ഈശ്വരന് തന്റെ സൃഷ്ടിയില്‍ ഓരോന്നിനും ഓരോ പ്രത്യേക ദൗത്യവും ഏല്‍പ്പിച്ചായിരിക്കും ഭൂമിയിലേക്ക് അയയ്ക്കുക. അത് ഒരു നിയോഗമാണ്. ചിലര്‍ ഭൂമിയിലെത്തി ഈശ്വരീയാനുഗ്രഹത്തിന്റെ പ്രഭകൊണ്ട് മറ്റുള്ളവരെ രഞ്ജിപ്പിക്കും. തന്നിലെ പ്രതിഭയെ സദാ രാകിമിനുക്കിക്കൊണ്ട് മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ സ്വയം പ്രാപ്തി നേടും. ഇത്തരത്തില്‍ കാലദേശങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് സ്വന്തം ശബ്ദസൗകുമാര്യം കൊണ്ട് അത്ഭുതം തീര്‍ത്ത ഭാരതത്തിന്റെ സ്വന്തം വാനമ്പാടിക്ക് വരുന്ന 28 ന് 84 വയസ്സ്. ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട നിര്‍വൃതിയിലും സംഗീതത്തിന്റെ അല തിരതല്ലുന്ന സാഗരം പോലെ ആ മനസ്സ് ഇന്നും ഒന്നിനെ മാത്രം ധ്യാനിക്കുന്നു, ഉപാസിക്കുന്നു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഭാരതീയ സംഗീത ലോകത്തെ നിറസാന്നിധ്യമാണ് ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കര്‍. ലോകം സ്നേഹത്തോടെ ലതാജിയെന്നും ദീദിയെന്നു വിളിക്കുന്ന ലതാ മങ്കേഷ്കറുടെ വളര്‍ച്ച മുള്ളുപാതകള്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നു. സ്വന്തം ശബ്ദം തിരസ്കരിക്കപ്പെട്ടപ്പോഴും ദുഖത്തിന്റെ കാര്‍മേഘം മൂടിയ മനസ്സിലേക്ക് ആശ്വാസത്തിന്റെ കുളിര്‍മഴയായി സംഗീത സംവിധായകന് ഗുലാം ഹരിദറിന്റെ വാക്കുകള്‍ പെയ്തിറങ്ങി” സംഗീത സംവിധായകര്‍ ഒരുനാള്‍ നിന്റെ കാല്ക്കല് വീഴും, അവരുടെ ചിത്രങ്ങളില്‍ പാടണമെന്ന് യാചിക്കും”. ഹരിദറിന്റെ നാവില്‍ അപ്പോള്‍ സരസ്വതി വിളങ്ങിയിരിക്കണം. അല്ലെങ്കില്‍ ആ വാക്കുകള്‍ അക്ഷരം പ്രതി ശരിയാകുമായിരുന്നോ?
1929 സപ്തംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റേയും ശിവന്തിയുടേയും അഞ്ച് മക്കളില്‍ മൂത്തവളായി മധ്യപ്രദേശിലായിരുന്നു ലതയുടെ ജനനം. അച്ഛന് സംഗീതജ്ഞനും നാടക നടനുമായിരുന്നു. ആ രണ്ട് വാസനയും മക്കളിലേക്കും പകര്‍ന്നു നല്കിയ അച്ഛന് മരിക്കുന്നത് ലതയ്ക്ക് 13 വയസ്സുള്ളപ്പോഴാണ്.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുന്നേതന്നെ 1942 ല്‍ തന്റെ 13-ാം വയസ്സില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക് പിച്ചവെച്ചുവെങ്കിലും അടിയുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പാട്ടിന് പുറമെ ഹിന്ദി, മറാത്തി ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അച്ഛന് വഴി അഭിനയവും ആ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു. 1942 ല്‍ വസന്ത് ജോഗേല്‍ക്കറിന്റെ മറാത്തി ചിത്രമായ കിതി ഹസാലിന് വേണ്ടി പാടിയെങ്കിലും അവസാന നിമിഷം ആ ഗാനം ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
അടുത്ത കുടുംബ സുഹൃത്തായ മാസ്റ്റര്‍ വിനായകാണ് സംഗീതത്തിന്റേയും അഭിനയത്തിന്റേയും രംഗത്തേയ്ക്ക് ലതയെ കൈപിടിച്ചുയയര്‍ത്തിയത്. നവയുഗ് ചിത്രപത് മൂവി കമ്പനിയുടെ ഉടമ കൂടിയായ വിനായകിന് ഒരു സിനിമയില്‍ പാടാന്‍ അവസരം നേടിക്കൊടുക്കുകയെന്നത് അത്ര പ്രയാസമായിരുന്നില്ല. തുടര്‍ന്ന് രണ്ട് ചിത്രങ്ങളില്‍ കൂടി അവര്‍ പാടി. 1945 ല്‍ ചിത്രപത് മൂവി കമ്പനിയുടെ ആസ്ഥാനം മുംബൈയിലേക്ക് മാറ്റിയപ്പോള്‍ ലതയും മുംബൈയിലെത്തി ആ നഗരത്തിന്റെ ഭാഗമായി. അവിടെ വച്ചാണ് ഉസ്താദ് അമാനത് അലി ഖാനില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നത്. 1947 ല്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ഗുരു പാക്കിസ്ഥാനിലേക്ക് കുടിയേറി. തുടര്‍ന്ന് പഠനം അമാനത് ഖാന് ദേവാസ്വലേയുടെ കീഴിലായി.
1948 ല്‍ വിനായകിന്റെ മരണശേഷം സംഗീതലോകത്ത് ലതയ്ക്ക് മാര്‍ഗ്ഗ ദര്ശിയായി മാറിയത് ഗുലാം ഹരിദര്‍ ആയിരുന്നു. ഹരിദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമാണ് ലതാ മങ്കേഷ്കറിന്റെ കരിയറില്‍ ആദ്യ ബ്രേക്ക് ആകുന്നത്. മജ്ബോര്‍ എന്ന ചിത്രത്തിന് വേണ്ടി അവര്‍ ആലപിച്ച ദില്‍ മേര തോഡ എന്ന ഗാനം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടക്കത്തില്‍ നൂര്‍ ജഹാന്റെ ആലാപന ശൈലി അനുകരിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ആലാപനത്തില്‍ സ്വന്തം ശൈലി രൂപീകരിക്കാന്‍ ലതയ്ക്ക് വളരെ വേഗത്തില്‍ സാധിച്ചു. ഹിന്ദി, ഉര്‍ദു പാട്ടുകള്‍ പാടുമ്പോള്‍ ലതയുടെ ഉച്ചാരണ രീതി തനി മഹാരാഷ്ട്രക്കാരുടേത് പോലെയെന്ന് നടന് ദിലീപ് കുമാര്‍ വിമര്‍ശിച്ചതോടെ ഉര്‍ദു ടീച്ചറുടെ അടുത്ത് പോയി ഉര്‍ദു വശമാക്കുകയായിരുന്നു അവര്‍. വിമര്‍ശനങ്ങളില്‍ തളരുകയല്ല മറിച്ച് വിമര്‍ശനങ്ങളിലെ പൊരുള്‍ മനസ്സിലാക്കി അത് തിരുത്താനുള്ള ശ്രമമാണ് ലതയെ വ്യത്യസ്തയാക്കിയത്.
ഭാരതത്തിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്ക് കീഴിലും പാടിയിട്ടുണ്ട് ലതാജി. ഓരോ കാലത്തും സംഗീത സംവിധായകര്‍ മാറിയാലും ലതാജിക്കെപ്പോഴും പത്തരമാറ്റ് തന്നെ. അനില്‍ ബിശ്വാസ്, നൗഷാദ്, ശങ്കര്‍-ജയ്കിഷന്, എസ്.ഡി ബര്മന്, പണ്ഡിറ്റ് ഹുസന്‍ ലാല്‍ ഭഗത് റാം, സി.രാമചന്ദ്ര, ഹേമന്ത് കുമാര്‍, സലില്‍ ചൗധരി, ഉഷ ഖാന്ന തുടങ്ങി എ.ആര്.റഹ്മാന് ഉള്‍പ്പെടെയുള്ള പുതുതലമുറ സംവിധായകര്‍ വരെ ലതാജിയിലെ ഗായികയെ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്.
ഏകദേശം 30,000 ത്തില്‍ അധികം ഗാനങ്ങളാണ് സോളോയായും ഡ്യുവറ്റ് ആയും ആ മധുരശബ്ദത്തില്‍ പുറത്ത് വന്നിരിക്കുന്നത്. ആസ്വാദക മനസ്സുകളെ അവാച്യമായ അനുഭൂതിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള മാസ്മരിക സിദ്ധി അവരുടെ സ്വരത്തിനുണ്ട്. മനസ്സ് സംഗീതത്തില്‍ മാത്രം ലയിക്കുന്ന അവസ്ഥ. ഭാഷ അറിയാത്തവനെ പോലും പാട്ടിന്റെ മൂഡിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ ഭാവാര്‍ദ്രമായ ആലാപനം. 1949ല്‍ റിലീസ് ചെയ്ത മഹല്‍ എന്ന ചിത്രത്തിലെ ആയേഗ ആനേവാല എന്ന ഗാനമാണ് ലതയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി കണക്കാക്കുന്നത്.
1960 കളില്‍ അക്കാലത്തെ പ്രശസ്തരായ സംഗീത സംവിധായകരെല്ലാം തന്നെ ലതാജിയെക്കൊണ്ട് പാടിക്കാന്‍ മത്സരിച്ചിരുന്നു. 1960 ല്‍ പുറത്തിറങ്ങിയ മുഗള്‍- ഇ-അസം എന്ന ചിത്രത്തിലെ പ്യാര് കിയാ തോ ഡര്‍നാ ക്യാ എന്ന ഗാനം ഇപ്പോഴും പ്രശസ്തമാണ്. മധുബാലയാണ് ആ ഗാനത്തിനൊപ്പം ചുണ്ട് ചലിപ്പിച്ചത്. 20 ഓളം ഭാഷകളില്‍ പാടിയിട്ടുണ്ട് ലതാ മങ്കേഷ്കര്‍. നെല്ല് എന്ന ചിത്രത്തിലെ കദളി കന്‍കദളി ചെങ്കദളി പൂ വേണോ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള ഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ചു ലതാജി.
അവര്‍ പാടിയിട്ടുള്ള പാട്ടുകളില്‍ നൗഷാദിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ രാഗാധിഷ്ഠിതമായ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ലതയുടെ ഹിറ്റ് ഗാനങ്ങള വേര്‍തിരിക്കുക പ്രയാസം. ഭാരത സംഗീത ശാഖയ്ക്ക് ഇത്രത്തോളം ഹിറ്റുകള്‍ സമ്മാനിച്ച മറ്റൊരു ഗായികയുണ്ടോ എന്ന കാര്യവും സംശയമാണ്. ലതാജിയുടെ ഗാനങ്ങളെ കീറിമുറിച്ച് വിശകലനം ചെയ്യുക എന്നത് സംഗീതത്തില്‍ അഗാധ പരിജ്ഞാനം ഉള്ളവരെക്കൊണ്ടുമാത്രമേ സാധിക്കു. സാധാരണക്കാര്‍ അവരുടെ ആസ്വാദന നിലവാരത്തില്‍ നിന്നുകൊണ്ടാണ് പാട്ടുകളെ അപഗ്രഥിക്കുന്നതും വിശകലനം ചെയ്യുന്നതും. ആ നിലയ്ക്ക് നോക്കുമ്പോള്‍ ലത മങ്കേഷ്കറിന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല,
1962 ല്‍ ഇന്ത്യ-ചൈന യുദ്ധ സമയത്ത് ലതാജി ആലപിച്ച ദേശസ്നേഹം പ്രോജ്ജ്വലിപ്പിക്കുന്ന യേ മേരെ വതന്‍ കെ ലോഗോം, സര ആംഗ് മേം ഫര് ലോ പാനി എന്ന ഗാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ മിഴികളെ പോലും ഈറനണിയിച്ചിരുന്നു.
മുകേഷ്, മന്നാ ഡേ, മഹേന്ദ്ര കപൂര്‍, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, ആശാ ഭോസ്ലെ. ഉഷ മങ്കേഷ്കര്‍, ഗീത ദത്ത് എന്നിവര്‍ക്കൊപ്പമാണ് ലതാജി കൂടുതല്‍ ഡ്യുവറ്റ് പാടിയിരിക്കുന്നത്. ബാലിശമായ ചില പിടിവാശികളുടെ പേരില്‍ അന്ന് സംഗീത ലോകത്ത് തിളങ്ങി നിന്നിരുന്ന എസ്.ഡി ബര്‍മനുമായും മുഹമ്മദ് റാഫിയുമായും കലഹിച്ചിട്ടുണ്ട് ലതാജി. പക്ഷേ ആ പിണക്കങ്ങള്‍ എന്നേക്കുമായി അവര്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നുമില്ല.
ലതാജിയ്ക്ക് 84 വയസ്സായി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിച്ചുവെന്ന് വരില്ല. കാരണം ഇപ്പോഴും ജ്വലിക്കുന്ന സൗന്ദര്യത്തിന് ഉടമയാണവര്‍. ലതാജിയുടെ മെലോഡിയസ് വോയ്സിന്റെ രഹസ്യം കോലാപൂരി മുളകാണത്രേ. മനോഹരമായതെന്തിനേയും തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കുന്ന പതിവും ലതാജിയ്ക്കുണ്ട്. ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളോടാണ് പ്രിയം. എന്നാലിപ്പോള്‍ ഡിജിറ്റല്‍ ക്യാമറയുടെ രംഗപ്രവേശത്തോടെ ഫോട്ടോഗ്രഫിയില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് അവര്‍. ഇഷ്ടവിനോദങ്ങളില്‍ മറ്റൊന്ന് പാചകവും വായനയുമാണ്. പുസ്തകങ്ങള്‍ വേറെ ഏതോ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്നാണ് ലതയുടെ അഭിപ്രായം. ഇഷ്ടപ്പെട്ട സ്പോര്‍ട്സ് ആകട്ടെ ക്രിക്കറ്റും ഫുട്ബോളും ടെന്നീസും. ക്രിക്കറ്റ് ആസ്വദിക്കുന്നതിനായി ലോഡ്സ് സ്റ്റേഡിയത്തില്‍ ഒരു ഗ്യാലറിതന്നെ ലതയ്ക്കായി നീക്കിവച്ചിട്ടുണ്ട്. അങ്ങനെ ലതാജിയെപ്പറ്റി ആസ്വാദകര്‍ക്ക് അറിയാത്ത കാര്യങ്ങളുടെ ഒരു നിരതന്നെയുണ്ട്.
മനസ്സ് സംഗീതത്തെ ധ്യാനിക്കുമ്പോഴും ലതാജി ഒരു പ്രണയിനി കൂടിയായിരുന്നു. അവരുടെ പ്രണയമാവട്ടെ രണ്ട് പ്രമുഖരോടും. മുന്‍ ബിസിസിഐ പ്രസിഡന്റ് രാജ് സിംഗ് ദുര്‍ഗ്ഗാപൂരിനേയും ലത മങ്കേഷ്കറേയും തമ്മില്‍ അടുപ്പത്തിലാക്കിയ പ്രധാന സംഗതി ക്രിക്കറ്റാണ്. എന്നാല്‍ താഴ്ന്ന ജാതിക്കാരിയെ മരുമകളായി സ്വീകരിക്കില്ലെന്ന കടുത്ത നിലപാട് രാജ് സിംഗിന്റെ മാതാപിതാക്കള്‍ എടുത്തതോടെ ലതയെ വധുവാക്കില്ലെന്ന ഉറപ്പ് നല്‍കേണ്ടി വന്നു രാജ് സിംഗിന്. പരസ്പരം സ്നേഹിച്ച് നഷ്ടപ്പെടേണ്ടി വന്നെങ്കിലും അവരുടെ സ്നേഹ ബന്ധത്തിന് പില്ക്കാലത്തും ഒരുടച്ചിലും സംഭവിച്ചിരുന്നില്ല.
ഇടക്കാലത്തെപ്പോഴോ ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളായിരുന്ന ഭൂപന്‍ ഹസാരികയുമായി ലത പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുണ്ടായി. ഹസാരികയുടെ ഭാര്യ പ്രിയംവദ പട്ടേലാണ് ഈ തുറന്ന് പറച്ചില് നടത്തിയതും. ഒരു മുറിയില്‍ പല രാത്രികളിലും ഇരുവരും ഒരുമിച്ചായിരുന്നുവെന്നും പ്രിയംവദ പറയുന്നു. ഹസാരികയോട് ഭ്രാന്തമായ ആരാധനയായിരുന്നു ലതയ്ക്ക്. ലതാജിയുടെ ശബ്ദം ദൈവികമാണെന്ന അഭിപ്രായമായിരുന്നു ഹസാരികയ്ക്കുണ്ടായിരുന്നത്. പ്രണയം ഒരു അപരാധമല്ലെങ്കിലും ലത സംഗീതത്തിന്റെ മാത്രം നിത്യപ്രണയിനിയാണ്, ഇപ്പോഴും.
അവാര്‍ഡുകളാണ് ഒരു വ്യക്തിയിലെ പ്രതിഭയെ അളക്കുന്നതിനുള്ള മാനദണ്ഡമെങ്കില്‍ ലതയ്ക്ക് കിട്ടാത്ത അംഗീകാരമില്ല. മൂന്ന് ദേശീയ അവാര്‍ഡുകള്‍, എട്ടോളം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ദാദാ സാഹേബ് പുരസ്കാരം, പത്മ ഭൂഷണ്(1969), പത്മ വിഭൂഷണ്‍(1999) പുരസ്കാരമുള്‍പ്പെടെ ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരത് രത്ന(2001) പുരസ്കാരവും നല്കി രാജ്യം ലതാജിയെ ആദരിച്ചിട്ടുണ്ട്. ഒടുവില്‍ പുതുതലമുറയ്ക്ക് വേണ്ടി വഴി മാറിക്കൊടുത്തുകൊണ്ട് അവാര്‍ഡുകള്‍ സ്വീകരിക്കാതെയായി ലതാ മങ്കേഷ്കര്‍. 1974 മുതല്‍ 1991 വരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഓരോ വര്‍ഷവും റെക്കോഡ് ചെയ്ത വ്യക്തിയെന്ന നിലയില്‍ ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു. പ്രശസ്ത പിന്നണി ഗായികമാരായ ആശ ഭോസ്ലെ, ഉഷാ മങ്കേഷ്കര്‍, മീന മങ്കേഷ്കര്‍ സംഗീത സംവിധായകന് ഹൃദയനാഥ് മങ്കേഷ്കര്‍ എന്നിവരാണ് സഹോദരങ്ങള്‍.
പാടുന്നവനും ആസ്വദിക്കുന്നവനും സംഗീതം ഈശ്വരീയാനുഭവമാണ് നല്‍കുന്നത്. തനിക്കുണ്ടായ നേട്ടങ്ങളെല്ലാം ആ ഈശ്വരന്റെ പ്രസാദമാണ്. ജീവിതത്തിലും കരിയറിലും താന്‍ സംതൃപ്തയാണ്. ശേഷിക്കുന്ന കാലവും സംഗീതത്തില്‍ മാത്രം ലയിക്കാനാണ് ആഗ്രഹം. ഇങ്ങനെ പോകുന്നു ലതാജിയുടെ വാക്കുകള്‍. ലതാജിയ്ക്ക് മേല്‍ സരസ്വതീ ദേവി ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹാശിസുകള്‍ ആയിരം പൂര്‍ണ ചന്ദ്രന്മാരുടെ പ്രഭയേയും നിഷ്പ്രഭമാക്കുന്നു.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: