നിറങ്ങളുടെ യാത്രയാണ് ചലച്ചിത്രം. അത് വെള്ളിത്തിരയില്‍ ഒരു കാഴ്ച്ചക്കാരന്റെ മനസിലൂടെ കടന്നുപോകുമ്പോള്‍ ആണ് ആ ചലച്ചിത്രം അതിന്റെ മാനങ്ങള്‍ കടന്ന് പുതിയവഴികള്‍ തേടുന്നത്. ഈ വഴികളിലാണ് പിന്നീട് സിനിമയുടെ സ്ഥാനം നിര്‍ണയിക്കുന്നത്. ഇവിടെ ആണ് സിനിമ സംവിധായകന്റെ കലയായി തീരുന്നതും. ഇത്തരത്തില്‍ പുതിയ മാനങ്ങള്‍ തേടി പോവുകയാണ് ശ്യാമപ്രസാദ് നമുക്ക് നല്കിയ ‘ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രം.
ഒരു ചലച്ചിത്രകാരന് എന്ന നിലയില്‍ ശ്യാമപ്രസാദ് പരാജയമായി മാറുന്നു എന്ന് വിലയിരുത്തേണ്ടിവരുന്ന ചില ചിത്രങ്ങളാണ് ശ്യാം മലയാളികള്‍ക്ക് അടുത്തിടെ നല്‍കിയത്. ഋതു, അരികെ, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളില്‍, ചലച്ചിത്ര സംവിധായകന് എന്ന നിലയില്‍ ഒരു ശരാശരി സിനിമാസ്വാദകന്റെ മുന്നില്‍ കനത്ത പരാജയമായിരുന്നു അദ്ദേഹം. ശ്യാമിന്റെ ചലച്ചിത്ര യാത്രകള്‍ അവസാനിച്ചു എന്ന് വിലയിരുത്തേണ്ട സിനിമകള്‍ ആയിരുന്നു ഇവ. ഋതു, ഇലക്ട്ര എന്നീ ചിത്രങ്ങളില്‍ തുടങ്ങിയ കൈയടക്കമില്ലായ്മ തുടര്‍ന്നുള്ള സിനിമകളിലും ശ്യാം പ്രകടിപ്പിച്ചു എന്നുവേണം കരുതാന്‍. എന്നാല്‍ തന്റെ നിറങ്ങള്‍ പ്രകാശത്തില്‍ ചാലിച്ചു ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താനുള്ള കരുത്ത് ഇനിയും ഉണ്ടെന്ന് തെളിയിച്ചു അദ്ദേഹം ആര്‍ട്ടിസ്റ്റ് എന്ന പുതിയ ചിത്രത്തിലൂടെ.
ശ്യാമപ്രസാദ് ഒരു മികച്ച ചലച്ചിത്രകാരനല്ല, എങ്കിലും അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ പുതിയ ചിത്രം ആ സ്ഥാനം അദ്ദേഹത്തിന് ഒന്നുകൂടി ഉറപ്പിച്ച് നല്കുന്നു. കഥപറച്ചിലാണ് തന്റെ വഴിയെന്ന് കരുതുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. ആദ്യ സിനിമ മുതല്‍ അദ്ദേഹം സ്വീകരിക്കുന്ന വഴിയും അതാണ്. സങ്കീര്‍ണമായ മനുഷ്യ മനസുകളുടെ യാത്രയാണ് ശ്യാം എപ്പോഴും കഥപറച്ചിലിന് സ്വീകരിക്കുന്നത്. അതിഭാവുകത്വം കലരാതെ അത് പറയാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്.
അസ്വസ്ഥമായ, പരാജയ ഭീതിയില്‍പെട്ട പുരുഷ മനസുകളുടെ തേടലുകളും തിരിച്ചറിവുകളുമാണ് ശ്യാമിന്റെ എല്ലാ സിനിമകളും. ജീവിതം ആഘോഷിച്ച കഥകളില്‍ പുരുഷന് നേരിടുന്ന അശാന്തമായ അസ്വസ്ഥതകള്‍ക്കുള്ള കാരണം കണ്ടെത്തുകയാണ് ശ്യാമിന്റെ എല്ലാ നായകന്മാരും. ഈ ചിത്രത്തിലും ആ പതിവ് തെറ്റിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. നിലനില്‍പ്പിന്റെയും, വഞ്ചനയുടെയും, തിരിച്ചറിയലിന്റെയും, ഇടയിലൂടെ, പരിണാമ വിധേയനാകുന്ന പുരുഷന്റെ തേടലുകള്‍ അദ്ദേഹത്തിന്റെ നായകന്മാര് പകര്‍ന്ന് തരുന്നു. അകലെയിലെ നീല്‍ ആയാലും, ഒരേ കടലിലെ ഡോ. നാഥന് ആയാലും, വ്യത്യസ്ത സന്ദര്‍ഭങ്ങളിലൂടെ ഒരേ വഴി തേടുന്നവര്‍ ആണ്. ഒരു വിവാഹേതര ബന്ധത്തില്‍ അകപ്പെട്ട തന്റെ അസ്തിത്വത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന ഒരേ കടലിലെ ഡോ. നാഥന്, ജീവിതം കൊണ്ടെത്തിച്ച പരാജയത്തില്‍നിന്ന് തന്നെ തിരയുന്ന അകലെയിലെ നീല്‍, ഇപ്പോള്‍ ഇരുളില്‍ നിറങ്ങള്‍ എല്ലാം ഒന്നായി തീര്‍ന്നു ജീവിതത്തിന്റെ പാത തിരയുന്ന മൈക്കിള്‍. ഇവരെല്ലാം അശാന്തനായ പുരുഷന്റെ നഷ്ടത്തിന്റെ വേദന പകരുന്നു.
‘ആര്‍ട്ടിസ്റ്റ്’ ഒരു നല്ല ചലച്ചിത്രമായി മാറുന്നത് അതിന്റെ വര്‍ത്തമാനകാല പ്രസക്തിയാണ്. ഒരു ചിത്രകാരന്റെ നിറങ്ങളിലൂടെ കൂട്ടിചേര്‍ക്കപ്പെട്ട ജീവിത തിരച്ചിലാണ് ഈ സിനിമ. മൈക്കിള്‍ എന്ന നിറങ്ങളുടെയും വരകളുടേയും ഇടയില്‍ ജീവിതം തിരയുന്ന ചെറുപ്പക്കാരന്റെയും, ഗായത്രി എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ഈ സിനിമ. ചായങ്ങളുടെ തിരയിളക്കങ്ങളില്‍നിന്ന് ഇരുട്ടിന്റെ കാല്‍വരിയിലേയ്ക്ക് എത്തിപ്പെടുന്ന മൈക്കിള്‍ നേരിടുന്ന അസ്തിത്വ അന്വേഷണമാണ് ഈ സിനിമ. മൈക്കിളിനോടൊപ്പം നിറങ്ങളുടെ ലോകത്തേക്ക് ഇറങ്ങിത്തിരിച്ച ഗായത്രിയെ കാത്തിരുന്ന ഇരുണ്ട വഴികള്‍ ഒരു ക്യാന്‍വാസില്‍ വരയ്ക്കാന്‍ കഴിയാതെ വരുന്നു ഈ സിനിമയ്ക്ക്. അതാണ് ഈ ചലച്ചിത്രത്തിന്റെ വിജയവും.
പ്രത്യയശാസ്ത്രപരമായി സിനിമയുടെ നിലപാടുകള്‍ മികച്ച് നിന്നാലും അതിന്റെ മേക്കിങ്ങില്‍ ഇടര്‍ച്ച വന്നാല്‍ സിനിമ പരാജയപെടും. എന്നാല്‍ ‘ആര്‍ട്ടിസ്റ്റ്’ നിര്‍മിതിയില്‍ മികവ് പുലര്‍ത്തുന്നതായി നമുക്ക് കാണാം.
പ്രകാശത്തിന്റെയും നിറത്തിന്റേയും ഇണചേരലുകള് സിനിമയുടെ ആദ്യ പകുതിയില്‍ പുതിയ അനുഭവം പ്രദാനം ചെയ്യുന്നു. നായകനായ ചിത്രകാരന്റെ കണ്ണിലെ പ്രകാശം കെട്ടുപോകുമ്പോള്‍ സിനിമ നമ്മെ നരച്ച ലോകത്തേയ്ക്ക് ആനയിക്കുകയും ചെയ്യും. ഒരു ചിത്രകാരന്റെ മാനസിക വ്യഥകള്‍ അന്തസങ്കര്ഷങ്ങള്, അവന്റെ കാഴ്ചപ്പാടുകള്‍, നിലനില്പിന്റെ വേദനകള്‍, പ്രതിഷേധങ്ങള്‍ അനുഭവിപ്പിക്കുന്നു സംവിധായകനും നായകന് ഫഹദ് ഫാസിലും. മൈക്കിളും ഗായത്രിയും തമ്മിലുള്ള ദൂരം തിട്ടപ്പെടുത്താന്‍ പ്രണയവും ജീവിതത്തിന്റെ വേഗവും അതിലൂടെ ഉള്ള വിശ്വാസനഷ്ടവും നമുക്ക് അതീവ സുന്ദരമായി കാട്ടിത്തരുന്നു ഈ സിനിമ.
2010-ല്‍ പുറത്തിറങ്ങിയ പരിതോഷ് ഉത്തമിന്റെ ‘ഡ്രീംസ് ഇന്‍ പ്രഷ്യന്‍ ബ്ലൂ’ എന്ന നോവലിന്റെ ചലച്ചിത്രരൂപമാണ് ആര്‍ട്ടിസ്റ്റ് . ബോംബെ നഗരത്തില്‍ ജീവിക്കുന്ന, പ്രണയത്തിന്റെ തീക്ഷ്ണതയില്പെട്ട ചിത്രകാരന്മാരായ രണ്ടുപേരുടെ യാത്രയാണ് ഈ നോവല്‍. നോവലിനെ വെല്ലുന്ന തരത്തില്‍ അതിന് ചലച്ചിത്രഭാഷ രചിക്കാനും, റിയലിസ്റ്റിക്കായി അവതരിപ്പിക്കാനും ശ്യാമപ്രദാസിന് സാധിച്ചു. തിരക്കഥയിലുള്ള നിയന്ത്രണം ഈ മീഡിയത്തില്‍ സംവിധായകനുള്ള അറിവ് നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഫഹദ് ഫാസിലിന്റെയും, ആന്‍ അഗസ്റ്റിന്റെയും ഉജ്ജ്വല പ്രകടനം ആര്‍ട്ടിസ്റ്റിന്റെ മികവാണ്. കഥാപാത്രത്തെ അഭിനയംകൊണ്ട് ഭേദിക്കുകയാണ് ഇരുവരും. ബിജി പാലിന്റെ സംഗീതം, വര്‍ണ്ണങ്ങള്‍ വിതറിയ ഒരു ചിത്രം പോലെ ഈ സിനിമയ്ക്ക് കരുത്തു നല്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്.
(മൊബെയില്‍: 9946794699)
എല്‍.ആര്. ഷാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: