‘റെഡ് വൈന്‍’, ‘ഇതെന്റെ രക്തമാണ്’. 11വര്‍ഷം സിനിമയോടൊപ്പം നടന്ന സലാം ബാപ്പു പ്രേക്ഷകനുമുന്നില്‍ റെഡ് വൈനുമായെത്തുമ്പോള് ആ വാക്കുക അര്‍ത്ഥവത്താവുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ രതീഷ് വാസുദേവനും നാടകപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ അനൂപും ഓട്ടോ മൊബെയില്‍ കമ്പനിയില്‍ എക്സിക്യൂട്ടീവായ രമേശും. ഈ മൂവരുടെയും ജീവിതത്തിലേക്ക് സലാംബാപ്പുവിന്റെ ക്യാമറ തിരിയുമ്പോള്‍ സൗഹൃദത്തിന്റെ, പ്രണയത്തിന്റെ വിപ്ലവത്തിന്റെ ആഴവും സങ്കീര്‍ണതയും ചിത്രം പ്രേക്ഷകരിലെത്തിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച രതീഷ് വാസുദേവനും ഫഹദ് ഫാസില്‍ അവതരിപ്പിച്ച അനൂപും ആസിഫ് അലി അവതരിപ്പിച്ച രമേശുമെല്ലാം പ്രേക്ഷകമനസ്സില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളായി മാറുന്നുവെന്നതാണ് ‘റെഡ്വൈനി’ന്റെ വീര്യം.
കാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന പാനീയത്തെപ്പോലെ ചിത്രം പ്രതിപാദിക്കുന്ന ഓരോ മേഖലയെയും ഭാവതീവ്രതതേയാടെ അവതരിപ്പിക്കാന്‍ സലാംബാപ്പുവിന് കഴിഞ്ഞു. സംവിധായകന്റെ ആഗ്രഹങ്ങള്‍ക്കുമേല്‍ വാണിജ്യസിനിമയുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ ആണിയടിച്ചുവെങ്കിലും സലാംബാപ്പുവിന് നിരാശയില്ല. പാലപ്പെട്ടി എന്ന ചെറുഗ്രാമത്തില്‍നിന്നും സിനിമയുടെ മാസ്മരിക ലോകത്തേക്ക് നടന്നുകയറിയ വഴിത്താരകളെക്കുറിച്ചും ആദ്യസിനിമയുടെ വിശേഷങ്ങളെക്കുറിച്ചും സലാംബാപ്പു സംസാരിക്കുന്നു…..
മലപ്പുറം പൊന്നാനിയിലെ പാലപ്പെട്ടി എന്ന ചെറുഗ്രാമം. പൊന്നാനി സിനിമയ്ക്ക് വളക്കൂറുള്ള മണ്ണല്ല. എന്നാല്‍ മലയാള സാഹിത്യരംഗത്തെയും കലാരംഗത്തെയും ചരിത്രപട്ടികയില്‍ പൊന്നാനിക്കാര് ഏറെപേരുണ്ട്. എഴുത്തച്ഛന്, ഉറൂബ്, ഇടശ്ശേരി, എംടി തുടങ്ങിയവരുടെ പാദസ്പര്‍ശമേറ്റ പൊന്നാനിയില്‍നിന്ന് കവിതയും തിരക്കഥയുമെഴുതിയായിരുന്നു സലാംബാപ്പുവിന്റെ തുടക്കം.
സ്കൂള്‍ വിദ്യാഭ്യാസം പാലപ്പെട്ടി ഗവ.സ്കൂളില്‍. കുട്ടിക്കാലത്തേ സിനിമ തലയ്ക്കുപിടിച്ചിരുന്നു എന്നൊക്കെ പറഞ്ഞാല്‍ വെറുതെയാവും. സിനിമ ഇഷ്ടമായിരുന്നു. രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് സിനിമ കാണുന്ന പതിവും ഉണ്ടായിരുന്നു. പൊന്നാനി പാലപ്പെട്ടിയില്‍ പൂക്കില്‍ ബാപ്പുവിന്റെയും ഐഷുമ്മയുടെ മൂന്നുമക്കളില്‍ രണ്ടാമനായിരുന്നു ഞാന്‍. വീടിന് ഒന്നരകിലോമീറ്റര്‍ മാത്രം അകലെയാണ് പാലപ്പെട്ടി താജ് തിയേറ്റര്‍. ആഴ്ചയില്‍ രണ്ട് സിനിമയുണ്ടാവും. അക്കാലത്ത് പള്ളിയില്‍ മതപ്രഭാഷണങ്ങള്‍ നടക്കാറുണ്ട്. ഈ സമയത്താണ് സെക്കന്‍ഡ്ഷോയും. ചേട്ടന് സിറാജുദ്ദീനും കൂട്ടുകാര്‍ക്കുമൊത്ത് വാടകയ്ക്ക് സൈക്കിളുമെടുത്ത് മതപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോവുന്നുവെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങും. താജിനെ കൂടാതെ എരമംഗലത്തേയും പൊന്നാനിയിലേയും മാറഞ്ചേരിയിലെയും തിയേറ്ററുകള്‍ സുപരിചിതമായിരുന്നു. ഈ യാത്ര ഒരുദിവസം പൊളിഞ്ഞു. അന്ന് മതപ്രഭാഷണം നടത്തേണ്ട മുസലിയാര്‍ വന്നില്ല. വീട്ടിലെത്തിയപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നുണ്ടായിരുന്നു. അന്നത്തോടെ രാത്രികാല സിനിമായാത്രകള്‍ക്ക് കര്ട്ടന് വീണു.
പ്രീഡിഗ്രിക്കും ഡിഗ്രിക്കും പൊന്നാന്നി എംഇഎസ് കോളേജിലായിരുന്നു പഠനം. കോളേജില്‍ പഠിക്കുന്നകാലത്ത് ‘ഭൂമിയിലെ കളിപ്പാട്ടങ്ങള്‍’എന്നപേരില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. അന്ന് യൂണിയന് ഭാരവാഹിയായിരിക്കവെ സംവിധായകന് കമലിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത് സിനിമയിലേക്ക് ഒരു സ്പാര്‍ക്കായി. കമല്‍സാറിന്റെ ഭാര്യ കോളേജിലെ ലക്ചററായിരുന്നു. യൂണിയന് പരിപാടിക്കെത്തിയ കമല്‍സാറുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത് മനസ്സില്‍ സിനിമയുടെ ചിന്തയ്ക്ക് തിരികൊളുത്തി. വര്‍ഷങ്ങള്‍ക്കുശേഷം കമല്‍സാറിന്റെ ശിഷ്യന് ലാല്‍ജോസിന്റെ ശിഷ്യനായി തുടക്കം കുറിക്കാനായത് മറ്റൊരു യാദൃശ്ചികത.
സിനിമയിലേക്കുള്ള എന്‍ട്രി തിരുവനന്തപുരത്തേക്കുള്ള വരവാണ്. തിരുവനന്തപുരം ലാ അക്കാദമിയിലെ എല്‍എല്‍ബി പഠനകാലം. അന്ന് താമസിച്ചിരുന്നത് പാളയം മാര്‍ക്കറ്റിനുസമീപത്തെ ഹോസ്റ്റലിലും. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ചാനലിലെ പ്രൊഡ്യൂസറായ മുഷ്ഠാഖാണ് പ്രചോദനമായത്. മുഷ്ഠാഖിനുവേണ്ടി ‘നിത്യപ്രിയ’ എന്ന പരിപാടിയില്‍ മഴയെക്കുറിച്ച് ഒരു സ്ക്രിപ്റ്റ് എഴുതി. അതായിരുന്നു തുടക്കം. സലാം പാലപ്പെട്ടി എന്ന പേരിലായിരുന്നു അന്നത്തെ എഴുത്ത്. ഒരു ഓണക്കാലത്ത് ‘ചിങ്ങപ്പെണ്ണിന് കണ്ണെഴുതാനും’ എന്നൊരു പരിപാടി ഏഷ്യാനെറ്റും സുരേഷ്ഗോപിയും ചേര്‍ന്ന് ഒരുക്കിയിരുന്നു. ലാല്‍ജോസായിരുന്നു സംവിധായകന്. ലാല്‍ ജോസിന്റെ കസിന് ഷാജിവര്ഗ്ഗീസായിരുന്നു പ്രൊഡ്യൂസര്‍. ഷാജി വര്‍ഗീസ് വഴിയാണ് ലാല്‍ജോസിനെ പരിചയപ്പെടുന്നത്. ഓണത്തിരക്കായതിനാല്‍ ആ പരിപാടിയുടെ കോര്‍ഡിനേറ്ററും കാഷ്യറും ഞാനായി. ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കുള്ള യാത്രയില്‍ ലാല്‍ജോസുമായി ഒരു സൗഹൃദമുണ്ടായി. സാധാരണ കാഷ്യറായിരിക്കുന്നവര് വേണ്ടതെല്ലാം വെട്ടിക്കുറയ്ക്കുകയാണ് പതിവ്. എന്നാല്‍ ഞാന്‍ ഷൂട്ടിംഗിന് എന്താണാവശ്യമെന്നത് കണ്ടറിഞ്ഞ് ചെയ്തിരുന്നു. ഇത് പറഞ്ഞ് അഭിനന്ദിച്ചുകൊണ്ട് ഒരുദിവസം ലാല്‍ജോസ് ‘എന്റെ അടുത്ത ചിത്രത്തില്‍ സലാം കാഷ്യറാവുമെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു. എനിക്ക് കാഷ്യറാവാന് താല്‍പ്പര്യമില്ലെന്നായിരുന്നു മറുപടി. എന്താണ് കാലതാമസമെന്ന് ചോദിച്ചപ്പോള്‍ സ്ക്രിപ്റ്റ് റൈറ്ററാകാനാണ് ആഗ്രഹമെന്ന് പറഞ്ഞു. ഒരുകഥ പറയാന്‍ പറഞ്ഞു. മനസ്സിലുള്ള വണ്‍ലൈന്‍ പറഞ്ഞു. കഥയില്‍ സിനിമയ്ക്കുള്ള കാമ്പുണ്ട്. എന്നാല്‍ സലാം സിനിമയില്‍ വര്‍ക്ക് ചെയ്താല്‍ ഗുണമുണ്ടാകുമെന്ന് ലാല്‍ജോസ് പറഞ്ഞു. അസി.ഡയറക്ടറായി കൂടികൊള്ളാന്‍ പറഞ്ഞു. യേസ് പറഞ്ഞതോടെ മീശമാധവനില്‍ അസി.ഡയറക്ടറായി. ഇതിനിടെ തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസം പാസായി. മീശമാധവന്, പട്ടാളം, രസികന്‍ ആദ്യ മൂന്ന് സിനിമകളില്‍ അസിസ്റ്റന്റ്. ചാന്തുപൊട്ട് മുതല്‍ അയാളും ഞാനും തമ്മില്‍ വരെ അസോസിയേറ്റായി. 11 വര്‍ഷങ്ങള്‍ക്കുശേഷം റെഡ്വൈനിലൂടെ സ്വതന്ത്രസംവിധായകനായി.
സ്വതന്ത്ര സംവിധായകനാവാന്‍ 11വര്‍ഷം
ഒന്നോരണ്ടോ സിനിമയില്‍ പ്രവര്ത്തിച്ചയുടന് സംവിധായകവേഷമണിയുന്നവരുണ്ട്. അഞ്ച് വര്‍ഷം കഴിഞ്ഞശേഷമാണ് ഒരു സ്വന്തം സിനിമയെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. അന്ന് ലാല്‍സാര്‍ പറഞ്ഞ ഒരു വാക്കുണ്ട്. ‘തുടക്കം എപ്പോഴും നന്നാവണം’. പല കാരണങ്ങള്‍കൊണ്ടും നീണ്ടുപോയി. റൈഡ് വൈനിലൂടെ തുടക്കമിടാനായി. ആ കാത്തിരിപ്പ് ഫലം ചെയ്തിട്ടുണ്ടെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍നിന്നും മനസിലാവുന്നു.
മമ്മൂട്ടിയില്നിന്നും മോഹന്‍ലാലിലേക്ക്
മമ്മൂട്ടിയെ നായകനാക്കി ആദ്യചിത്രമൊരുക്കാനായിരുന്നു തീരുമാനം. കഥയും മറ്റും പൂര്‍ത്തിയായിരുന്നു. മുഹമ്മദ് ഹനീഫയായിരുന്നു പ്രൊഡ്യൂസര്‍. അഡ്വാന്‍സും നല്‍കിയിരുന്നു. ആ സമയത്താണ് ഡയമണ്ട് നെക്ലെയിസിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലുമായി നല്ലൊരു സൗഹൃദമുണ്ടായി. ആ സൗഹൃദമാണ് ‘റെഡ്വൈനി’ലേക്ക് നയിക്കുന്നത്. റെഡ് വൈനിലെ ആക്ടിവിസ്റ്റ് അനൂപിന്റെ കണ്ണുകളുടെ തിളക്കം ഞാന്‍ ഫഹദില്‍ കണ്ടിരുന്നു. ഒരുദിവസം കൊച്ചിയിലെ വെസ്റ്റ്ഫോര്‍ട്ട് ഹോട്ടലില്‍ സംസാരത്തിനിടെ കഥ പറഞ്ഞു. കഥ കേട്ടയുടന്‍ ഫഹദ് ചെയ്തത് നേരെ ലാല്‍ സാറിനെ വിളിക്കുകയായിരുന്നു. സലാമിക്ക ഒരു കഥ പറഞ്ഞു. ആ കഥ എനിക്ക് ചെയ്യണമെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ പ്രോജക്ട് കഴിഞ്ഞാല്‍ ഇത് ചെയ്യാമെന്ന് ഫഹദിനോട് ഉറപ്പു പറഞ്ഞു. ഈവര്‍ഷം തന്നെ ചെയ്തുകൂടേ എന്നായി ഫഹദ്. മമ്മൂക്കയോട് സംസാരിച്ചുനോക്കൂ എന്നും പറഞ്ഞു. മമ്മൂക്കയെ കണ്ട് കാര്യം അവസരിപ്പിച്ചു. ധൈര്യമായി മുന്നോട്ടുപോകാനായിരുന്നു ഉപദേശം. ഇതിനിടെ ആസിഫ് അലിയുമായി ധാരണയായി.
റെഡ് വൈന്‍ ഉരുത്തിരിഞ്ഞപ്പോള്‍ തന്നെ പല നിര്‍മാതാക്കളും സിനിമ ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. അസി.ഡയറക്ടറായിരിക്കെ തന്നെ പ്രൊജക്ട് വല്ലതുമുണ്ടെങ്കില്‍ നമുക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്ന നിര്‍മാതാവായിരുന്നു ഗിരീഷ്ലാല്‍. നല്ലൊരു പ്രൊജക്ട് വരുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കാതെ മുന്നോട്ടുപോവാന്‍ മനസനുവദിച്ചില്ല. ഗിരീഷ്ലാല്‍ റെഡിയായിരുന്നു. അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ രതീഷ് വാസുദേവനെ ആര് അവതരിപ്പിക്കുമെന്നതില് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒരു മുതിര്‍ന്ന നടന് വേണമെന്ന നിര്‍ദ്ദേശമായിരുന്നു എനിക്ക്. രക്തസാക്ഷികള്‍ സിന്ദാബാദും മാണിക്യക്കല്ലുമൊക്കെ നിര്‍മിച്ച ഗിരീഷ്ലാല്‍ സാറാണ് മോഹന്‍ലാലിനെ നിര്‍ദ്ദേശിക്കുന്നത്. ലാല്‍സാറുമായി എനിക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല. ഗിരീഷ്ലാലുമായാണ് ആദ്യം കാണാന്‍ പോകുന്നത്. ലോക്പാലിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു പരിചയപ്പെടല്‍. ഇപ്പോള്‍തന്നെ ഒരുപാട് പ്രോജക്ടുണ്ട്.
നിങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ചോദ്യം. ഒരാഴ്ചകഴിഞ്ഞ് വീണ്ടുംപോയി കണ്ടു. മൂന്നാമത്തെ തവണ “വീട്ടിലേക്ക് വരൂ, കഥയൊന്ന് കേട്ടു നോക്കട്ടെ” എന്നു പറഞ്ഞു. അന്ന് ഷൂട്ടിംഗ് ഉള്ളതിനാല്‍ വളരെ കുറച്ച് സമയമേ കിട്ടൂ എന്നും പറഞ്ഞു. എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ മഴ തിമിര്‍ത്ത് ചെയ്യുന്നുണ്ടായിരുന്നു. മഴ കാരണം ഷൂട്ടിംഗ് വൈകി. അതുമൂലം 5മണിക്കൂര്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനായി അത് വഴിത്തിരിവുമായി. ആ മണിക്കൂറുകള്‍ ലാല്‍സാല്‍ എന്നെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു. യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത് ഷേക്ക് ഹാന്‍ഡ് തന്നിട്ട് ‘നമ്മള് ഇതും ചെയ്യും’ എന്നു പറഞ്ഞു. മാര്‍ച്ചിലായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. നവംബര്‍ 1ന് വിളിച്ചിട്ട് നമുക്ക് ആ കഥ വൈകിപ്പിക്കേണ്ട, പെട്ടന്ന് ചെയ്യാം എന്ന് പറഞ്ഞു. നവംബര്‍ 29ന് ഷൂട്ടിംഗ് തുടങ്ങി. ലാല്‍സാര്‍ യോഗചെയ്യുന്ന ഒരു സീനായിരുന്നു ആദ്യ സിനിമയുടെ ആദ്യഷോട്ട്.
മോഹന്‍ലാലിന്റെ വ്യത്യസ്തമായ പോലീസ് വേഷം
ഒരു നടനുവേണ്ടി സൃഷ്ടിച്ച കഥാപാത്രമല്ല രതീഷ് വാസുദേവന്‍. ‘റെഡ് വൈനി’ലെ എല്ലാ കഥാപാത്രങ്ങളും ഇമേജുകളെ പൊളിച്ചെഴുതുന്നവയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ആക്ഷന്‍ രംഗങ്ങളും കയ്യടി നേടാനുള്ള ഗിമ്മിക്കുകളുമൊന്നും റെഡ് വൈനില്‍ ഇല്ല. ഒരു അന്വേഷണ ഉദ്യോഗസ്ഥന് കേസ് മുന്നോട്ടുകൊണ്ടുപോകുന്നത് തന്റെ ബുദ്ധികൊണ്ടാണ്. അതുമാത്രമാണ് രതീഷ് വാസുദേവന്‍ ചെയ്യുന്നത്. ഇത്തരമൊരു കഥാപാത്രം ലാല്‍സാറും ആഗ്രഹിച്ചിരുന്നു. സൂപ്പര്‍താരത്തിന്റെ മാനറിസങ്ങളില്ലാതെ രതീഷ് വാസുദേവനെ മനോഹരമാക്കാന്‍ മോഹന്‍ലാല്‍ എന്ന നടന് കഴിഞ്ഞിട്ടുണ്ട്.
ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയം
അനൂപ് എന്ന സഖാവ് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വക്താവാകുന്നില്ല. ഒരു നേതാവ് എങ്ങനെയായിരിക്കണം എന്ന സന്ദേശമാണ് അനൂപ് നല്‍കുന്നത്. 80കളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും അനൂപിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത വീടുകളിലെ ഏത് ആവശ്യങ്ങള്‍ക്കും ഓടിയെത്തുന്ന നാടിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍. ഇന്ന് കാലംമാറി ഫോണുകളിലൂടെ നിര്‍ദ്ദേശം നല്കുന്ന ഒരു കല്യാണസദ്യയ്ക്കോ, മരണാനന്തര ചടങ്ങിനോ വന്നുപോകുന്നവര്‍ മാത്രമായി നേതാക്കന്മാര് മാറി. ഇപ്പോഴത്തെ രാഷ്ട്രീയത്തിന്റെ മോശവശങ്ങള്‍ ചിത്രം ചൂണ്ടികാട്ടുന്നുണ്ട്.
അവസാനഭാഗം മാറ്റേണ്ടിവന്ന അവസ്ഥ
സിനിമ ഇറങ്ങിയപ്പോഴുള്ള അവസാനഭാഗമല്ല ഇപ്പോഴുള്ളത്. മാറ്റം വരുത്തേണ്ടിവന്നു. ഒരു പുതുമുഖ സംവിധായകന്റെ ആഗ്രഹത്തിനുമേലുള്ള ആണിയടിയായിരുന്നു അത്. പക്ഷേ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരു സിനിമ സംവിധായകന്റെ മാത്രമല്ല, അതിന്റെ വാണിജ്യവിജയം നിര്‍ണായഘടകം തന്നെയാണ്. അനൂപിന്റെയും രമേശന്റെയും ജീവിതത്തിലേക്ക് ഇറങ്ങിചെല്ലുന്ന രതീഷ് വാസുദേവന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന് വേട്ടക്കാരനും ഒരു ഇരയാണെന്ന് മനസിലാക്കുന്നു. ഏറ്റവും ഒടുവില്‍ രതീഷിന്റെ ഉപബോധമനസില്‍ അനൂപും രമേശും ഒരുമിച്ചെത്തി പറയുന്ന “മരണത്തിനപ്പുറം ശത്രുവുമില്ല, മിത്രവുമല്ല എല്ലാം ഒരുപോലെയല്ലേ” എന്ന വാക്കുകളിലൂടെയാണ് സിനിമ അവസാനിച്ചിരുന്നത്. ഉത്സവ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് രസിച്ചില്ല. ബോധപൂര്‍വ്വം ഇതിനെതിരെ പ്രചരണമുയര്‍ത്തി. ഒടുവില്‍ ആ രംഗം മാറ്റേണ്ടിവന്നു.
ന്യൂ ജനറേഷന് സിനിമകള്‍
ന്യൂ ജനറേഷന് ട്രെന്‍ഡ് എന്നൊന്നില്ല. കാലഘട്ടത്തിനനുസരിച്ച് സിനിമയില്‍ മാറ്റങ്ങളുണ്ടാകും. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടമാണിത്. ഒരുപാട് സിനിമകളുണ്ടാകുന്നു. സാറ്റലൈറ്റ് റൈറ്റും നിര്‍മാണചെലവില്‍ വന്ന കുറവുമെല്ലാം സിനിമയെ മുന്നോട്ടുനയിക്കുന്നുണ്ട്. ന്യൂജനറേഷന്റെ പേരില്‍ അശ്ശീലസീനുകളും സംഭാഷണങ്ങളും കുത്തിനിറച്ച് സിനിമയെടുക്കുന്നവരുടെ കൂടെ നില്ക്കാന് ഞാനില്ല. എന്റെ ഏഴുവയസ്സുകാരി മകള്‍ തിയേറ്ററിലിരിക്കുമ്പോള്‍ എന്തുകൊണ്ട് സിനിമയില്‍ ഇടയ്ക്ക് ബീപ് ശബ്ദമുണ്ടാകുന്നു എന്നും അപ്പോള്‍ പറഞ്ഞതെന്ത് എന്നും ചോദിക്കാനിടവരരുത്. കുട്ടികളുടെ കണ്ണോ ചെവിയോ പൊത്തി കാണിക്കേണ്ട സിനിമകള്‍ എടുക്കാന്‍ ഞാനില്ല.
ലാല്‍ജോസ് എന്ന ഗുരുനാഥന്
ലാല്‍ജോസടക്കം 10-11 പേരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാല്‍സാറിന്റെ മനസറിയുന്ന അസോസിയേറ്റാവാന്‍ കഴിഞ്ഞുവെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. ഓരോ സിനിമയും തന്റെ ആദ്യസിനിമയെന്നപോലെ കരുതലോടെ പ്രവര്‍ത്തിക്കുന്ന സംവിധായകനാണ് അദ്ദേഹം. സിനിമയിലെ വളരെ ചെറിയ കാര്യങ്ങളില്‍പോലും അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കും. ഓരോ സിനിമയെയും ഗൗരവത്തോടെ കാണുന്ന, പൂര്‍ണതയ്ക്കുവേണ്ടിയുള്ള ആ സമര്‍പ്പണബോധം എടുത്തുപറയേണ്ടതാണ്.
സലാം പാലപ്പെട്ടി സലാംബാപ്പുവാകുന്നത്
പാലപ്പെട്ടി എന്നപേര് ഒഴിവാക്കി പുതിയ സിനിമയില്‍ സലാം എന്ന് മാറ്റണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സംവിധായകന് രഞ്ജിത്തിനെ കാണുന്നത്. സംവൃതാ സുനിലിന്റെ വിവാഹവേളയില്‍ പാലപ്പെട്ടീ എന്നു വിളിച്ചുകൊണ്ടാണ് അദ്ദേഹമെത്തിയത്. ഒപ്പമുണ്ടായിരുന്ന രഞ്ജന്‍ എബ്രഹാം ഇനി പാലപ്പെട്ടി എന്നപേര് അധികകാലമുണ്ടാവില്ല എന്നു പറഞ്ഞു. അത് നന്നായി എന്ന് രഞ്ജിത്തും പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ സ്ഥലപേര് ചേര്‍ക്കുന്നവര്‍ കുറവാണ്. സലാം എന്നു മതിയെന്നാണ് ഉദ്ദേശിക്കുന്നതെന്ന് രഞ്ജിത്തിനോട് പറഞ്ഞു. ആ പേര് വളരെ ചെറുതായിപോയി, കൂടെ എന്തെങ്കിലും ചേര്‍ക്കണമെന്നായി രഞ്ജിത്. ബാപ്പയുടെ പേര് ചോദിച്ചു ബാപ്പു എന്ന് പറഞ്ഞു. സലാംബാപ്പു രണ്ട് മൂന്ന് തവണ പലതരത്തില്‍ രഞ്ജിത്ത് ആ പേര് വിളിച്ചു. കൊള്ളാം ഇത് മതിയെന്നും പറഞ്ഞു. ഇറങ്ങാന്‍ നേരം സലാംബാപ്പു എന്നു വിളിച്ചാണ് അദ്ദേഹം മടങ്ങിയത്. അതോടെ സലാം പാലപ്പെട്ടി സലാം ബാപ്പുവായി.
കുടുംബം
ഭാര്യ എമീന, എറണാകുളം ഗ്രിഗോറിയസ് പബ്ലിക് സ്കൂളിലെ സംഗീത അധ്യാപികയാണ്. മക്കള്‍: അഥീന, ഐഷ്ണ.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: