‍ത്തു ചിരിക്കാനുള്ള വകനല്കി.
ആംഗ്ലോ ഇന്ത്യന്‍ വേഷങ്ങള്‍ അഭിനയിക്കുന്നതിന് സുകുമാരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. സേതുമാധവന്റെ ചട്ടക്കാരിയിലെ അമ്മയായും പ്രിയദര്‍ശന്റെ ബോയിംഗ്ബോയിംഗിലെ പാചകക്കാരിയായ ഡിക്കമ്മായിയായും പ്രിയന്റെ തന്നെ വന്ദനത്തിലെ വീട്ടുടമയായും ആംഗ്ലോ ഇന്ത്യന്‍ വേഷത്തില്‍ മിന്നുന്ന പ്രകടനമാണ് സുകുമാരിയില്‍ നിന്നുണ്ടായത്. പ്രിയന്റെ നിരവധി ചിത്രങ്ങളിലെ സുകുമാരിയുടെ കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കും. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്, ചിത്രം, പുന്നാരം ചൊല്ലിച്ചൊല്ലി തുടങ്ങി കുറേ ചിത്രങ്ങള്‍ ഈ പട്ടികയിലുണ്ട്. ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യിലെ പൊങ്ങച്ചക്കാരിയായ വീട്ടമ്മയെയും ‘അരം+അര’ത്തിലെ കാര്‍ത്തിയായനിയെയും ‘തേന്മാവിന്‍കൊമ്പത്തി’ലെ ഗാന്ധാരിയമ്മയെയും എത്രകാലം കഴിഞ്ഞാലും മലയാളി ഓര്‍ത്തുകൊണ്ടേയിരിക്കും.
ബാലചന്ദ്രമേനോന്റെ നിരവധി സിനിമകളില്‍ സുകുമാരി പ്രശസ്തനിലയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. ‘മണിച്ചെപ്പു തുറന്നപ്പോള്‍’, ‘കാര്യം നിസ്സാരം’ എന്നീ ചിത്രങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത സാന്നിധ്യമായിരുന്നു സുകുമാരിയുടേത്. അതില്‍ സുലോചനാതങ്കപ്പന്‍ എന്ന കഥാപാത്രം എന്നും പ്രേക്ഷകനില്‍ ചിരിനിറച്ചു കൊണ്ടിരിക്കുന്നു. സത്യന് അന്തിക്കാടിന്റെ ‘തലയണമന്ത്ര’ത്തില്‍ ശ്രീനിവാസനും ഉര്‍വശിയും താമസിക്കാനെത്തുന്ന വിഐപി കോളനിയിലെ സെക്രട്ടറിയായിട്ടാണ് സുകുമാരി വേഷമിട്ടത്. പത്രാസുകാട്ടി കുശുമ്പും പറഞ്ഞു നടക്കുന്ന പൊങ്ങച്ചക്കാരിയായ സ്ത്രീ. ‘ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്’ എന്ന ചിത്രത്തിലും റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയായിട്ടായിരുന്നു സുകുമാരിയുടെ വേഷം.
നൃത്തവും പാട്ടുമൊക്കെ അവശ്യം വേണ്ടിയിരുന്ന ആദ്യകാല ചിത്രങ്ങളില്‍ നിന്ന് സുകുമാരി തെരഞ്ഞെടുക്കുന്ന വേഷങ്ങളില്‍ മാറ്റം വരുത്തിയത് എണ്‍പതുകളിലാണ്. ആദ്യകാല സിനിമകളില്‍ നല്ല കുടുംബിനിയുടേയും കൂട്ടുകാരിയുടേയുമൊക്കെ വേഷമായിരുന്നു സുകുമാരിക്ക്. അത്തരം കഥാപാത്രങ്ങളും സിനിമകളും നിലനില്ക്കാതാകുന്ന കാലത്ത് സാധാരണ നടിമാര്‍ അരങ്ങൊഴിയുകയായിരുന്നു പതിവ്. എന്നാല്‍ സുകുമാരി കാലത്തിനൊത്ത് മാറാന്‍ തയ്യാറായി. ഏതുവേഷവും തനിക്കു ചേരുമെന്നവര് തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിച്ചു. പ്രിയദര്‍ശന്റെ തമാശച്ചിത്രങ്ങളില് തകര്ത്തഭനിയിക്കുമ്പോള് തന്നെ അവര്‍ അടൂരിന്റെ സിനിമയിലും അഭിനയിച്ചു. നിഴല്‍ക്കുത്തില്‍ അസാധാരണമായ അഭിനയപാടവമാണ് സുകുമാരിയില്‍ നിന്ന് ദര്‍ശിക്കാനായത്.
തിരുവനന്തപുരത്ത് പൂജപ്പുരയിലെ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി പത്താം വയസ്സില്‍ ചെന്നൈയിലെത്തുന്നത്. അച്ഛന്റെ സഹോദരി സരസ്വതിയമ്മയ്ക്കൊപ്പമായിരുന്നു ചെന്നൈയാത്ര. സരസ്വതിയമ്മയുടെ മക്കളായിരുന്നു ലളിത-പദ്മിനി-രാഗിണിമാര്‍. ചെന്നൈയിലെത്തി കഥകളിയും മറ്റ് ക്ലാസ്സിക്കല്‍ കലകളിലും പഠനം തുടര്‍ന്നു. അക്കാലത്തു തന്നെ ചില സിനിമകളില്‍ സംഘനൃത്തത്തില്‍ സുകുമാരിയുമുണ്ടായിരുന്നു. അതിനിടെയാണ് ‘ഒരിരവ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.
രാഗിണി ഇക്കാലത്തുതന്നെ നാടകങ്ങളിലും അഭിനയിച്ചിരുന്നു. അവര്‍ വഴി ചില തമിഴ് നാടകങ്ങളിലും സുകുമാരി അഭിനയിച്ചു. അവര്‍ അഭിനയിച്ചിരുന്ന നാടകക്കമ്പനിയില്‍ ചോ രാമസ്വാമിയും അഭിനയിക്കാനെത്തുമായിരുന്നു. സുകുമാരിയുടെ അഭിനയം കണ്ട ചോ രാമസ്വാമി തന്റെ നാടകങ്ങളിലേക്ക് സുകുമാരിയെ ക്ഷണിച്ചു. ആ നാടകങ്ങളിലൂടെ സുകുമാരി എന്ന നടി ഇളംപ്രായത്തില്‍ തന്നെ നല്ല നടിയെന്നു പേരെടുത്തു. നാടകത്തിലും നൃത്തത്തിലും സിനിമയിലും ഒരേ സമയത്ത് സുകുമാരി ശ്രദ്ധിക്കപ്പെട്ടു.
1957ല്‍ തസ്ക്കരവീരന്‍, കൂടപ്പിറപ്പ് എന്നീ ചിത്രങ്ങള്‍ ഇറങ്ങിയതോടെ സുകുമാരി എന്ന നടി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമാ നടിയെന്ന നിലയില്‍ തമിഴിലും മലയാളത്തിലും ഒരുപോലെ അവര്‍ നിറഞ്ഞുനിന്നു. 21-ാമത്തെ വയസ്സിലാണ് ‘പട്ടിക്കാടാ പട്ടണമാ’ എന്ന ചിത്രത്തില്‍ ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാതത്രത്തെ അവതരിപ്പിക്കുന്നത്.
നസീറിന്റെയും സത്യന്റെയും സിനിമകളില്‍ അഭിനയിച്ച സുകുമാരിയുടെ ആദ്യകാല ചിത്രങ്ങളില്‍ അടൂര്‍ഭാസിയും ബഹദൂറുമായിരുന്നു ജോടികള്‍. നായകന്റെ കൂട്ടുകാരോ നായികയുടെ വീട്ടിലെ വേലക്കാരോ മറ്റോ ആയിരിക്കും ഈ കഥാപാത്രങ്ങള്‍. പിന്നീട് കാലം മാറിയപ്പോള്‍ മുഖ്യധാരാ നായകന്മാര് വരെ സുകുമാരിയുടെ ജോടികളായി. പ്രായമേറെയായെങ്കിലും സ്റ്റേജ് ഷോകളിലും സുകുമാരി ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത സാന്നിധ്യമായിരുന്നു. പ്രമുഖ നടന്മാര്ക്കൊപ്പം ജനങ്ങളെ രസിപ്പിക്കാന്‍ എന്നും സുകുമാരിയും സ്റ്റേജില്‍ ആടിപ്പാടി. അങ്ങനെ ആറുപതിറ്റാണ്ടുകളിലേറെക്കാലം നീണ്ട സഫലമായൊരു അഭിനയ യാത്രയാണ് സുകുമാരി നയിച്ചത്.
തീപ്പൊള്ളലേറ്റ് ആശുപത്രിയിലായപ്പോഴും സുകുമാരി തിരികെ അഭിനയലോകത്തേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവരെ എന്നും സ്നേഹിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍. സുകുമാരി ഇനിയില്ല എന്ന സത്യം വിശ്വസിക്കാനാകാത്ത നിലയിലാണ് പ്രേക്ഷകര്‍. അത്രയ്ക്ക് സുകുമാരിയെ മലയാളി സ്നേഹിച്ചിരുന്നു. ആ സ്നേഹത്താല്‍ അവരുടെ കഥാപാത്രങ്ങള്‍ മരണമില്ലാത്ത കാലത്തോളം നിലനില്ക്കുക തന്നെ ചെയ്യും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: