തിരുവനന്തപുരം: രണ്ടാഴ്ചയായി ചിക്കന്‍പോക്സ് ബാധിതനായി കിടപ്പിലായിരുന്ന മോഹന്‍ലാല്‍ രോഗകാലത്തെ ചിന്തകള്‍ പങ്കുവച്ച് ബ്ലോഗിലെഴുതി. കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലൂടെയാണ് ലാല്‍ രോഗ വിവരം ആരാധകരെ അറിയിച്ചത്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് രോഗാവസ്ഥയില്‍ ഒറ്റയ്ക്കു കിടന്നപ്പോഴുള്ള ചിന്തകളാണ് ലാല്‍ ബ്ലോഗിലൂടെ പങ്കുവച്ചത്. ഓരോ രാഗാവസ്ഥയും ശരീരത്തെ കൂടുതല്‍ ആദരിക്കാനും സ്നേഹിക്കാനുമാണ് പഠിപ്പിക്കുന്നതെന്ന് ബ്ലോഗില്‍ അദ്ദേഹം പറയുന്നു. ശരീരം എന്നത് ശരിക്കും ഒരു ക്ഷേത്രമാണ്. അതിനെ വൃത്തിയോടെയും സൂക്ഷ്മതയോടെയും ആദരവോടെയും പരിപാലിച്ചേ മതിയാകൂ. ‘ശരീരമാദ്യം ഖലു ധര്‍മ്മ സാധനം’ എന്നു പറയാറുണ്ട്. ധര്‍മ്മം ആചരിക്കാനുള്ള ഉപകരണമാണ് ശരീരം. അതിന് വിശ്രമം ആവശ്യമുള്ളപ്പോള്‍ വിശ്രമം നല്‍കണം. പരിചരണം ആവശ്യമുള്ളപ്പോള്‍ അതും നല്‍കണം. രോഗാവസ്ഥ ചിട്ടയായ ദിനചര്യകള്‍ക്കോ, ഒതുങ്ങിയ ഭക്ഷണക്രമത്തിനോ വിശ്രമത്തിനോ, ദുശ്ശീലങ്ങളില്‍ നിന്നുള്ള മോചനത്തിനോ ഒക്കെ ശരീരം ആവശ്യപ്പെടുന്നതിന്റെ സൂചനയാണ്. ഞാനടക്കമുള്ള ആളുകള്‍ അതു ചെയ്യാറില്ല. സൂചനകളെ ഗൗനിക്കാറില്ല. അതിന്റെ ഫലമാണ് ഇത്തരത്തിലുള്ള വീഴ്ചകളെല്ലാം.
രോഗകാലം ശാരീരികമായി മാത്രമല്ല, മാനസികമായും സ്വയം കണ്ടെത്തലിന്റെ കാലമാക്കണമെന്നും ലാല്‍ പറയുന്നു. മനുഷ്യന് കാലത്തെക്കുറിച്ച് ഏറ്റവും അധികം ബോധമുള്ളവനാകുന്നത് രോഗക്കിടക്കയില്‍ വച്ചാകും. തിരക്കുകള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോകുന്ന ധാരാളം കാര്യങ്ങള്‍ രോഗക്കിടക്കിയില്‍ മനസ്സിലേക്കു വന്നു. എല്ലാത്തിന്റെയും കേന്ദ്രം നമ്മളാണെന്ന് വെറുതെ ചിന്തിക്കുന്നവര്‍ക്ക് തിരിച്ചറിവു നല്‍കുന്നത് ഇത്തരം രോഗകാലമാണ്. ഈ തരിച്ചറിവ് ശരീരത്തെ കൂടുതല്‍ സ്നേഹിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ചെറിയ ഒരുപനിയും അവിടെ പൊന്തിവരുന്ന ചെറിയ കുമിളകളും മതി കെട്ടിപ്പൊക്കി വച്ചിരുന്ന എല്ലാ അഹങ്കാരങ്ങളും തീരാന്‍. രോഗത്തെയും പോസീറ്റീവായ് കണ്ടാല്‍ രോഗത്തില്‍ നിന്നും പൂക്കള്‍ വിടരുമെന്ന് ‘രോഗത്തിന്റെ ചില്ലയില്‍ ചില പൂക്കള്‍’ എന്ന പേരില്‍ എഴുതിയ ബ്ലോഗ്കുറിപ്പില് ലാല്‍ അഭിപ്രായപ്പെടുന്നു.
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ്സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് ലാലിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സാധാരണ രോഗങ്ങള്‍ കാര്യമാക്കാതെ ജോലി തുടരാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍, മാറിനിന്നാല്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിനേക്കാള്‍ വലുതാവും താന്‍ മാറിനിന്നില്ലെങ്കില്‍ ഉണ്ടാവുക. ഡോക്ടര്‍മാര്‍ രണ്ടാഴ്ച പരിപൂര്‍ണ്ണ വിശ്രമം വിധിച്ചു. ചെന്നെയിലെ വീട്ടില്‍ ഒന്നും ചെയ്യാതെ കിടപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഒഴിവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന തിരക്കിനിടയില്‍ തനിക്ക് തന്നെത്തന്നെ സ്വന്തമായി കിട്ടുന്ന സുഖം ഏറെക്കാലത്തിനുശേഷം തിരിച്ചുകിട്ടിയെന്ന് മോഹന്‍ലാല്‍ എഴുതി.
തന്റെ ജീവിതത്തില്‍ ഇനി അങ്ങോട്ടുള്ള യാത്ര ഏതുതരത്തിലുള്ളതാകണമെന്ന തിരിച്ചറിവാണ് രോഗക്കിടക്കയിലായ കഴിഞ്ഞ രണ്ടാക്കാഴ്ചക്കാലം തനിക്ക് സമ്മാനിച്ചതെന്ന് ലാല്‍ എഴുതുന്നു. രോഗത്തെ പോസിറ്റീവായി കണ്ടാല്‍ വിടരുന്നത് കലയുടെ, ചിന്തയുടെ, തിരിച്ചറിവിന്റെ, വിനയത്തിന്റെ, അനുകമ്പയുടെ, ശരീരസ്നേഹത്തിന്റെ, കരുതലിന്റെ നൂറുനൂറു പൂക്കളാണ്. ഈ പാഠം പകര്‍ന്നു തന്നതിന് രണ്ടാഴ്ചക്കാലും തന്നെ രോഗക്കിടക്കയിലാക്കിയ കാലത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സ്വന്തം കൈപ്പടയിലെഴുതിയ ബ്ലോഗ് ലാല്‍ അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: