മുംബൈ പോലീസില്‍ ഒരു പാട്ടുസീന്‍ പോലുമില്ല, അതിനുള്ള സാധ്യത ഒരുപാടുണ്ടായിരുന്നിട്ടും. പതിവ് ശൈലിയും ദ്വയാര്‍ത്ഥ സംഭാഷണങ്ങളുമായി ഒരു ഹാസ്യകഥാപാത്രവും ഈ ചിത്രത്തിലില്ല. പ്രണയാതുരരായ നായികാനായകരുടെ സമാഗമ-വിയോഗങ്ങളില്ല. എന്നിട്ടും ചിത്രം തുടങ്ങി അവസാനിക്കും വരെ ആരും മുഷിയുന്നില്ല. ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ‘ക്ലൂ’ ഇല്ലാത്ത ക്ലൈമാക്സിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. റോഷന് ആന്‍ഡ്രൂസിന് അഭിമാനിക്കാം, ബിഗ് ബജറ്റ് ചിത്രങ്ങളുടെ പതിവുകാഴ്ചകള്‍ ഒഴിവാക്കി തീര്‍ത്തും ലളിതമായി വ്യത്യസ്തമായ ഒരു തീം അവതരിപ്പിച്ചതിന്.
പൃഥ്വിരാജിന്റെ ആരാധകര്‍ക്കും സന്തോഷിക്കാം, ഒട്ടും നിരാശപ്പെടുത്തുന്നില്ല ഈ നടന്. റാസ്ക്കല്‍ മോസസ് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ആന്റണി മോസസ് എന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണറായാണ് പൃഥ്വിരാജ് അഭിനയിച്ച് തകര്‍ത്തത്. ആന്‍ണി മോസസിനൊപ്പം കമ്മീഷണര്‍ ഫര്ഹാന്, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്യന് ജോണ്‍. മുമ്പ് മുംബൈയിലുണ്ടായിരുന്ന മൂവര്‍ സംഘത്തിന് മാധ്യമങ്ങള്‍ നല്കുന്ന പേരാണ് മുംബൈ പോലീസ്. ആന്റണി മോസസിനെയും ഫര്‍ഹാനെയും ഞെട്ടിപ്പിച്ച് തീര്‍ത്തും അപ്രതീക്ഷിതമായി ആര്യന് ജോണ്‍ കൊല്ലപ്പെടുന്നു. ആരാണ് ആര്യന് ജോണിന്റെ കൊലപാതകി. കേസ് അന്വേഷിച്ച ഉറ്റസുഹൃത്ത് ആന്റണി മോസസ് കുറ്റവാളിയുടെ പേര് പറയാന്‍ തുടങ്ങുന്നിടത്ത് നിന്ന് ചിത്രം ആരംഭിക്കുകയും പറഞ്ഞവസാനിപ്പിക്കുന്നിടത്ത് മുംബൈ പോലീസ് അവസാനിക്കുകയും ചെയ്യുന്നു.
സസ്പെന്‍സ് ത്രില്ലറുകളുടെ കണ്ടുപഴകിയ ഓര്‍മ്മയില്‍ ആര്യന് ജോണിന്റെ കൊലപാതകിയായി പലരേയും സംശയിക്കാം. എന്നാല്‍ അങ്ങനെയാകാന്‍ തരമില്ലല്ലോ.. മറ്റാരോ..അതാരാണെന്ന് അറിയുമ്പോള്‍, അറിഞ്ഞ രീതി കാണുമ്പോള്‍ സമ്മതിക്കണം, മുംബൈ പോലീസ് വ്യത്യസ്തമായ ഒരു ചിത്രം തന്നെയെന്ന്.
പക്ഷേ തുടക്കത്തിലെ ചടുലത ചിത്രത്തിന്റെ ക്ലൈമാക്സില്‍ പ്രകടമല്ല. കേസ് അന്വേഷിച്ച ആന്റണി മോസസ് പ്രതിയുടെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന് കൊലയാളിയെ പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നുണ്ട്. അതുകൊണ്ടാവും ക്ലൈമാക്സില്‍ ചിത്രത്തിന് ഒട്ടും ജീവനില്ലാതെ പോകുന്നത്. എങ്കിലും കൂക്കലും വിസിലടിയുമില്ലാതെയാണ് ശരാശരി പ്രേക്ഷകന് തീയേറ്റര്‍ വിടുന്നത്.
പേര് സൂചിപ്പിക്കുന്നതു പോലെ കള്ളനും പോലീസും കൊള്ളക്കാരും ഒന്നും ചിത്രത്തിലില്ല. പോലീസ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ ചിത്രം പക്ഷേ പോലീസ് സേനയുടെ കഥയുമല്ല പറയുന്നത്. നിറഞ്ഞ സൗഹൃദം, ഇതിനൊപ്പം മൂല്യങ്ങളുടെയും ശീലങ്ങളുടെയും ചില ഓര്‍മ്മപ്പെടുത്തലുകള്‍. ഇതിനായി നെടുങ്കന്‍ ഡയലോഗുകളില്ല, സീനുകളില്ല, ഒരു വാക്ക്, ചോദ്യം, ഹൃദയം തകര്‍ന്ന ഒരു കരച്ചില്..
പ്രണയരംഗങ്ങളും പാട്ടുസീനുകളും ഒഴിവാക്കേണ്ട ഒരാവശ്യവും ഈ ചിത്രത്തിനുണ്ടായിരുന്നില്ല. പക്ഷേ അതില്ലാത്തതിന്റെ കുറവുമില്ല. കുറ്റവാളിയുടെ പേര് പറയാന്‍ തുടങ്ങിയ മോസസില്‍ നിന്ന് സ്വന്തം പേരു പോലും ഓര്‍മ്മയില്ലാത്ത ഭൂതകാലം നഷ്ടമായ മോസസാണ് തിരികെയെത്തുന്നത്. ഫര്‍ഹാന്റെ നിര്‍ബന്ധത്തിന് വഴങ്ങി മോസസ് വീണ്ടും അന്വേഷണം തുടങ്ങുന്നു. എങ്കിലും ചില പൊരുത്തക്കേടുകള്‍ ചിത്രത്തില്‍ എവിടെയൊക്കെയോ അവശേഷിക്കുന്നുണ്ട്. ആര്യന്ജോണിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം, അതത്ര ഗൗരവകരമായ ഒന്നായിരുന്നോ.. സ്വയമറിയാത്ത ഒരാള്‍ ഒരു തുമ്പുമില്ലാത്ത കേസിലെ പ്രതിയെ എങ്ങനെ കണ്ടുപിടിക്കുമെന്ന ആശങ്ക. റാസ്ക്കല്‍ മോസസ് എന്ന പേരുണ്ടെങ്കിലും അത്ര മന:സാക്ഷിയില്ലാത്ത ഒരാളാണ് ആന്റണി മോസസ് എന്ന തോന്നല്‍ അധികം ഉണ്ടാകുന്നില്ല.
രണ്ട് മോസസുമാരെയും ഒരേ തീവ്രതയോടെ പൃഥ്വിരാജ് ഉള്‍ക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ മോസസ് ആരാണെന്നും എന്താണെന്നും വിവിധ സന്ദര്‍ഭങ്ങളിലൂടെയാണ് രണ്ടാമന് മോസസ് മനസ്സിലാക്കുന്നത്. ഈ രംഗങ്ങള്‍ പൃഥ്വിരാജ് മികവുറ്റതാക്കി. പ്രത്യേകിച്ചും ‘ഗേ’ ആയ മോസസിനെ തിരിച്ചറിയുന്ന സീന്‍.. പൃഥ്വിരാജിനൊപ്പം തുല്യ പ്രാധാന്യത്തോടെ റഹ്മാനും ജയസൂര്യയും ചിത്രത്തിലുണ്ട്. അഭിനയത്തികവില്‍ ആരും മോശമായിട്ടില്ല. ‘ഞാനൊരു നല്ല പോലീസുകാരനല്ല’ എന്നു തുടങ്ങുന്ന ആര്യന് ജോണിന്റെ പ്രസംഗം ചിത്രത്തില്‍ പലപ്പോഴും ആവര്‍ത്തിക്കുന്നു. പക്ഷേ അതാരെയും മുഷിപ്പിക്കുന്നതായി
തോന്നുന്നില്ല. ധാര്‍മ്മികച്യുതി നേരിടുന്ന പോലീസിന് നല്കുന്ന ലളിതമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ഇതിനെ വായിച്ചെടുക്കാം. റാസ്ക്കല്‍ മോസസിന്റെ ക്രൗര്യത്തിന് മുന്നില്‍ നിശബ്ദരായവര്‍ പക്ഷേ അപകടം കഴിഞ്ഞിറങ്ങിയ മോസസിനെ ഭയക്കുന്നില്ല. അയാളുടെ വീഴ്ച്ചകളില്‍ സന്തോഷിക്കുകയും ഒറ്റപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍.
തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷത്തിലാണ് റിയാസ് ഖാന് മുംബൈ പോലീസില്‍ എത്തുന്നത്. ശരീര ഭാഷ കൊണ്ടുതന്നെ റിയാസതിനെ പൂര്‍ണതയിലെത്തിച്ചു. പോലീസിന്റെ ധാര്‍മ്മികമൂല്യം ഓര്‍മ്മിപ്പിക്കാന്‍ ഒരു കഥാപാത്രം- ശേഖരന്‍പിള്ള. ഒരിടവേളക്ക് ശേഷമെത്തിയ കുഞ്ചന്‍, ശേഖരന് പിള്ളയെ അവിസ്മരണീയമാക്കി. ആര്യന് ജോണിന്റെ കാമുകി റബേക്കയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. റബേക്കയായെത്തിയ ഹിമ ഡേവിസിനെ വിലയിരുത്താന്‍ ഈ ചിത്രം പോരാ. മോസസിന്റെ അന്വേഷണസംഘത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയാണ് അപര്‍ണ്ണാനായര്‍. എവിടെയൊക്കെയോ ഒരു ഏച്ചുകെട്ടല്‍. കുറച്ചു കൂടി നന്നാക്കാമായിരുന്നു അപര്ണയ്ക്ക്.
ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയാണ് മുംബൈ പോലീസിന്റെ ശക്തി. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപീ സുന്ദറും. ആര്.ദിവാകറുടെ ക്യാമറയും ചിത്രത്തിന്റെ വിജയത്തിന് സഹായകമായി. മസ്റ്റ് വാച്ചബിള്‍ മൂവി എന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും നിലവാരമുള്ള ചിത്രമാണ് മുംബൈ പോലീസ്. മുടക്കിയ കാശ് വെറുതെയായില്ല എന്ന് പ്രേക്ഷകനെ ആശ്വസിപ്പിക്കുന്ന ഒരു ചിത്രം.
രതി .എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: